ഘടികാരം

ഘടികാരത്തിനു സൂചികളില്ല.

കലണ്ടറില്‍ കളങ്ങളില്ല.

പകലുകളില്ല.

ഇരവുകളില്ല.


പ്രണയത്തിന്‍റെ ആകാശത്തിന് ഋതുക്കളില്ല!

വീടിനു ചുമരുകളില്ല.

തെരുവുകളില്‍ മനുഷ്യരില്ല.

ദൈവങ്ങളുമില്ല.


ഒരൊറ്റനിമിഷം മാത്രം.

കാലങ്ങളില്‍ പടര്‍ന്നു  വളരും

ഒരൊറ്റനിമിഷം മാത്രം.

പ്രപഞ്ചമാകെ നിറഞ്ഞുപെരുകും

ഒരൊറ്റദൃശ്യം മാത്രം.


ഏകാന്തതയുടെ ചുവരിലിരുന്നു

വിതുമ്പും ഘടികാരം.

മഴവെള്ളത്തില്‍ കുതിര്‍ന്നൊലിച്ചു

ചിതറും കലണ്ടര്‍.


കാലത്തിന്‍റെ വഴികളിലൂടെ

ഒഴുകും ചെറുപുഴകള്‍.

നനഞ്ഞ സൂര്യന്‍ പതറി നടക്കും

മധ്യാഹ്നത്തിലെ ഇടവഴികള്‍.


പ്രണയത്തിന്‍റെ  കലണ്ടറില്‍ കളങ്ങളില്ല!

ഘടികാരത്തിനു സൂചികളില്ല!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ