പ്രണയമുദ്ര


ചുംബനക്കോപ്പ മെല്ലെ

കമിഴ്ത്തി അവള്‍ക്കുമേല്‍.

എത്രയോ നിറങ്ങളായ്

ചുംബനം പടര്‍ന്നേറി.

ചുംബനച്ചുകപ്പിന്മേല്‍

നീലിമയലിഞ്ഞപ്പോള്‍

എത്ര ചാരുത!

മഞ്ഞനിറത്തിന്‍ നിശ്ശബ്ദത.

കറുപ്പ്, പച്ച പിന്നെ

നിറങ്ങള്‍ കലരുന്നു.

നിന്‍റെ മേനിയില്‍ നിറ

ച്ചാലുകള്‍ വിതുമ്പുന്നു.


ചുംബന മഴയതില്‍

മുങ്ങി നാം ചുംബനത്തിന്‍

ലയമായ് മാറീടുന്നു

നമ്മള്‍ ഭ്രാന്ത സ്വപ്‌നങ്ങള്‍.

ചുംബനം പുകയുന്നു.

ചുംബനം നുരയുന്നു.

ചുംബനം പതയുന്നു.

ചുംബനം ചുംബിക്കുന്നു.


പൂവുകള്‍ക്കിടയില്‍ നാം.

പ്രണയത്തിരി മെല്ലെ

കൊളുത്തിത്തുടുക്കുന്നു.

എത്ര വര്‍ണാഭം, നമ്മള്‍!

ആ വര്‍ണ്ണപ്പൊലിമയില്‍

പുഴ, നാമൊഴുകുന്നു.


ചുംബനപ്പെരുംകോപ്പ

നിന്‍റെ മേനിയില്‍ നിറ

ക്കൊഞ്ചലാവുന്നു, നിദ്ര

നമ്മളില്‍ ജീവിക്കുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ