പിന്നെയും


പിന്നെയും നീ വന്നപ്പോൾ 

പ്രഭാതസൂര്യന്റെ കിരണങ്ങൾ 

നിന്റെ കവിളിനെ നനയ്ക്കുവാനുണ്ടായിരുന്നില്ല.

ഹേമന്തത്തിന്റെ സന്ദിഗ്ധത നിന്നെ പുതച്ചിരുന്നില്ല.

നഗ്നയും എകാകിനിയുമായിരുന്നു നീ.


പിന്നെയും നീ വന്നപ്പോൾ 

കൌമാരത്തിന്റെ പുൽപ്പരപ്പുകളോ 

വിജനമായ മധ്യാഹ്ന ഇടവഴികളോ

കരിയിലകളെ ഭ്രമിപ്പിക്കുന്ന ചേരകളോ 

പാവാടയെ  പാടിയുയർത്തുന്ന കാറ്റോ ഉണ്ടായിരുന്നില്ല .

ദുഃഖിതയും മൂകയുമായിരുന്നു നീ .


പിന്നെയും നീ വന്നപ്പോൾ

രണ്ടു കുട്ടികൾ നിനക്കൊപ്പം വന്നു.

നഗരവീഥികൾ നിന്നെ പിന്തുടർന്നെത്തി.

ഒരു തെമ്മാടിയും വൃദ്ധവേശ്യയുംനിന്നെ പകുത്തു.

ഒരു ചവറ്റുവണ്ടി ദുർഗന്ധത്തോടെ ചിരിച്ചു.

നിന്റെ മക്കളെ നീ അരികിലെയ്ക്കണച്ചു.     


പിന്നെയും നീ വന്നപ്പോൾ

പണ്ടത്തെപ്പോലെ ഞാൻ പ്രണയംകൊണ്ട് തളർന്നില്ല.

വിരലുകൾ വിറയ്ക്കുകയോ തണുക്കുകയോ ചെയ്തില്ല.

നിന്റെ കുട്ടികളെ ഞാൻ നോക്കിയതുപോലുമില്ല.

ഒരു വിളക്കുമരത്തിൽ കൈയൂന്നി ഞാൻ നിന്നു.

അതേ വിളക്കുമരത്തിൽ നീ സ്പർശിച്ചപ്പോൾ 

എന്തിനാണ് ഞാൻ കൈ പിൻവലിച്ചത്?


പിന്നെയും നീ വന്നപ്പോൾ 

സത്യത്തിൽ ഞാൻ  ഉണ്ടായിരുന്നില്ല.

നീയും ഉണ്ടായിരുന്നില്ലല്ലോ!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ