സീത

രാവണന്‍റെ മടിയില്‍ സീത ഇരിക്കുന്നു.

ശാന്ത, നിശബ്ദ, അത്യന്ത ലോല.....

പ്രകാശക്കതിര്‍ പോലെ സുന്ദരി.

നക്ഷത്രം പോലെ തിളങ്ങുന്നവള്‍!


ശിംശിപാ വൃക്ഷത്തിന്‍റെ തണലില്‍

കടല്‍ക്കാറ്റിന്‍റെ ലാളനയില്‍  

പക്ഷിപ്പാട്ടുകളുടെ നീലിമയില്‍

സീത സ്വപ്നം പോലെ സുന്ദരി!


സീത വരയ്ക്കുന്നത്

രാവണന്‍റെ ചിത്രം.

നക്ഷത്രങ്ങളുടെ വാനത്തില്‍

കാലത്തിന്‍റെ ഖനശ്യാമഭംഗി.


അകലെ ഏതോ വിദൂരതയില്‍

രാമനും ലക്ഷ്മണനും പഞ്ചവടിയും

മാനുകളുടെ ചടുലവേഗവും

അയോധ്യയിലെ ഉപജാപങ്ങളും.


ലങ്ക എത്ര ശാന്തം.

രാവണന്‍ എത്ര സുന്ദരന്‍

വിധിയുടെ കൈകളിലെ 

കളിക്കോപ്പുമാത്രമായ വെറും സീത.


രാവണന്‍റെ ചുംബനം 

നിലാവില്‍ വിരിഞ്ഞ പൂവ്.

ആ പൂവിന്‍റെ മധുര ഗന്ധത്തില്‍ തളര്‍ന്ന്‍ ‍

സീത, പാവം ഏകാകിനി.


രാവണന്‍റെ ശയ്യയില്‍ സീത ദിഗംബര.

ദിക്കുകള്‍ അവളെ പുണരുന്നു.

ദിക്കുകളുടെ കൈകളില്‍

സ്വപ്നം പോലെ സീത, വെറും സീത.


വനശലഭങ്ങളുടെ കൂട്ടം

സീതയ്ക്കുമേല്‍ പറന്നിറങ്ങുന്നു.

കാട്ടാനകള്‍ അവളെ തുമ്പിക്കൈയിലുയര്‍ത്തുന്നു.

സീത ശാന്തയാണ്.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ