ബുധസംക്രമം

1
മഞ്ഞ്‌ മൂടിയ ബാല്യകാലപ്രഭാതങ്ങളിലൂടെ സൂര്യരശ്മികള്‍ ശാന്തമായി പടരുന്നത്‌ ഒന്ന് ഓര്‍ത്തുനോക്കൂ.എത്ര ആഹ്ലാദകരം!മരച്ചില്ലകളിലെ കാറ്റ്‌.ക്ഷേത്രങ്ങളിലെ സംഗീതം.പക്ഷികളുടെ പാട്ട്‌. ഹരിതഭംഗി നിറഞ്ഞൊഴുകുന്ന നെല്‍പ്പാടങ്ങള്‍ബാല്യകാലപ്രഭാതങ്ങള്‍ അങ്ങനെയൊക്കെയാണ്‍
മഞ്ഞിലൂടെ നടക്കുമ്പോള്‍ ഇപ്പോഴും ചിലപ്പോള്‍,എനിക്ക്‌ ബാല്യകാലത്തെ ഓര്‍മവരാറുണ്ട്‌. അതാവണം ഞാന്‍ ഈ ഖണ്ഡത്തിന്ന് ഹേമന്തമെന്ന് പേരിട്ടത്‌.മഞ്ഞിന്റെ പാളികള്‍ വളരെപ്പെട്ടെന്ന് അലിഞ്ഞുമാറുന്നു.സൂര്യരശ്മികള്‍ ശക്തിയാര്‍ജിക്കുന്നു. എല്ലാത്തിനും മുകളില്‍ സന്ദിഗ്ധതയുടെ വിഭ്രമിക്കുന്ന ഭംഗി വിന്യസിതമായിരിക്കുന്നു.മഞ്ഞിന്‍പാളികള്‍ക്കപ്പുറം ഓരോന്നും അതാതിന്റെ കേവലരൂപമായി പ്രത്യക്ഷീഭവിക്കുന്നു.പഴയൊരോര്‍മ്മപോലെ പുല്‍ത്തലപ്പില്‍ തങ്ങിനില്‍ക്കുന്ന ഒരു ഹിമകണം.ആ ഹിമകണത്തില്‍ സൂര്യരശ്മി ചാര്‍ത്തുന്ന ചെറുനക്ഷത്രം. മഞ്ഞിന്റെ പഴയ വഴികളിലൂടെ നടക്കുമ്പോള്‍ എന്തെന്തു കാഴ്ചകള്‍!ഓരോന്നും അവ്യക്തം. എങ്കിലും അവ അവ്യക്തവുമല്ല.സ്വപ്നങ്ങളുടെ പുതപ്പും പുതച്ച്‌ കാലത്തിന്റെ ഓരത്ത്‌, ബാല്യത്തിന്റെ വിരലുകളില്‍ വിരല്‍കോര്‍ത്ത്‌, മഞ്ഞുകാലം കാത്തുനില്‍ക്കുകയല്ലോ!ഇടവഴികളുടെ വളവുകള്‍ കടന്ന് വയലുകളുടെ വിസ്ത്രുതിയിലൂടെ, ആകാശത്തിന്റെ അനന്തതയിലൂടെ മഞ്ഞുകാലവുമൊത്ത്‌ ഒരു പക്ഷിയെപ്പോലെ പറന്നുനടക്കാം.ഇടക്കിടെ മഞ്ഞിന്‍പാളികള്‍ പിളര്‍ന്ന് വീട്ടുമുറ്റങ്ങളിലേക്ക്‌ തത്തിയിറങ്ങാം.താഴ്തിയിട്ടിരിക്കുന്ന ഷട്ടറുകള്‍ക്കിടയിലൂടെ തണുത്തകാറ്റ്‌ വീശുമ്പോള്‍ മഞ്ഞിന്റെ താഴ്‌വാരതിലൂടെ ഒരു ബസ്സ്‌ നഗരത്തിലേക്ക്‌ തിരിക്കുന്നു.പഴയ ഓര്‍മ്മകള്‍ തിളങ്ങുന്നത്‌ ബസിനുള്ളിലെ യാത്രക്കാരനിലാണോ? അതോ വഴിയോരത്തുനിന്ന് ബസിനെ യാത്രയാക്കുന്ന കുട്ടിയുടെ കണ്ണുകളിലാണോ?എല്ലായിടത്തും മഞ്ഞുകാലം പരക്കുന്നു.സ്നേഹത്തിന്റെ നനവാര്‍ന്ന കണ്ണുകളില്‍, സ്വപ്നഖണ്ഡങ്ങളില്‍, എന്തിനു ഗ്രീഷ്മോന്മാദത്തില്‍ പോലും ഹേമന്തക്കാറ്റിനു പരക്കാം. ഭാവിയുടെ നിഗൂഡതകള്‍ക്കപ്പുറമുള്ള ശരത്‌ കാലത്തിലും ഹേമന്തത്തിന്റെ സ്പര്‍ശമുണ്ട്‌.ഒരാളുടെ ശവമഞ്ചത്തിലും അയാളുടെ ബാല്യം ഉണര്‍ന്നിരിക്കുന്നു.ഇല്ലെങ്കില്‍ കുറഞ്ഞപക്ഷം ഉറങ്ങിക്കിടക്കുകയെങ്കിലും ചെയ്യുന്നുണ്ട്‌,

Comments