നപുംസകങ്ങളുടെ രാവ്


നപുംസകങ്ങളുടെ രാത്രിയിൽ

നക്ഷത്രങ്ങൾ ഉണ്ടായിരുന്നില്ല.

അലങ്കരിച്ച വർണക്കൂടാരത്തിനുള്ളിൽ 

നപുംസകങ്ങൾ ആഘോഷം തുടങ്ങി.


കൂടാരത്തിന്റെ വിടവുകളിലൂടെ 

കാറ്റിൽ പൂക്കളുടെ മണം ഒഴുകിയെത്തി.

ചാറ്റൽമഴ ഈറൻ വിരലുകൾകൊണ്ട്‌ 

പ്രണയികളായ നപുംസകങ്ങളെ തൊട്ടു.


പുരുഷവേഷവും ഭാവവുമുള്ള ഒരാൾ 

നേതൃപീഠത്തിൽ  ഉപവിഷ്ഠനായി.

സ്ത്രീവേഷമണിഞ്ഞ മറ്റൊരാൾ 

നഗരവധുവെന്നോണം ലാലസിച്ചു.


മദ്യക്കുപ്പികൾ സീല്ക്കാരം തുടങ്ങി.

നൃത്തവും  ഘോഷങ്ങളും തിമിർത്തു.

ചുംബനങ്ങളുടെ താഴ്വാരങ്ങളുണർന്നു.

നഗ്നതയുടെ ഇതളുകൾ വിടർന്നു .


നഗരവധുവിന്റെ സൌന്ദര്യം 

പുതുഭ്രമണപഥങ്ങളിലേക്കു പ്രവേശിച്ചു.

പുരുഷവേഷം ധരിച്ച ഒരാളുടെ മടിയിലിരുന്ന് 

അവൾ ചിണുങ്ങി.


പിറ്റേന്നു പ്രഭാതമായപ്പോൾ 

കാറ്റിലും മഴയിലും കൂടാരം ചിതറിപ്പോയിരുന്നു.

പുരുഷരൂപിയായ നേതാവ്

തണുത്ത തറയിൽ മരിച്ചു കിടന്നു.


സുന്ദരി അയാളുടെ മാറിൽക്കിടന്ന്‌ 

ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.

മരിച്ചവരും മരിക്കാത്തവരുമായ നപുംസകങ്ങൾ 

വെറുംനിലത്ത്‌ ചിതറിക്കിടന്നിരുന്നു.

   

ഈയംപാറ്റകളുടെ ആഘോഷരാവിന്റെ 

പിറ്റെന്നാളത്തെ പ്രഭാതംപോലെ ആയിരുന്നു അത്.

ചില നക്ഷത്രങ്ങൾ ശബ്ദമുണ്ടാക്കാതെ 

ഇതിനിടയിലൂടെ ആരെയോ തേടി നടന്നുകൊണ്ടിരുന്നു.

Comments