പതാകകൾ
നനഞ്ഞ പതാകകള്‍ കൂനയായി കിടക്കുന്നു.
പല നിറത്തിലുള്ള പതാകകള്‍.
വലിപ്പത്തിലും രൂപത്തിലും വ്യത്യസ്തം.
തുണികളിലുമുണ്ട് വ്യത്യാസം.
നിറങ്ങള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്.
ചില പതാകകള്‍ കീറിപ്പോയി.
ചിലതിന് കണ്ണുകളുണ്ട്.
ചിലതിന് ചെവി.
ചിലതിന് ഉടല്‍.
ചിലതിന് വാല്‍.
ബധിരരായ പതാകകളുണ്ട്.
മൂകരുണ്ട്.
ഭ്രാന്തരും പ്രണയികളുമുണ്ട്.
സംന്യാസികളും സംസാരികളുമുണ്ട്.
പല നാട്ടുകാരുണ്ട്.
ബന്ധുക്കളും ശത്രുക്കളുമുണ്ട്.
രാവും പകലുമുണ്ട്.
അലയാഴിയും ആകാശവുമുണ്ട്.
കാടും പുഴയുമുണ്ട്.
മലയും മനുഷ്യരുമുണ്ട്.
പക്ഷിയും മൃഗവുമുണ്ട്.
ആണും പെണ്ണും മൂന്നാം ലിംഗവുമുണ്ട്.
ചില പതാകകള്‍ സംസാരിക്കുന്നു.
ചിലത് കരയുന്നു.
പ്രണയിക്കുന്നവയും
ഇണചേരുന്നവയുമായ പതാകകളുണ്ട്.
സദാചാരഗുണ്ടകളും ചുംബനസമരക്കാരും
എല്ലാവരുമുണ്ട്.
എല്ലാം തണുത്ത നിലത്ത് കിടക്കുന്നു.
നനഞ്ഞ പതാകകള്‍!
ഇന്നലെ ഇവയൊക്കെ പാറിക്കളിച്ചിരുന്നു;
ആരുടെയോ കൈകളില്‍,
അല്ലെങ്കില്‍ ആരുടെയോ കൊടിമരങ്ങളില്‍
കൊടികള്‍ക്കിടയില്‍ ആരുടെയോ ജഡം.
മുറിഞ്ഞുവീണ അവയവങ്ങള്‍.
ഒരു പെണ്ണിന്‍റെ നിലവിളി.
രാവിലേക്ക് തുറക്കുന്ന കണ്ണുകള്‍.
ശിശുരോദനങ്ങളുടെ മദ്ധ്യാഹ്നം.
തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ!
ഇനി നനഞ്ഞ പതാകകള്‍ക്കിടയില്‍
നമ്മൾ എന്താണ് തെരയുന്നത്?
Comments