പഴയ കുട്ടി


ഒരു ബസ്സിലും കയറാതെ

അടുത്തത് അടുത്തത് എന്ന് മാറ്റിവച്ച്

ബസ്സ്സ്റ്റോപ്പില്‍ കാത്തുനില്‍ക്കാറുള്ള

ഒരു കുട്ടിയുണ്ടായിരുന്നു.


ഒരു മഴയും നനയാത്ത ഒരു കുട്ടി.

എല്ലാ മഴയും നനയാന്‍ കൊതിച്ച്

ചില്ലുജാലകത്തിലൂടെ നോക്കിനിന്ന്

കണ്ണാടിച്ചില്ലിലെ നനവില്‍

ചിത്രം വരച്ച കുട്ടി.


പാടവരമ്പുകളിലൂടെ,

കളിക്കാരൊഴിഞ്ഞ മൈതാനങ്ങളിലൂടെ,

പാഴ്പറമ്പുകളിലൂടെ 

കരിയിലകളില്‍ ചവിട്ടിയും

കോടമഞ്ഞില്‍ പരുങ്ങിയും

ആ കുട്ടി നടന്നുപോയി. 


*************


ഇപ്പോള്‍ കണ്ണിനു തെളിമയില്ല.

കേള്‍വിശക്തി കുറവാണ്.

അലഞ്ഞുനടക്കാന്‍

വീട്ടിലെ ചെറിയ ചതുരം മാത്രം.

കാത്തിരിപ്പുകള്‍ 

തുളവീണ പായ്മരങ്ങളായിരിക്കുന്നു.


ഒടുവില്‍ ഞാന്‍ നടക്കും.

കോടമഞ്ഞിലൂടെ,

മഴയിലൂടെ,

കരിയിലകളില്‍ ചവിട്ടി,

കാറ്റില്‍ സ്വയം പറന്ന്,

പാടങ്ങള്‍ക്കിടയിലൂടെ,

നിലാവും വെയിലും കുടിച്ച്,

ഞാന്‍ നടക്കും.

- കുട്ടി പറയുന്നു.


ഒരു വെള്ളത്തുണി.... 

കാറ്റിലൂടെ.....

പറന്നു വരുന്നു.

പഴയ ആ കുട്ടിക്കായി മാത്രം!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ