കവിത


കവിതകളുണ്ട്,

എഴുതപ്പെടാത്തതും വായിക്കപ്പെടാത്തതുമായി.


ആറ്റുവക്കിലും 

നഗരാരവങ്ങള്‍ക്കിടയിലും

ചിലപ്പോള്‍ അവയെ കണ്ടുമുട്ടും.


എങ്ങിനെയോ വന്നെത്തുന്ന

പഴയ പത്രക്കടലാസുകഷണത്തില്‍

കാറ്റിലെ കരിയിലകളില്‍

അങ്ങനെ പലേടത്തും അവയുണ്ടാവാം.


പൂക്കൈതകള്‍ക്കിടയില്‍ പതുങ്ങിനില്‍ക്കുന്ന

ഒരു കവിതയിലേക്ക് 

ഒരിക്കല്‍ ഞാന്‍ പ്രവേശിച്ചു.

കുറെനാള്‍ പിന്നെ

എനിക്ക് കൈതപ്പൂവിന്‍റെ മണമായിരുന്നു.

മറ്റുള്ളവരില്‍നിന്ന്‍  എന്നെ മറച്ചുപിടിക്കാന്‍

ഞാന്‍ എത്ര പാടുപെട്ടു.


ചന്തയിലെ മീന്‍കാരിയില്‍നിന്ന്‍

തട്ടുകടയിലെ ചായക്കോപ്പയില്‍ നിന്ന്‍

പാഞ്ഞുപോകുന്ന വാഹനങ്ങളില്‍നിന്ന്‍

കൂട്ടമായി നടന്നുപോകുന്ന

കുട്ടികളില്‍നിന്ന്‍

എവിടെ നിന്നെങ്കിലുമൊക്കെ

എന്നിലെ സുഷിരങ്ങളിലൂടെ

അവ ഉള്ളിലേക്ക് കടക്കും.

പിന്നെ പനിപിടിച്ച ദിനങ്ങളായിരിക്കും.

പാതിവെന്ത ഭക്ഷണത്തിലൂടെ

പാപങ്ങളിലൂടെ

ദഹനക്കേടിലൂടെ

ഓക്കാനത്തിലൂടെ

പാതിബോധവുമായി 

ഞാനങ്ങനെ കടന്നുപോകും.

സര്‍പ്പദംശനമായി എന്നിലേക്ക്‌ കടന്ന 

കവിതയിലെ വിഷം

ഒരുവശം തളര്‍ത്തിയ 

ഒരാളാണ് ഞാന്‍.

ഭൂമിയെപ്പോലെ

അല്ലേ?

ഭൂമിയുടെ ഒരുവശത്ത്‌ രാവല്ലേ!


എഴുതപ്പെടാത്ത കവിതകള്‍

സത്യത്തില്‍ എല്ലായിടത്തുമുണ്ട്.

നാമത് വായിച്ചാല്‍ മാത്രം മതി.

പക്ഷെ വായിക്കാതിരിക്കുന്നതാണ് ബുദ്ധി.


വായിക്കപ്പെടാത്ത കവിതകളുടെ കാര്യം

വിചിത്രമാണ്.

പത്രക്കഷണത്തില്‍ നിന്നോ

പഴയ ഡയറിയില്‍ നിന്നോ

ഓര്‍മ്മയില്‍ നിന്നോ

മറവിയില്‍ നിന്നോ

എവിടെ നിന്നെങ്കിലും

അതിനെയൊന്നു തൊട്ടാല്‍ മതി.

ഒറ്റ സ്പര്‍ശം കൊണ്ടുമാത്രം

ഉണരുന്ന കന്യകയെപ്പോലെ

നെഞ്ചില്‍ത്തട്ടുന്ന നിശ്വാസങ്ങള്‍ പോലെ

അമ്മയെപ്പോലെ

ഉടഞ്ഞ കുപ്പിവളകള്‍പോലെ

അങ്ങനെ എത്രയോ ഉപമകള്‍പോലെ

അവ നമ്മെ സ്നേഹിച്ചുകൊണ്ടിരിക്കും.

ഒപ്പം വെറുക്കുകയും ചെയ്യും.


പലതും വായിക്കാതിരിക്കണം

കാണാതിരിക്കണം.

കേള്‍ക്കാതിരിക്കണം

ചിന്തിക്കാതിരിക്കണം.

നമ്മിലെ പലതിനെയും ഉറക്കിക്കിടത്തണം.

ഹ....ഹ..ഹ..

ഉറക്കിക്കിടത്തണം.


കരിയിലയില്‍ ആരോ എഴുതിയ

പാതിമറഞ്ഞ ഒരു കവിത,

ആരാലും വായിക്കപ്പെടാത്തത്,

എന്നെ മേഘങ്ങള്‍ക്കിടയിലൂടെ 

പറത്തിക്കൊണ്ടുപോയി.

ആകാശത്തില്‍ അലിയിച്ചു.


ഒരേ സമയം

ഭൂമിയും ആകാശവുമാവുക.

എഴുതപ്പെടാത്തതും വായിക്കപ്പെടാത്തതുമായ 

കവിതയെ അറിഞ്ഞാല്‍ 

ചിലപ്പോള്‍ അങ്ങനെ ആയിപ്പോകും.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ