ഗോവിന്ദ്
ഇപ്പോൾ ഗോവിന്ദിനെ ഓർമവരുന്നു.
ഈ നനഞ്ഞ പ്രഭാതത്തിൽ
മഴയുടെ ശബ്ദം കേട്ടുകൊണ്ട്
ലാപ്ടോപ്പിന് മുന്നിലിരിക്കുമ്പോൾ
വെറുതെ ഗോവിന്ദിനെ ഓർമ്മിക്കുന്നു.
ഞങ്ങൾ ഒന്നിച്ചു പഠിച്ചിരുന്ന
തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിനേയും
ഓർമ്മിച്ചു പോവുകയാണ്.
കോളേജിലെ മെയിൻബ്ലോക്കിലെ പടവുകളിൽ
കൊളേജ് ബസ്സിനെ കാത്തിരിക്കുന്നതും
അകലങ്ങളിൽ നിന്നുവീശുന്നകാറ്റിൽ
പറന്നുപോകാതെ ഞങ്ങൾ പറക്കുന്നതും
മറുവശത്ത് മാലതിയും കാറ്റേറ്റ് പുളയുന്നതും
ഓർമയിൽ തെളിയുകയാണ്.
ചില കാലങ്ങളിൽ കാറ്റ് അധികമായിരിക്കും
ചന്ദനശില്പഭംഗിയെ ഓർമ്മിപ്പിക്കുന്ന മാലതി
ചില ദിവസങ്ങളിൽ കൂടുതൽ സുന്ദരി ആയിരിക്കും.
ഏതാനും വർഷങ്ങൾക്കുമുമ്പ് മാലതി മരിച്ചുവെന്ന്
ആരോ പറഞ്ഞറിഞ്ഞു .
കാറ്റും കാലവും എവിടെയോ വീണുടഞ്ഞതുപോലെ.
പറഞ്ഞുവന്നത് ഗോവിന്ദിനെപ്പറ്റി
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ലാബിൽ
പ്രാക്ടിക്കൽ ചെയ്യുമ്പോൾ
വയറുകൾ കണക്ട് ചെയ്തശേഷം
പ്രത്യേകരീതിയിൽ ഗോവിന്ദ് അതിനെ ചുരുട്ടിവയ്ക്കും,
വെറുതെ ഒരു ഭംഗിക്കുവേണ്ടി.
ചിലപ്പോൾ ഗോവിന്ദ് വീട്ടിൽ വരും
പാടത്തിന്റെ ഓരത്തുള്ള വഴിയിലൂടെ
അമ്പലത്തിലെ നാദങ്ങൾ കേട്ടുകൊണ്ടും
കാഴ്ച്ചകൾ കണ്ടുകൊണ്ടും
ഞങ്ങൾ അങ്ങിനെ നടക്കും.
ഗോവിന്ദിന്റെ വീട്ടിൽ ഇടയ്ക്ക് പോകും.
റ്റൊമറ്റൊസൂപ്പ് കുടിക്കും.
ഈയിടെ രാജകൃഷ്ണൻസാറിന്റെ വീട്ടിൽ പോയപ്പോൾ
ഗോവിന്ദിന്റെ വീട് കണ്ടു.
ഗോവിന്ദ് ബംഗലൂരുവിൽ ആണ്.
അച്ഛൻ മരിചുപോയി.
അമ്മ നേരത്തെ മരിച്ചതാണ്.
അനുജത്തി സ്റ്റേറ്റ്സിൽ .
വീട് ആർക്കോ വിറ്റുവത്രേ.
കോളേജിൽ നിന്നുനോക്കിയാൽ
അകലെയുള്ള സൈനിക് സ്കൂൾ
അന്ന് കാണാമായിരുന്നു.
ദൂരദർശിനിയിലൂടെ നോക്കി
മെഡിക്കൽ കോളേജിലെ
ക്ലാസ് മുറികൾ കണ്ടിട്ടുണ്ട്.
ഇപ്പോഴും കാണാമായിരിക്കുമോ?
മഴയുടെ ശബ്ദങ്ങൾ കേട്ടുകൊണ്ട്
ഇങ്ങനെ ഇരിക്കുമ്പോൾ
ഗോവിന്ദിനെ ഓർമിക്കുന്നതെന്ത്
കാലം വീണുടഞ്ഞുപോയെന്ന്
ദുഖിക്കുന്നതെന്ത്?
എല്ലാവരുടെയും മനസ്സിൽ
മഴ ഇങ്ങനെയൊക്കെയാണോ പെയ്യുന്നത് !
Comments