നിഴലുകൾ


നിഴലുകളില്‍ ഒന്ന്

ഞാന്‍ അവള്‍ക്ക്  നല്കി.

അവര്‍ പ്രണയമെന്നു പറഞ്ഞു.


നിഴലുകളില്‍ ഒന്ന്‍

ഞാന്‍ അവനു കൊടുത്തു.

അവര്‍ സൌഹൃദത്തിലെ കാപട്യത്തെക്കുറിച്ചു പറഞ്ഞു.


നിഴലുകളില്‍ ഒന്ന് പക്ഷികള്‍ക്ക്!

അവര്‍ പറഞ്ഞത്

നരച്ച കാല്പനികതയെന്ന്.


ഒരു നിഴല്‍ മൃഗങ്ങള്‍ക്ക് .

അവരെന്നെ വിളിച്ചത് 

മേനകാ ഗാന്ധിയെന്ന്.


ഭിക്ഷക്കാരനു കൊടുത്ത നിഴല്‍

അഹങ്കാരത്തിന്‍റെതെന്നായി.

പാട്ടുകാരിക്ക് കൊടുത്ത നിഴല്‍

കീഴടങ്ങലിന്‍റെതെന്നായി.

അറവുകാരന് കൊടുത്ത നിഴല്‍

രഹസ്യ ഉടമ്പടിയെന്നായി.

കുട്ടിക്ക് കൊടുത്ത നിഴല്‍

പീഡനനിഴലായി.

ഗുരുവിനു നിഴല്‍ കൊടുത്തില്ലെന്നു

വിമര്‍ശനമായി.

അമ്മയച്ഛന്മാര്‍ക്കും പെങ്ങള്‍ക്കും 

ഒരു നിഴല്‍ പോലും പകരാത്ത 

ക്രൂരനെന്നായി.

നിഴലുകളും സാധ്യതകളും

പെരുകിപ്പെരുകി വന്നു.


നിഴലുകളെ കസ്റ്റടിയില്‍ എടുക്കണമെന്നു

പോലീസും

തുറുങ്കിലടക്കണമെന്നു  

മന്ത്രിയും അഭിപ്രായപ്പെട്ടു.

നിഴലുകള്‍ മാധ്യമങ്ങളുടെ ഓമനയായി.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഏറ്റുപിടിച്ചു.

സ്ത്രീപക്ഷവാദികളും

പുരുഷപക്ഷക്കാരും

മുന്നോട്ടുവന്നു.

രാഷ്ട്രീയക്കാര്‍ക്ക് 

നിഴലുകളില്‍ പങ്കുവേണമെന്നായി.

അവകാശമുണ്ടെന്നായി.

ജാഥകളും സെമിനാറുകളും

വന്നുപോയി.

പരിപ്പുവടയും കട്ടന്‍ചായയും മുതല്‍

കാബറെഡാന്‍സുവരെ  അനുബന്ധമായി.


കാണെക്കാണേ

നിഴലുകള്‍ പെരുകിപ്പെരുകി വരുന്നു;

ഞാനും എന്‍റെ നിഴലും 

മാത്രമാകുന്നതുവരെ


അതുവരെ മാത്രം.

നിഴലുകളുടെ ഈ ലോകം.

*********************************

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ