പച്ചച്ചേര
പച്ചച്ചേരയുടെ കൂട്ടുകാരനെ
കുറ്റം പറയേണ്ട.
*
ചേരകളുമൊത്താണു വാസം.
ചേരകളോടാണ് സംഭാഷണം.
ചേരകളെപ്പോലെ വളഞ്ഞുപുളഞ്ഞുള്ള നടത്തം.
ചേരകളെപ്പോലുള്ള ചീറ്റല്‍.
തവളകളുമായി ശത്രുത.
മഴവില്‍ പ്രൊഫൈല്‍ചിത്രം.
*
പച്ചച്ചേരകളുടെ കൂട്ടുകാരനെ
കുറ്റം പറയേണ്ടതില്ല.
*
ശാന്തനാണ്.
മദ്യപാനമില്ല.
ആരെയും ഉപദ്രവിക്കില്ല.
പച്ചിലകള്‍ക്കിടയിലൂടെ
പതുങ്ങിപ്പതുങ്ങി നടക്കും.
അമ്മയെന്നോ പെങ്ങളെന്നോ
ഭേദവിചാരങ്ങളില്ല.
എല്ലാവരും ഒരുപോലെ.
*
പച്ചച്ചേരയുടെ കൂട്ടുകാരനെ
കുറ്റം പറയുന്നതെന്തിന്!
*
ആരെയും സ്നേഹിക്കുന്നില്ല.
ആരോടും വെറുപ്പുമില്ല.
കൃത്യമായി കുളിക്കാറുണ്ട്.
വെടിപ്പുള്ള വസ്ത്രധാരണം.
സ്വപ്നങ്ങളിലൂടെ ഇഴഞ്ഞുനടക്കും.
ടീവീ കാണും.
ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ട്.
ഇംഗ്ലീഷ് നന്നായി സംസാരിക്കും.
കാറും ബൈക്കും ഓടിക്കും.
കുഴപ്പമൊന്നുമില്ല.
*
പച്ചച്ചേരയുടെ കൂട്ടുകാരനെ
എന്തിനു കുറ്റം പറയണം?
*
പക്ഷെ പെണ്ണുകെട്ടരുതായിരുന്നു.
ചേരകളുടെ ലോകത്തില്‍
എങ്കില്‍ ശാന്തനും നിരുപദ്രവിയുമായി
ജീവിച്ചുമരിക്കാമായിരുന്നു.
പെണ്ണുകെട്ടിയതോടെ
കാര്യങ്ങള്‍ കൈവിട്ടുപോയി.
കഷ്ടമായിപ്പോയി.
*
പച്ചച്ചേരയുടെ കൂട്ടുകാരനെ
കുറ്റം പറയേണ്ട.
**
Comments