ജലഘടികാരം


ജലഘടികാരങ്ങളുടെ

വലിയൊരുദ്യാനമായിരുന്നു അത്.

അയാള്‍ ആ ഉദ്യാനത്തിന്‍റെ

സൂക്ഷിപ്പുകാരനും.


പല നിറത്തിലും

വലിപ്പത്തിലും

ആകൃതിയിലുമുള്ള

ജലഘടികാരങ്ങള്‍.

അവ സമയത്തെ അളന്നുകൊണ്ടിരുന്നു.


ചാഞ്ഞും ചരിഞ്ഞും

പൂത്തും  തളിര്‍ത്തും

ചിരിച്ചും കരഞ്ഞും

ഉദ്യാനത്തില്‍ അവ ജീവിച്ചു.


2


ഇളം മഞ്ഞുള്ള പ്രഭാതങ്ങളില്‍

ജലഘടികാരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍

അയാള്‍ വെറുതെ ചിന്തിക്കും.

വെറും ചിന്തകള്‍.


പല വേഗത്തില്‍ സ്പന്ദിക്കുന്ന ജലഘടികാരങ്ങള്‍ 

ഓര്‍മ്മയെയും മറവിയെയും

ഒരുപോലെ സ്പര്‍ശിക്കും.


മധ്യാഹ്നസൂര്യന്‍

ജലഘടികാരങ്ങളെ ബാഷ്പീകരിക്കുമ്പോള്‍

തുലനത വീണ്ടെടുക്കുവാന്‍

അയാള്‍ ജലഘടികാരങ്ങള്‍ക്ക്  തുണയാവും.


ചിലപ്പോള്‍ അവയുടെ താളം മാറുന്നത്

അയാള്‍ വിസ്മയത്തോടെ അറിയും.


സായാഹ്നങ്ങളില്‍

ജലഘടികാരങ്ങളുടെ

നീണ്ട നിഴലുകളില്‍ ചവിട്ടി

അയാള്‍ നടക്കും.


വിഷാദത്തിന്‍റെ സ്പന്ദനങ്ങള്‍

ഒന്ന് മറ്റൊന്നിനു മുകളില്‍ കലരുന്നതും

മരങ്ങള്‍ ഇലപൊഴിക്കുന്നതും

കാറ്റ് ചിലപ്പോള്‍ നിശ്ചലമാകുന്നതും

ഈ നേരത്താണ്.


രാവുകളില്‍ 

പലനിറമുള്ള വെളിച്ചം

ഉദ്യാനത്തെ അലങ്കരിക്കുമ്പോള്‍

സന്ദര്‍ശകരുടെ പ്രവാഹമാണ്.


അയാള്‍ അവരോട്

ജലഘടികാരങ്ങളെക്കുറിച്ച് വിവരിക്കും.

ഓരോ ഘടികാരത്തിനും പിന്നില്‍

ഓരോ ചരിത്രമുണ്ടെന്നും

പല പല അടയാളങ്ങളുണ്ടെന്നും

അവര്‍ക്കൊപ്പം അയാളും തിരിച്ചറിയും.


രാത്രിയില്‍ വിളക്കുകള്‍ അണയുകയും

സന്ദര്‍ശകരുടെ സമയം കഴിയുകയും

എല്ലായിടത്തും ഇരുട്ട് നിറയുകയും ചെയ്യും.

അപ്പോഴാണ്‌ ജലഘടികാരങ്ങള്‍ ഉറങ്ങുന്നത്.


അപ്പോള്‍ ഉറക്കറയുടെ ജാലകത്തിലൂടെ

അയാള്‍ അവയെ നോക്കിനില്ക്കും . 

പകലുറങ്ങുന്ന ചില ഘടികാരങ്ങള്‍

അപ്പോഴാണ്‌ ഉണരുന്നത്.

അവ ഒച്ചയുണ്ടാക്കാതെ

ഉദ്യാനവഴികളിലൂടെ 

മെല്ലെമെല്ലെ നടക്കും.

ജലഘടികാരങ്ങള്‍ 

അവരുടെ ഭാഷയില്‍ സംസാരിക്കും.


3


ജലഘടികാരങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്നത്

വെറുമൊരു ജോലിയല്ലെന്നും

അത് മറ്റൊരു  ജീവിതം ആണെന്നും

അയാള്‍ക്ക്  തിരിച്ചറിവുണ്ടായി.


അയാള്‍ ജലഘടികാരങ്ങളുടെ

ഭാഷ പഠിച്ചു.

അവരുടെ സ്പന്ദനത്തിന്‍റെ 

ഭാവമാറ്റങ്ങളെക്കുറിച്ച്

സദാ ജാഗരൂകനായി.


ഇതേ കാലത്തുതന്നെയാണ്

സന്ദര്‍ശകരുടെ പല ഭാഷകളും ഭാവങ്ങളും

അയാള്‍ക്ക് വഴക്കത്തിലായത്.


അയാള്‍ 

സന്ദര്‍ശകര്‍ക്കും  ഘടികാരങ്ങള്‍ക്കുമിടയിലെ

സ്പന്ദനമായി.

സന്ദര്‍ശകര്‍ക്ക്

ജലഘടികാരവും

ജലഘടികാരങ്ങള്‍ക്ക്

സന്ദര്‍ശകനുമായി അയാള്‍.


4


ഒരു രാത്രിയിലെ 

ഏകാന്തനിശ്ശബ്ദതയില്‍

ധമനികളിലിരമ്പുന്ന രക്തത്തിന്‍റെ താളം

അയാള്‍ ശ്രവിച്ചു.


അങ്ങനെ ഒരു ജലഘടികാരമാണെന്ന്

അയാൾ സ്വയം തിരിച്ചറിഞ്ഞു.

........

Comments