ഏതോ കാലം
പക്ഷികള്‍ പറക്കുന്ന രാത്രിയില്‍,
നക്ഷത്രങ്ങള്‍
അരികിലണഞ്ഞപ്പോള്‍
നിലാവിന്‍റെ പാളിവന്നെന്നെ ഗാഢഗാഢമായ്
പുണര്‍ന്നപ്പോള്‍
ഓര്‍ത്തുപോയ് ഏതോ കാലം.
അങ്ങനെയൊരുകാലം
ഉണ്ടായിരുന്നേയില്ല
എന്‍റെ ജീവിതത്തിങ്കല്‍;
എങ്കിലുമേതോകാലം.
പാടത്തിലൂടെ കാറ്റു വീശിയ കാലം,
നീല വാനത്തില്‍ മുകിലുകള്‍
നൃത്തമാടിയ കാലം.
അങ്ങനെയൊരുകാലം
ഉണ്ടായിരുന്നേയില്ല
എങ്കിലും ഓര്‍മിച്ചു ഞാന്‍
പ്രദക്ഷിണവഴിയില്‍ നിറയെ
പൂമ്പാറ്റകള്‍
താളം തുള്ളിയകാലം.
പട്ടുപാവാട കാറ്റില്‍ വട്ടം ചുറ്റിയ കാലം.
പാതിരാവില്‍ പാട്ടുകള്‍
കേട്ടുണര്‍ന്നതാം കാലം.
എതാണാക്കാലം
കലണ്ടറില്‍ പതിയാക്കാലം
കാട്ടുമോ അക്കാലത്തെ
ഒന്നു കണ്ടിടാന്‍ മാത്രം.
നീട്ടുമോ അക്കാലത്തെ
ഒന്നു തൊട്ടിടാന്‍ മാത്രം.
കൈവളയുടയുന്ന നാദവും
ചിലങ്കതന്‍ കൊഞ്ചലും മറവിയില്‍
ഓര്‍മ്മചാലിക്കും കാലം.
അങ്ങനെയൊരുകാലം
ഉണ്ടായിരുന്നേയില്ല.
എങ്കിലുമെവിടെയോ
ഉറങ്ങിക്കിടക്കുന്നു,
കാലം,
ആ കാലത്തിന്‍റെ
ശയ്യയില്‍ ഞാനുണ്ടാവാം.
ഉണ്ടാവാതിരിക്കുവാന്‍
ഉറങ്ങാതിരിക്കാനും
ആവില്ല
നിലാവിന്‍റെ യാത്രകളതൊക്കെയും.
പക്ഷികള്‍ പറക്കുന്നു,
രാത്രിയില്‍ നക്ഷത്രങ്ങള്‍
അരികിലണയുന്നു;
ഞാനുറങ്ങുകയല്ലോ!
Comments