ഇപ്പോൾ



മരങ്ങളെ ഞാന്‍ സ്നേഹിച്ചിരുന്നു 
മഞ്ഞിനേയും..
കാടിനെ ഞാന്‍ സ്നേഹിച്ചിരുന്നു
പുഴകളെയും.
- അവള്‍ പറഞ്ഞു.

ഇപ്പോഴോ?
- ഞാന്‍ ചോദിച്ചു.

ദൈവത്തെ ഞാന്‍ സ്നേഹിച്ചിരുന്നു
മനുഷ്യരെയും.
മഴയെ ഞാന്‍ സ്നേഹിച്ചിരുന്നു
വെളിച്ചത്തെയും.
- അവള്‍ പറഞ്ഞു. 

ഇപ്പോഴോ?

കുട്ടികളെ ഞാന്‍ സ്നേഹിച്ചിരുന്നു
വൃദ്ധരേയും.
മരണത്തെ ഞാന്‍ സ്നേഹിച്ചിരുന്നു
ജീവിതത്തെയും.
ഭൂമിയെ ഞാന്‍ സ്നേഹിച്ചിരുന്നു
നക്ഷത്രങ്ങളെയും.
പോയകാലത്തെ ഞാന്‍ സ്നേഹിച്ചിരുന്നു
വരും കാലങ്ങളെയും.

ഇപ്പോഴോ?

ഇപ്പോള്‍ ചുറ്റും ഒന്നുമില്ലല്ലോ.
മരുഭൂമിയിലെ അഗ്നിയെ
സ്നേഹിക്കുന്നതെങ്ങനെ?
നിലാവും നിദ്രയുമില്ലാത്ത രാത്രിയെ
സ്നേഹിക്കുന്നതെങ്ങനെ?
അവള്‍ ചോദിച്ചു.
അവള്‍ ചോദിച്ചുകൊണ്ടിരുന്നു.
മെല്ലെ മെല്ലെ അവള്‍ അലിഞ്ഞുതീര്‍ന്നു
ഞാനും.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ