മൂന്നാമൻ

ഒരു മഴക്കാലത്ത്

ഒരു പെണ്‍കുട്ടി

വഴിവക്കില്‍ വച്ച്

സ്വന്തം പ്രണയഭാജനത്തെ

തിരിച്ചറിഞ്ഞു.


"നീ ആരാണ്?"

അവള്‍ ചോദിച്ചു.

"ഞാന്‍ സ്ത്രീയല്ല.

പുരുഷനുമല്ല.

മറ്റൊരാൾ."

അയാള്‍ പറഞ്ഞു.


പിന്നെ അവര്‍ കടല്‍ക്കരയില്‍ പോയി.

നഗരനിരത്തുകളില്‍ അലഞ്ഞു.

സിനിമാഹാളില്‍ കെട്ടിപ്പിടിച്ചിരുന്നു.

റെസ്റ്റോറണ്ടുകളില്‍ വച്ച് ചുംബിച്ചു.


പരസ്പരം കൈരേഖകള്‍ നോക്കി

അവര്‍ പ്രണയിച്ചുകൊണ്ടിരുന്ന

ഒരു മധ്യാഹ്നത്തില്‍

മറ്റൊരാള്‍ വന്നു, ക്ഷണിക്കാതെ.


അയാള്‍ അവരിലൊരാളെ നോക്കി പറഞ്ഞു:

"ഞാന്‍ പുരുഷന്‍,

നീ സ്ത്രീ, 

വരൂ എന്നോടൊപ്പം.

ഇവന്‍ സ്ത്രീയല്ല.

പുരുഷനുമല്ല.

വെറും നപുംസകം." 


പിന്നാലെ ഒരു ആള്‍ക്കൂട്ടം വന്നു.

പ്ലക്കാര്‍ഡുകള്‍ വന്നു.

മുദ്രാവാക്യങ്ങള്‍ വന്നു.

ഉറക്കെയുള്ള പൊട്ടിച്ചിരികള്‍ വന്നു.

കൊടും തമസ് വന്നു.


ഇതിനിടയില്‍ എപ്പോഴോ 

കൈരേഖകള്‍ മാഞ്ഞുപോയി.

ആകാശം അലിഞ്ഞുപോയി.

നിസ്സഹായരായ രണ്ടു മനുഷ്യര്‍

ചതഞ്ഞരഞ്ഞുപോയി.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ