നമ്മൾ


നിന്നെക്കുറിച്ചു പാടുവാന്‍

പിന്നെയും വരുമ്പോള്‍ 

ആ കണ്ണുകളില്‍ തിളക്കമില്ല.

ആ ചുണ്ടുകള്‍ വിതുമ്പുന്നതുമില്ല.


കാറ്റ് വീശുന്നത് മാത്രം.

കരിയിലകള്‍ പാറുന്നത് മാത്രം.

ഇത് മരുഭൂമിയാണോ?

അതോ മരിച്ചവരുടെ തറയോ?


ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കുന്നു.

നോക്കിക്കൊണ്ടിരിക്കുന്നു.

ഞാന്‍ ആചുണ്ടുകളിലേക്ക് നോക്കുന്നു.

നോക്കിക്കൊണ്ടിരിക്കുന്നു.

ഘടികാരം സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.


കുളത്തിന്‍റെ പാട പിളര്‍ന്ന്‍ 

ഒരു താമരപ്പൂവ് പിടഞ്ഞുണരുന്നു.

അഴുക്കിന്‍റെ പാളികള്‍ 

പെട്ടെന്ന് പിന്മാറുന്നു.

കാറ്റിന്‍റെ  ലാളന.

ഓളങ്ങളുടെ ലയം.


നിന്‍റെ  കണ്ണുകള്‍ തിളങ്ങുകയാണ്.

ചുണ്ടുകളില്‍ വിതുമ്പല്‍.

ഉന്മാദത്തിന്‍റെ  തോണി 

ഒരുങ്ങിക്കഴിഞ്ഞു.

ചുംബനത്തിന്‍റെ  പങ്കായത്തില്‍

പരസ്പരം കൊരുത്തുകൊണ്ട്

ഏതോ വിദൂരതയിലേക്ക് 

നമ്മുടെ തോണി.

Comments