മഴയിലെ തടാകം

മഴ നനഞ്ഞ് നിര്‍മ്മലമായിരുന്നു തടാകം.

ഇളം മഞ്ഞു വീശുന്ന പ്രഭാതത്തില്‍ 

പെണ്‍കുട്ടി തടാകത്തില്‍ കുളിക്കാനിറങ്ങി.


പെണ്‍കുട്ടിയുടെ സ്പര്‍ശമേല്‍ക്കെ

തടാകം വിതുമ്പിക്കരഞ്ഞു.

പെണ്‍കുട്ടി തടാകത്തോട് ദുഃഖകാരണം തിരക്കി.

മഴയില്‍ പുതുജലപാളികള്‍ നിറഞ്ഞുവെന്നതും

സ്വന്തം വിശുദ്ധി മാഞ്ഞുപോയെന്നതും

തടാകത്തിന്‍റെ സങ്കടമായിരുന്നു.


ശരീരത്തിലെ പുതിയ പോറലുകളില്‍

ജലസ്പര്‍ശം പകരുന്ന നീറ്റലില്‍ 

മധുരമായ ആര്‍ദ്രത നുകരുകയായിരുന്നു,

പെണ്‍കിടാവ്.


ഞാനും ആകെ മാറിപ്പോയി.

ഇന്നലെ എന്നതു മറ്റൊരു ലോകമാണ്.

പെണ്‍കുട്ടി പറഞ്ഞു.


തടാകത്തിനുമേല്‍ മഞ്ഞുപെയ്യുവാന്‍ തുടങ്ങി.

പ്രണയത്തിന്‍റെ നനവാണതെന്ന പുതുനിനവില്‍

തടാകം മുഗ്ദ്ധതയാര്‍ന്നു .


തടാകത്തിന്‍റെ വിരലുകള്‍

പെണ്‍കിടാവിന്‍റെ  സ്പന്ദിക്കുന്ന നഗ്നതയില്‍

സിന്ദൂരമുദ്രകള്‍ ചാര്‍ത്തി.

തടാകത്തിന്‍റെ അഗാധതയിലേക്ക്

ഊളിയിട്ട പെണ്‍കുട്ടി

ചുംബനങ്ങളുടെ പുതുമഴയായി നിറഞ്ഞു.

തടാകം മഴയെ സ്നേഹിക്കുവാന്‍ തുടങ്ങി.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ