അലങ്കാരം


കവിത തിരുത്തിയവളുടെ 

കണ്ണുകള്‍ തിളങ്ങി.

തിളങ്ങിയതെന്തിന്?

പാദസരങ്ങള്‍ കിലുങ്ങി.

കിലുങ്ങിയതെന്തിന്?

ചുണ്ടുകള്‍ വിതുമ്പി.

വിതുമ്പിയതെന്തിന്?


കവിതയില്‍ നിന്നടര്‍ന്നു വീണ

വര്‍ണ്ണത്തരികള്‍ വിരലില്‍ ചാലിച്ച്

ഞാന്‍ സിന്ദൂരം ചാര്‍ത്തി .

കവിതയിലെ കുത്തും കോമയും ശേഖരിച്ച്

കണ്ണെഴുതിച്ചു.

കവിതയിലെ പ്രതീകങ്ങള്‍ 

കവിളിലെ അരുണിമയായി.

കവിതയുടെ വൃത്തം

ചുണ്ടിലെ തുടിപ്പായി.


കവിതയെ അലങ്കരിച്ചവളെ 

ഞാന്‍ അലങ്കരിക്കുന്നു.

അവള്‍ കവിതയെയും.


നക്ഷത്രനിബിഡമായ വാനത്തിലൂടെ

രണ്ടിണപ്പക്ഷികള്‍ പറക്കുന്നു.

അവളും ഞാനും.

ഞാനും എന്‍റെ കവിതയും.

വെട്ടിയും തിരുത്തിയും

പ്രണയിച്ചും നിരസിച്ചും 

ഞങ്ങള്‍ മേഘങ്ങളിലേക്ക് പറക്കുന്നു.

Comments

Popular posts from this blog

ഉറുമ്പ്

മരത്തിലെ പുഴ