വന്നുപോകുന്നവർ


ഒരു കാലത്ത് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഒരാള്‍

തെരുവിലൂടെ നടന്നുപോയി.

വൃദ്ധനാണ്.

നടത്ത പതുക്കെയാണ്.

പൂട്ടിക്കിടന്നിരുന്ന ഒരു ഗേറ്റിനുമുന്നില്‍ 

അയാള്‍ കുറച്ചുനേരം നിന്നു.

തുരുമ്പിച്ച ഗേറ്റ്.

കാടുപിടിച്ച മുറ്റം.

പിന്നില്‍പ്പതുങ്ങി ഒരു വീടും.

അയാള്‍ കുറച്ചുനേരം അവിടെ നിന്നു.

പിന്നെ പടിഞ്ഞാറോട്ട് നടന്നുപോയി.


ഒരു തെരുവുനായ അതുവഴി വന്നു.

ഗേറ്റിലേക്ക് മൂത്രമൊഴിച്ചു.

വന്നവഴിയിലൂടെ അത് തിരിഞ്ഞു നടന്നു.

ഒരു പെണ്‍പട്ടി അതിലേവന്നു.

അവരൊന്നിച്ച് നടത്തയായി.


പള്ളിയില്‍ നിന്നു മടങ്ങുന്ന

ഒരു വൃദ്ധയും അതുവഴി വന്നു.

തലകുനിച്ചു തന്നിലൂടെ മാത്രം

നടക്കുകയായിരുന്നു അവര്‍.

എങ്കിലും ആ ഗേറ്റിനുള്ളിലേക്ക്

ഒന്ന് പാളിനോക്കി.

വേഗത തെല്ലൊന്നു കൂട്ടി നടക്കുകയും ചെയ്തു.

  

പുതിയ കാലത്തെ രണ്ടു കുട്ടികള്‍ വന്നു.

മെല്ലെ മെല്ലെ അവര്‍ നടന്നു.

ഒരിക്കലും അവസാനിക്കാത്ത 

ഒരു യാത്രയിലൂടെയെന്നോണം

അവരങ്ങനെ നടന്നുപോയി.

ചുറ്റുമുള്ള ലോകം അവരില്‍ പുരണ്ടില്ല.

ഗേറ്റും വീടുമൊന്നും അവര്‍ അറിഞ്ഞില്ല.


ഒരു കൂട്ടം എറുമ്പുകള്‍

തുരുമ്പുപിടിച്ച ഗേറ്റിന്‍റെ വളവുകളിലൂടെ

സത്യാന്വേഷകരുടെ സംഘത്തെപ്പോലെ 

നടന്നുപോയി.


മഴ വന്നു.

വെയില്‍ വന്നു.

സന്ധ്യ വന്നു.

ഒടുവില്‍ രാത്രിയും വന്നു.

എല്ലാവരും വന്നുപോകുന്നു.

````````````````````````````````````````

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ