ചാറ്റിംഗ്
മരങ്ങൾക്കിടയിലൂടെ
കടന്നുവരുന്ന
പ്രകാശരശ്മിപോലെ,
ഒരു മഞ്ഞുകാല പ്രഭാതത്തിന്‍റെ
അലസസൌന്ദര്യം പോലെ,
നീ വന്നു.
**
അകലെ എവിടെയോ ഇരുന്ന്
നീ എനിക്കു നേര്‍ക്ക്
സൗഹൃദത്തിന്‍റെ
സ്വര്‍ണ്ണവല വീശുന്നു.
വിഹ്വലനായ ഞാന്‍
അതില്‍ കുടുങ്ങുന്നു.
**
ഉച്ചക്ക് രണ്ടു മണിക്ക്
നമ്മള്‍ ചാറ്റിംഗ് തുടങ്ങി.
പുലരുവോളം അത് നീണ്ടു.
പിന്നെ പുലര്‍ച്ചയ്‌ക്ക് നാം
വീണ്ടും ചാറ്റിംഗ് തുടങ്ങി.
അതങ്ങനെ നീളുന്നു.
**
ഇതിനിടയില്‍ നമ്മുടെ സ്നേഹം
പല വഴികള്‍ താണ്ടി.
കാടുകള്‍
പുഴകള്‍
സമുദ്രങ്ങള്‍
പര്‍വ്വതങ്ങള്‍
നഗരങ്ങള്‍
ഗ്രാമങ്ങള്‍......
**
നമ്മള്‍ അച്ഛനും മകളുമായി.
സഹോദരനും സഹോദരിയുമായി.
കൂട്ടുകാരായി.
അധ്യാപകനും വിദ്യാര്‍ഥിയുമായി.
പ്രണയികളായി.
കമിതാക്കളായി.
**
സര്‍പ്പങ്ങളായി.
മരങ്ങളായി.
പക്ഷികളായി.
കാറ്റായി.
വെളിച്ചമായി.
മഴയായി.
പുഴയായി.
കൊള്ളിയാനായി.
വെയിലായി.
തണലായി.
**
സ്നേഹത്തിന്‍റെ ഉച്ഛ്വാസവായു
കൂടിക്കലര്‍ന്നു.
പ്രണയം കമ്പിതമായി.
കമ്പ്യൂട്ടര്‍ സ്ക്രീന്‍
ഒരു നിമിഷം നിശ്ചലമായി.
കമ്പ്യൂട്ടറില്‍ നിന്ന് ഒരു ചെറു ശലഭം
ആകാശത്തിലേക്ക് പറന്നുയര്‍ന്നു .
കാലദേശങ്ങളെ അത് മറികടന്നു.
**
നമ്മള്‍ ചാറ്റിങ് തുടരുന്നു.
കാലം നമുക്കൊപ്പമുണ്ട്.
ഋതുക്കളും നക്ഷത്രങ്ങളും
കാവലുണ്ട്.
എത്ര സുതാര്യം ഈ യാത്ര.
നമ്മള്‍ പളുങ്കുപൂവുകള്‍.
********
Comments