അവൾ



ഒരു പെണ്‍കുട്ടി എന്നെ വിളിക്കുന്നു.

അഗാധമായ ഏതോ ആഴത്തിലേക്ക്.

അനന്തമായ നിശ്ശബ്ദതയിലേക്ക്.

അമ്പലമണികളിലേക്ക്.

ബാങ്കുവിളിയുടെ സംഗീതത്തിലേക്ക്.


കാലങ്ങളായി

പകലിനും രാവിനുമിടയിലെ

ഒരു നിമിഷ പാളിയില്‍

തുറന്നടയുന്ന സന്ധ്യയുടെ മിഴികള്‍,

അതോടെ പകലും രാവും തുറന്നു തന്നെയിരിക്കുന്നു.


ഇപ്പോള്‍ ദിനരാത്രങ്ങള്‍ നിറയെ

സന്ധ്യ മാത്രം.

ഭൂമിയിലും ആകാശത്തിലും

നിദ്രയിലും ഉണര്‍വിലും

സന്ധ്യ മാത്രം.


ഒച്ചയില്ലാത്ത കാല്‍വയ്പ്പുകളോടെ

അവള്‍ വരുന്നു.

ശൂന്യമായിക്കിടക്കുന്ന എന്‍റെ മടിയില്‍

സംഗീതത്തിന്‍റെ നിറകുംഭമായി

സ്വയം പ്രതിഷ്ടിക്കുന്നു.


ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍

അവള്‍ വരുന്നു.

എന്റെ  പാഴ്ശിലകള്‍ക്കു മേല്‍

അവള്‍ ശയിക്കുന്നു.

ഞാനൊരു പൂക്കിടക്കയാകുന്നു.


ഞങ്ങള്‍ രണ്ടു തോണികളാകുന്നു.

സന്ധ്യയുടെ പുഴയിലൂടെ

മറുകരയിലേക്കൊഴുകുന്നു.

ഒറ്റത്തോണിയായി ഞങ്ങള്‍

മറുകരയിലണയുന്നു.


വെള്ളത്തില്‍വീണ കല്ലിനുചുറ്റും

ഓളങ്ങളെന്നപോലെ 

എല്ലാം സംഭവിച്ചിരിക്കുന്നു,

അവള്‍ എന്നില്‍ത്തന്നെ

ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.


പാടങ്ങളില്‍ സന്ധ്യ.

മുകളില്‍ നിലാവ്.

അകലെ വെയില്‍ നാളങ്ങള്‍.

മഴയുടെ പാട്ടുകള്‍.

എനിക്കുചുറ്റും നഗ്നയായ അവള്‍.


തീവണ്ടികള്‍ വന്നുപോകുന്നു.

നിരത്തുകള്‍ നിറഞ്ഞൊഴുകുന്നു.

ഭിക്ഷക്കാരും സമ്പന്നരുമുണ്ട്.

പാടവരമ്പില്‍ കിടക്കുന്ന ഓടക്കുഴലിലൂടെ

സംഗീതം സ്വയം ഒഴുകുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ