അവളല്ല
മെടഞ്ഞടുക്കിവച്ച ഓലകള്‍ക്കിടയില്‍
ഒളിച്ചിരിക്കുമ്പോള്‍
ഉച്ചവെയിലിന്‍റെ ചുംബനം
അവളെ നനച്ചിരുന്നു.
ആ നനവില്‍നിന്നു പുറത്തിറങ്ങി
ഒളിച്ചുകളിക്ക് അടുത്തയിടം തേടുമ്പോള്‍
ഞാന്‍ പറഞ്ഞു
നീ അവളല്ല.
കാറ്റിലുലയുന്ന
പാടങ്ങളുടെ പരവതാനിക്കിടയിലെ
വരമ്പിലൂടെ നടക്കുമ്പോള്‍
പട്ടുപാവാടക്കാരി വന്നു.
വഴുതുന്ന വരമ്പിന്‍റെ വിതുമ്പലില്‍
വിരലുകള്‍ മെല്ലെ തൊട്ടപ്പോള്‍
പ്രണയം സ്പുലിംഗമായി.
എന്നാല്‍ വയലിനപ്പുറം
പുഴക്കരയിലൂടെ നടക്കുമ്പോള്‍
പുഴ പറഞ്ഞു.
അത് അവളല്ല.
സ്കൂളിലെ ഇടനാഴിയില്‍
കണ്ണിലെ ഉലയുന്ന ദീപനാളവുമായി
കാത്തുനിന്നവള്‍
രാത്രിസ്വപ്നത്തെ നനച്ചെങ്കിലും
പിറ്റെന്നുണര്‍ന്നപ്പോള്‍
ഓര്‍മ്മകളില്‍ സ്വപ്നം ഇല്ലായിരുന്നു.
പുലരിയിലെ കിളി പറഞ്ഞു.
സ്വപ്നങ്ങള്‍ സത്യമല്ല.
വേദിയിലെ വെളിച്ചത്തില്‍
നൃത്തം ചെയ്തവള്‍
വട്ടംച്ചുറ്റി
പാവാട വര്‍ണ്ണക്കുടയാക്കിയപ്പോള്‍
ആ വര്‍ണ്ണക്കുടപേറി
ഞാന്‍ മേഘസഞ്ചാരിയായി.
ലാബിലെ പരീക്ഷണങ്ങള്‍ക്കിടയില്‍
കൂട്ടുകാരി പറഞ്ഞു.
മറ്റേവള്‍ സത്യമല്ല.
വെറും നിഴല്‍ മാത്രം.
സന്ധ്യയില്‍ സിന്ദൂരമായവളും
രാവില്‍ സംഗീതമായവളും
ഞാന്‍ തേടി നടക്കുന്നവളല്ലെന്ന്
അമ്പലമണികളും
പാലപ്പൂമണവും പറഞ്ഞുതന്നു.
അഗ്നിസാക്ഷിയായി വരിച്ച പെണ്ണ്‍
അവളല്ലെന്ന്
ആദ്യരാത്രി പറഞ്ഞുതന്നു.
ഓഫീസിലെ ഫയലുകള്‍ക്കിടയിലെ
കൈവളക്കിലുക്കങ്ങളും
ഷോപ്പിങ്ങ്മാളിലെ
ചടുല വെളിച്ചവും
അവളല്ലെന്ന്
ആരും പറഞ്ഞില്ലെങ്കിലും.....
സായാഹ്നവെളിച്ചത്തില്‍
കടല്‍ത്തിരകള്‍ക്കരികിലൂടെ
നടത്തിച്ചവള്‍ ചുംബിച്ചപ്പോള്‍
രാത്രിയുടെ
അഴുകിയ മണം മാത്രമല്ലോ.
അമ്പലത്തിലെ ദേവിയും
അരയാലിലകളിലെ
ദുഃഖസംഗീതവും
അവളല്ല.
അമ്മയില്‍ നിന്നിറങ്ങിനടന്ന
ആദ്യത്തെ കരച്ചിലില്‍ത്തന്നെ
അവള്‍ മാഞ്ഞുപോയിരിക്കാം.
മറ്റു പലതുംപോലെ
അവളും മാഞ്ഞുപോയിരിക്കാം!.
Comments