നർത്തകി


നൃത്തം പാതിയിലുപേക്ഷിച്ച്

പ്രണയത്താല്‍ തുടുത്തവളേ,

നീ ഊരിവച്ച ചിലങ്ക 

സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.


പകുതിയില്‍ മുറിഞ്ഞ നിന്‍റെ നൃത്തം

ഞങ്ങള്‍ക്ക് ചോര പൊടിയുന്ന ഓര്‍മ്മ.

നടനവിസ്മയമേ,

നിന്‍റെ പടവുകളില്‍ ഞങ്ങള്‍ ഇരിക്കുന്നു. 


ഇനിയില്ല 

ഒരിക്കലും മടങ്ങിവരാത്ത

താരുണ്യത്തിന്‍റെ മുഗ്ദ്ധഹാസങ്ങള്‍.

ജീവിതത്തിന്‍റെ  നശ്വരത

പ്രണയത്തിന്‍റെ അണഞ്ഞ വഴികളിലോ

പാതിയിലുപേക്ഷിച്ച ചിലങ്കയിലോ

എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.


പാതിയിലുപേക്ഷിച്ച നിന്‍റെ നൃത്തം

ഇപ്പോഴും പിടയുകയാണ്.

കാലം കടന്നുപോയല്ലോ!

നിനക്കതിനി വീണ്ടെടുക്കാനാവില്ല.


സ്വയംഹത്യയുടെ ഇരുണ്ട വഴികളില്‍

നീ തെരഞ്ഞത്‌ നിന്നെയാണോ?

പ്രണയം എന്നത്

അടഞ്ഞ വാതിലാണോ?


അഴിച്ചുവച്ച ചിലങ്കയില്‍ കാറ്റുവീശുന്നു.

ചെറിയ ശബ്ദം,

ഓര്‍മ്മകളില്‍ ഹരിതകാന്തി ചൊരിയുന്നു.

ആരാലും സ്പര്‍ശിക്കപ്പെടാതെ

ആ ചിലങ്ക അവിടെയുണ്ട്.

നിനക്കെന്നല്ല,

ആര്‍ക്കുമതിനെ തൊടാനാവില്ല.   


ഹേ ചിലങ്കേ!

നിന്നില്‍ ഹിമകണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു.

കാലത്തിന്‍റെ കണ്ണീര്‍ക്കണങ്ങള്‍.

എന്‍റെയും ഒരു തുള്ളി കണ്ണീര്‍.

ഗതകാലത്തിന്‍റെ അടയാളം.

നിശ്ശബ്ദമായ വെറും അടയാളം.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ