വാക്ക്
ഒരു വാക്കെന്നെത്തന്നെ നോക്കുന്നു.
കണ്ണാടിയില്‍ മുഖം നോക്കുമ്പോഴാണ്
അത് കണ്ടത്.
*
ഒരു വാക്കെന്നിലേക്ക് നടക്കുന്നു.
രാവിലെയുള്ള നടത്തക്കിടയിലാണ്
അത് മനസ്സിലാക്കിയത്.
*
ഒരു വാക്കെന്നോടെന്തോ പറയുന്നു.
പ്രാര്‍ഥനക്കിടയിലാണ്
അങ്ങനെ തോന്നിയത്.
*
ഒരു വാക്കെന്നെ പിന്തുടരുന്നു.
അപ്പോള്‍ ഞാനും ആരെയോ
പിന്തുടരുകയായിരുന്നു.
*
ഒരു വാക്കെന്നോട് ചിരിക്കുന്നു.
ആ നേരത്ത് ഞാനും കാരണമില്ലാതെ
ചിരിക്കുകയായിരുന്നു.
*
ഒരു വാക്കെന്നിലൂടെ നടക്കുന്നു.
ഉറങ്ങുന്നതിനു മുന്‍പുള്ള ആലസ്യവേളയില്‍
അങ്ങനെ സംഭവിച്ചു.
*
ഒരു വാക്കെന്നില്‍ കിടന്നുറങ്ങുന്നു.
നിദ്രയിലെ സ്വപ്നത്തില്‍
ഞാന്‍ അതറിഞ്ഞു.
*
ഒരു വാക്കെന്നോടൊപ്പം ശയിക്കുന്നു.
ഉണര്‍ന്നെഴുന്നേറ്റപ്പോള്‍
കിടക്ക അത് പറഞ്ഞുതന്നു.
*
ഒരു വാക്കെന്നെ ചുംബിക്കുന്നു.
കുളത്തിന്‍റെ പടവുകളിലെ
ഏകാന്തസന്ധ്യ സാക്ഷി.
*
ഒരു വാക്കെന്നില്‍വീണു മരിക്കുന്നു.
എന്നെ കുത്തിയൊഴുക്കി
ഒരു പേമാരി തിമിര്‍ക്കുന്നു.
**
Comments