കറുത്ത റോസാപ്പൂവ്


കറുത്തനിറമുള്ള ഒരു റോസാപ്പൂവ്

ഉദ്യാനത്തില്‍ വിടര്‍ന്നു .


എന്‍റെ  ഉദ്യാനത്തില്‍

ആദ്യമായി വിരിഞ്ഞ റോസാപ്പൂവ്.

ഇതിനുമുന്‍പ് ഞാന്‍ നട്ട റോസാച്ചെടികളൊക്കെ

പൂക്കുന്നതിനു മുന്‍പ് കരിഞ്ഞുപോയി.

കടുത്ത ചുകപ്പുനിറമുള്ള പൂക്കള്‍

നിറയെ വിരിഞ്ഞുനില്‍ക്കുന്ന

ഒരു ചെടിയുടെ കമ്പുമുറിച്ച്

ഏറെ കരുതലോടെ നട്ട ചെടിയാണിത്.

സമയത്ത് വെള്ളവും വളവും നല്കി

പരിപാലിച്ചത് ഞാന്‍ തന്നെ.

കീടങ്ങളില്‍ നിന്ന് 

ചെടിയെ സൂക്ഷ്മതയോടെ കാത്തു.

ഓരോ ഇലയും വിരിയുന്നത് 

സ്നേഹത്തോടെ കണ്ടുനിന്നു.

ഒടുവില്‍ മൊട്ടുണ്ടായപ്പോള്‍

ഏറെ സന്തോഷിച്ചു.


കാത്തിരിപ്പിന്‍റെ  അവസാനം

ആ പൂവ് വിരിഞ്ഞു.

കറുത്ത റോസാപ്പൂവ്.

ശലഭങ്ങള്‍ തിരിഞ്ഞുനോക്കിയില്ല.

കരിവണ്ടുകള്‍ മൂളിപ്പറന്നില്ല

ചിലര്‍ കൌതുകക്കണ്ണുകളോടെ

പൂവിനെ നോക്കി.

ചിലര്‍ വെറുതെ ചിരിച്ചു.


ജാലകത്തിലൂടെ ഞാന്‍ പൂവിനെ

നോക്കിനില്‍ക്കുന്നു.

ആര്‍ദ്രതയോടെ തഴുകുന്നു.

കറുത്ത റോസാപ്പൂവ്.

അതിനെ സ്നേഹിക്കാന്‍ 

ഞാനൊരു വണ്ടായി മാറുന്നു.

ഇനി മനുഷ്യനല്ല!

ജാലകത്തിലൂടെ 

ഞാന്‍ പുറത്തേക്കു പറക്കുന്നു.

കാറ്റില്‍ പൂവ് ആലോലമാടുന്നുണ്ട്.


കറുത്ത റോസാപ്പൂവ്............


പടംപൊഴിച്ച മനുഷ്യജന്മം

ജാലകക്കമ്പികളില്‍ മുഖംചേര്‍ത്ത് 

എല്ലാം കണ്ടുനില്‍ക്കുന്നു.

കാഴ്ചക്കാര്‍ വരുന്നു.

കറുത്ത റോസാപ്പൂവ്.

Comments