അനശ്വര

രാവണന്‍റെ മടിയില്‍ നിന്ന് പിടഞ്ഞെണീറ്റ സീത

നഗ്നയും നിരാലംബയും ആയിരുന്നു.

മഴക്കാര്‍ നിറഞ്ഞ ആകാശത്തിനു ചുവട്ടില്‍

ശിംശപയും ഏകാകിനിയായിരുന്നു.


അഗ്നിയില്‍ നിന്നുയര്‍ന്ന  ലോഹത്തുണ്ടുപോലെ

രാവണന്‍ കുങ്കുമവര്‍ണത്തോടെ പ്രകാശിച്ചു.

അവന്‍റെ കവിളിലെ വിയര്‍പ്പിന്‍ തുള്ളിയില്‍

പ്രഭാതപ്രകാശം ദീപ്തമായി.


മണ്ഡോദരി ഒരു എരിയുന്ന അഗ്നികുണ്ഡമായി.

ആ അഗ്നിയില്‍ അവര്‍ അവരെത്തന്നെ ഹോമിച്ചു.

രാത്രിയുടെ ഇലകളില്‍ തീ പടര്‍ന്നു.

ലങ്കയ്ക്കു മുകളില്‍ ഇരുട്ടിന്‍റെ പര്‍വതങ്ങളുയര്‍ന്നു.


സീത ആകാശത്തിലേക്കും ഭൂമിയിലേക്കും

ദിക്കുകള്‍ പതിനാറിലേക്കും മാറി മാറി നോക്കി.

ദുഃഖത്തിന്‍റെ പറവകള്‍ പടര്‍ന്ന ആകാശം.

കത്തുന്ന ഭൂമി

ഉടഞ്ഞുവീഴുന്ന ദിക്കുകള്‍.

ചരട് പൊട്ടിപ്പോയ സ്വപ്‌നങ്ങള്‍

സീത കരയുകയായിരുന്നു.

ദുഃഖത്തിന്‍റെ ശ്രുംഗത്തിലെ പതാക.


രാവണന്‍ ഒരു മദയാനയായി മാറി.

തുമ്പിക്കൈയില്‍ സീതയെ എടുത്തുയര്‍ത്തി 

അയാള്‍ വനത്തിനുള്ളില്‍ മറഞ്ഞു.

വനത്തിലെങ്ങും പൂങ്കാറ്റ് പരന്നു.


പുത്തനുറവകള്‍ കുത്തിയുണര്‍ത്തിയ

തെളിനീരില്‍ അവന്‍ സീതയെ കുളിപ്പിച്ചു.

പ്രണയത്തിന്‍റെ  തൂവാലകള്‍ കൊണ്ട് തുവര്‍ത്തി .

ആനപ്പുറത്തുകിടന്ന്‍ അവള്‍ ഉറങ്ങി.


രാത്രിയിലെ ഇരുട്ടിലെപ്പോഴോ

സീത ഒരു പെണ്ണാനയായി മാറി.

കരിമ്പിന്‍ തോട്ടങ്ങള്‍  അവരെ സല്‍ക്കരിച്ചു.

ആകാശം അവര്‍ക്കുമേല്‍ നക്ഷത്രങ്ങളുതിര്‍ത്തു .


പിന്നെ ലങ്കയിലേക്കോ കൊട്ടാരത്തിലേക്കോ

അവര്‍ മടങ്ങിയില്ല.

ഗാഡവനങ്ങളിലൂടെ പിന്നെയും പിന്നെയും...

ആഴത്തിലേക്ക്...അനശ്വരതയിലേക്ക്!

Comments