Posts

Showing posts from 2020

നോക്കുകുത്തി

നോക്കുകുത്തികളുടെ ഗ്രാമത്തില്‍ എല്ലാം ശാന്തമായിരുന്നു. എല്ലാം സുന്ദരമായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി. അവിടെയും ഇവിടെയും  അങ്ങനെയും ഇങ്ങനെയും നോക്കുകുത്തികള്‍! മഴയില്‍ നനഞ്ഞും വെയില്‍ചൂടില്‍ തപിച്ചും മഞ്ഞില്‍ നിശ്ചലരായും വസന്തം വന്നതറിയാതെയും നോക്കുകുത്തികള്‍. വല്ലപ്പോഴും പറന്നെത്തുന്ന പക്ഷികളോ ഇഴഞ്ഞെത്തുന്ന ഉരഗങ്ങളോ വഴിതെറ്റിയെത്തുന്ന മൃഗങ്ങളോ അവിടെ തങ്ങിയില്ല. മരക്കൊമ്പുകളിലും വഴിയോരങ്ങളിലും കുളക്കടവുകളിലും കൃഷിസ്ഥലങ്ങളിലും ഒറ്റയായോ കൂട്ടംകൂടിയോ നില്ക്കുന്ന കോമാളികളോ രുദ്രന്മാരോ ആയ നോക്കുകുത്തികളോട് വിശേഷിച്ചൊരു വികാരവും അവര്‍ക്കാര്‍ക്കും തോന്നിയിട്ടുണ്ടാവില്ല. മഴയിലും കാറ്റിലും അംഗഭംഗംവന്ന നോക്കുകുത്തികള്‍ പാറിക്കളിക്കുന്ന അവയവങ്ങളോടെ അവിടെയും ഇവിടെയും അങ്ങനെയും ഇങ്ങനെയും..... വല്ലപ്പോഴും വന്നുപോകുന്ന മനുഷ്യര്‍ വിളവെടുപ്പോ കൃഷിപ്പണിയോ കഴിഞ്ഞ് അന്തിയോടെ മടങ്ങിപ്പോയി. ചിലപ്പോള്‍ പുതിയൊരു നോക്കുകുത്തിയെ  പ്രതിഷ്ഠിച്ചു. ഒരു ദിവസം ഒരാള്‍ വന്നു. കൃഷിപ്പണിക്കല്ല. വഴിപോക്കനുമല്ല. അങ്ങനെ ഒരാള്‍ അതിനുമുമ്പ് വന്നിട്ടില്ല. മരക്കൊമ്പിലിരുന്ന ഒരു നോക്കുകുത്തിയോട് അയാള്‍ സംഭാഷണം തുടങ്ങ...

ഉറുമ്പ്

ദൈവത്തിന്‍റെ പുസ്തകശാലയിലൂടെ ഒരു ഉറുമ്പ് സായാഹ്നസവാരിക്കിറങ്ങി. പുസ്തകശാലയുടെ വൈവിദ്ധ്യവും വൈപുല്യവും ഏകാന്തതയുമൊന്നും ഉറുമ്പിന് അറിയില്ലായിരുന്നു. അന്നത്തെ യാത്ര  വിരസമായെന്ന വിലയിരുത്തലോടെ ഉറുമ്പ് മാളം പൂകി. മാളത്തിന്‍റെ മൂലയില്‍ വെളിച്ചത്തിന്‍റെ ഒരു ചില്ല ദീപ്തമായത് അന്നുമുതലാണ്. ഉറക്കത്തെ  സ്വപ്നങ്ങള്‍കൊണ്ട് പുതപ്പിക്കുമ്പോള്‍ പുതിയ ഒരുകൂട്ടം മിന്നാമിനുങ്ങുകളെന്ന്‍ ഉറുമ്പ് വെറുതെ പിറുപിറുത്തു. പിന്നെ ഉറങ്ങിപ്പോയി. വെളിച്ചത്തിന്‍റെ ആ ചില്ല എത്രയോകാലം  ഉറുമ്പിനും മാളത്തിനും കാവല്‍ നിന്നു. അതൊന്നും ആരും ശ്രദ്ധിച്ചില്ല. കാലങ്ങള്‍ കഴിഞ്ഞ് ഉറുമ്പ് മരിച്ചു. അതോടെ വെളിച്ചത്തിന്‍റെ ആ ചില്ല ഇല്ലാതായി. മാളത്തിലെ മറ്റുറുമ്പുകള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. വറുതിക്കാലത്തിനുള്ള തയാറെടുപ്പിന്‍റെ തിടുക്കത്തിലായിരുന്നു അവര്‍.

ജലഘടികാരം

ജലഘടികാരങ്ങളുടെ വലിയൊരുദ്യാനമായിരുന്നു അത്. അയാള്‍ ആ ഉദ്യാനത്തിന്‍റെ സൂക്ഷിപ്പുകാരനും. പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള ജലഘടികാരങ്ങള്‍. അവ സമയത്തെ അളന്നുകൊണ്ടിരുന്നു. ചാഞ്ഞും ചരിഞ്ഞും പൂത്തും  തളിര്‍ത്തും ചിരിച്ചും കരഞ്ഞും ഉദ്യാനത്തില്‍ അവ ജീവിച്ചു. 2 ഇളം മഞ്ഞുള്ള പ്രഭാതങ്ങളില്‍ ജലഘടികാരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അയാള്‍ വെറുതെ ചിന്തിക്കും. വെറും ചിന്തകള്‍. പല വേഗത്തില്‍ സ്പന്ദിക്കുന്ന ജലഘടികാരങ്ങള്‍  ഓര്‍മ്മയെയും മറവിയെയും ഒരുപോലെ സ്പര്‍ശിക്കും. മധ്യാഹ്നസൂര്യന്‍ ജലഘടികാരങ്ങളെ ബാഷ്പീകരിക്കുമ്പോള്‍ തുലനത വീണ്ടെടുക്കുവാന്‍ അയാള്‍ ജലഘടികാരങ്ങള്‍ക്ക്  തുണയാവും. ചിലപ്പോള്‍ അവയുടെ താളം മാറുന്നത് അയാള്‍ വിസ്മയത്തോടെ അറിയും. സായാഹ്നങ്ങളില്‍ ജലഘടികാരങ്ങളുടെ നീണ്ട നിഴലുകളില്‍ ചവിട്ടി അയാള്‍ നടക്കും. വിഷാദത്തിന്‍റെ സ്പന്ദനങ്ങള്‍ ഒന്ന് മറ്റൊന്നിനു മുകളില്‍ കലരുന്നതും മരങ്ങള്‍ ഇലപൊഴിക്കുന്നതും കാറ്റ് ചിലപ്പോള്‍ നിശ്ചലമാകുന്നതും ഈ നേരത്താണ്. രാവുകളില്‍  പലനിറമുള്ള വെളിച്ചം ഉദ്യാനത്തെ അലങ്കരിക്കുമ്പോള്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. അയാള്‍ അവരോട് ജലഘടികാരങ്ങളെക്കുറിച്ച് വ...

കലണ്ടർ

പുതുവര്‍ഷം പിറന്നതറിയാതെ അവിടെയും ഇവിടെയും ചിലരൊക്കെ. കലണ്ടറുകള്‍ക്ക്  മെരുക്കാനാവാത്ത കാലം പോലെ ആകാശം പോലെ അവിടെയും ഇവിടെയും ചിലരൊക്കെ. അവള്‍ക്ക്  തുറക്കാന്‍ വാതിലില്ല. അടയ്ക്കാന്‍ ലജ്ജയുമില്ല. അടിവസ്ത്രമില്ലാത്ത പ്രണയവും പേറി അവിടെയും ഇവിടെയും അവളുണ്ട്. അവന്‍ തടവറയിലാണ്. അവിടെ കലണ്ടര്‍ മറിയുന്നത് ഉടമയുടെ ഔദാര്യം കൊണ്ടുമാത്രം. അപരിചിതമായ ഭാഷയില്‍  പാറാവുകാരന്‍ ചിരിക്കുമ്പോള്‍ അവന്‍ ഭാഷയില്ലാത്ത ലോകത്തെ സ്വപ്നം കാണുന്നു. കലണ്ടറുകളില്ലാത്തവര്‍ കലണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ കലണ്ടറുകള്‍ കണ്ടിട്ടില്ലാത്തവര്‍ കലണ്ടറുകളെ അറിയാത്തവര്‍ അങ്ങനെ ചിലരുണ്ട് അവിടെയും ഇവിടെയും. അദൃശ്യരും  അടയാളങ്ങളില്ലാത്തവരുമാണവര്‍ അവിടെയും ഇവിടെയും  അങ്ങനെയും ചിലരുണ്ട്. ........

പറന്നകലുന്ന ഡിസംബർ

പറന്നകലുകയാണ് ഡിസംബര്‍. കൊഴിയുകയാണ് ഒരില. വിരഹത്തിന്‍റെ മാസം. പ്രണയമുഗ്ദ്ധതയുടെ മാസം. സന്ധ്യകളുടെ മാസം. തണുത്ത രാവുകളുടെയും. ആകാശത്തിലൂടെ തനിയെ പറന്നുപോകുന്ന പക്ഷി. കരിയിലകള്‍ക്കിടയില്‍ മഞ്ചാടിക്കുരു തേടുന്ന കുട്ടി. ഊരിവച്ച ഒറ്റപ്പാദസരം. ഡിസംബര്‍. ധനുമാസത്തിനെ പാതിവഴിയില്‍ വെടിഞ്ഞ് മടങ്ങുമ്പോള്‍ ഉറയൂരിയ പാമ്പാണോ വിധുരകാമുകനാണോ മഞ്ഞില്‍ അദൃശ്യമായ താഴ്വരയാണോ ആരാണ് നീ? ഡിസംബര്‍! നിന്‍റെ തണുത്ത വിരലുകളില്‍ സ്പര്‍ശിക്കുമ്പോള്‍ സ്നേഹത്തിന്‍റെ ചില്ലപോലെ എവിടെയോ ഒരു മഴവില്ല് വിരിയുന്നു. മറ്റെല്ലാം മാഞ്ഞുപോകുന്നു. ഡിസംബര്‍ ഈ രാവില്‍ ഞാന്‍ നിന്നില്‍ ഉറങ്ങുന്നു. ഡിസംബര്‍......... ഡിസംബര്‍.......... ....

കവിത

കവിതകളുണ്ട്, എഴുതപ്പെടാത്തതും വായിക്കപ്പെടാത്തതുമായി. ആറ്റുവക്കിലും  നഗരാരവങ്ങള്‍ക്കിടയിലും ചിലപ്പോള്‍ അവയെ കണ്ടുമുട്ടും. എങ്ങിനെയോ വന്നെത്തുന്ന പഴയ പത്രക്കടലാസുകഷണത്തില്‍ കാറ്റിലെ കരിയിലകളില്‍ അങ്ങനെ പലേടത്തും അവയുണ്ടാവാം. പൂക്കൈതകള്‍ക്കിടയില്‍ പതുങ്ങിനില്‍ക്കുന്ന ഒരു കവിതയിലേക്ക്  ഒരിക്കല്‍ ഞാന്‍ പ്രവേശിച്ചു. കുറെനാള്‍ പിന്നെ എനിക്ക് കൈതപ്പൂവിന്‍റെ മണമായിരുന്നു. മറ്റുള്ളവരില്‍നിന്ന്‍  എന്നെ മറച്ചുപിടിക്കാന്‍ ഞാന്‍ എത്ര പാടുപെട്ടു. ചന്തയിലെ മീന്‍കാരിയില്‍നിന്ന്‍ തട്ടുകടയിലെ ചായക്കോപ്പയില്‍ നിന്ന്‍ പാഞ്ഞുപോകുന്ന വാഹനങ്ങളില്‍നിന്ന്‍ കൂട്ടമായി നടന്നുപോകുന്ന കുട്ടികളില്‍നിന്ന്‍ എവിടെ നിന്നെങ്കിലുമൊക്കെ എന്നിലെ സുഷിരങ്ങളിലൂടെ അവ ഉള്ളിലേക്ക് കടക്കും. പിന്നെ പനിപിടിച്ച ദിനങ്ങളായിരിക്കും. പാതിവെന്ത ഭക്ഷണത്തിലൂടെ പാപങ്ങളിലൂടെ ദഹനക്കേടിലൂടെ ഓക്കാനത്തിലൂടെ പാതിബോധവുമായി  ഞാനങ്ങനെ കടന്നുപോകും. സര്‍പ്പദംശനമായി എന്നിലേക്ക്‌ കടന്ന  കവിതയിലെ വിഷം ഒരുവശം തളര്‍ത്തിയ  ഒരാളാണ് ഞാന്‍. ഭൂമിയെപ്പോലെ അല്ലേ? ഭൂമിയുടെ ഒരുവശത്ത്‌ രാവല്ലേ! എഴുതപ്പെടാത്ത കവിതകള്‍ സത്യത്തില്‍ എല്ലായിടത...

ലിംഗാതീതം

പെണ്ണിന്‍റെയും ആണിന്‍റെയും അടയാളങ്ങള്‍ പതിഞ്ഞ ശരീരവുമായി ലിംഗാതീത/തന്‍ ദേവാലയത്തില്‍ എത്തി, ആണിപ്പാടുകള്‍ പതിഞ്ഞ ശരീരത്തിലെ ചോരപ്പാടുകണ്ട് പൂജാരി പറഞ്ഞു: അകത്തു പ്രവേശിക്കരുത്. എല്ലാം മലിനമാകും. പിന്നീട് പുരുഷവേഷമണിഞ്ഞ്‌ ദേവനെത്തേടി ചെന്നപ്പോള്‍ വിഗ്രഹത്തിലെ പൂമാലകള്‍ പെട്ടെന്ന് വാടി. ദേവനാണോ അതോ താനാണോ കുഴപ്പം ചെയ്യുന്നതെന്നോര്‍ത്ത് ലിംഗാതീതന്‍ പ്രദക്ഷിണവഴികളിലൂടെ ഭ്രമണം ചെയ്തു. അതേ വേഷത്തില്‍  ദേവിയുടെ അരികില്‍ ചെന്നപ്പോള്‍ ശ്രീകോവിലിലെ വാതില്‍ അടഞ്ഞു. ദീപങ്ങള്‍ അണഞ്ഞു. എന്താണിങ്ങനെ എന്ന ചോദ്യവുമായി അമ്പലച്ചുവരുകളില്‍ തൊടാതെ ലിംഗാതീതന്‍ മടങ്ങിപ്പോയി. സ്തീവേഷത്തില്‍ ചെന്നപ്പോള്‍ ദേവസാന്നിധ്യത്തില്‍ ലിംഗാതീതയുടെ ഉടയാടകള്‍ അലിഞ്ഞുപോയി. ചുറ്റുമുണ്ടായിരുന്ന ഭക്തര്‍ അദൃശ്യരായി. ദേവസന്നിധിയിലെ ഏകാന്തതയില്‍ പരിഭ്രമിച്ച് ലിംഗാതീത തിരിച്ചുപോയി. ദേവിക്കരികില്‍ എത്തിയപ്പോള്‍ ലിംഗാതീതയുടെ വസ്ത്രങ്ങള്ക്ക്  തീപിടിച്ചു. അഗ്നിവസ്ത്രങ്ങളോടെ  ലിംഗാതീത പ്രാര്‍ഥിച്ചു. പൊള്ളലേറ്റ ശരീരവുമായി മടങ്ങി. നഗ്നയായി സ്വന്തം ശയ്യയിലിരുന്ന്‍ ലിംഗാതീത/തന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി. അക്ഷരങ്ങള്‍ തെളിഞ്ഞില...

വാർദ്ധക്യം

അന്ത്യമായ അപഗ്രഥനത്തില്‍ യൌവനം വാര്‍ദ്ധക്യത്തെക്കാള്‍ ഏകാന്തമാണെന്ന് ആന്‍ഫ്രാങ്ക് കുറിച്ചുവച്ചത് വായിച്ച് ഉവ്വെന്ന് ഞാന്‍ തലയാട്ടിയിട്ടുണ്ട്. ഇപ്പോള്‍  വാര്‍ദ്ധക്യത്തിന്‍റെ പടവുകളിലിരിക്കുമ്പോള്‍ അതിന്‍റെ ഏകാന്തതയെ സ്പര്‍ശിക്കുമ്പോള്‍ ചിലതൊക്കെ മനസ്സിലാവുന്നുണ്ട്. യൌവ്വനത്തിലെ ഏകാന്തത  - ആള്‍ക്കൂട്ടത്തിലെ ഏകാന്തതയാണ്. നമ്മള്‍ മെനഞ്ഞെടുക്കുന്ന ഏകാന്തത. എന്നാല്‍  വാര്‍ദ്ധക്യത്തിലെ കാര്യം അതല്ല. വിജനമായ തീരമാണത്. ചുറ്റും ശൂന്യതയാണ്. മറ്റാരോ പണിതുവച്ച ഏകാന്തതയുടെ തീരത്തില്‍ നമ്മള്‍ ഉപേക്ഷിക്കപ്പെടുകയാണ്. കുരിശില്‍ നമ്മള്‍ തറയ്ക്കപ്പെടുകയാണ്. രതിയില്‍ നമ്മള്‍ നിര്ജ്ജകലീകൃതരാവുകയാണ്. ഏകാന്തത ഭ്രാന്തിന്‍റെ ശരീരമെന്നതിനേക്കാള്‍ ഭ്രാന്ത് ഏകാന്തതയുടെ ശരീരമാണ്. സ്വപ്‌നങ്ങള്‍ ചെന്നെത്താത്ത  ഇരുണ്ട ഇടവഴിയാണത്. രാത്രിയിലെ ഒച്ചയില്ലാത്ത നടത്തയാണത്. ശരീരങ്ങള്‍ സമ്മേളിക്കാത്ത ആലിംഗനമാണത്. യൌവ്വനത്തിലെ ഏകാന്തതയില്‍ ഇതിനു വിലോമമാണ് കാര്യങ്ങള്‍. ശവത്തിനോടെന്നപോലെ വൃദ്ധര്‍ ഏകാന്തതയോട് സംസാരിക്കാറുണ്ട്. ചെറുപ്പക്കാര്‍ക്കെന്നല്ല  മറ്റു വൃദ്ധര്ക്കും  അത് കാണാനാവില്ല. ചെറുപ്പക്കാര്...

ശില

പലര്‍ക്കു വേണ്ടി ഞാന്‍ വരച്ചു ചിത്രങ്ങള്‍.  പലര്‍ക്കായ് പാഴ്പ്പാട്ടു  പലതു പാടി ഞാന്‍. നിനക്കു മാത്രമായ്   ഒരു പാട്ടുപാടാന്‍ തുടിക്കയാണിപ്പോള്‍, തപിക്കയാണിപ്പോള്‍.   ആരാണുനീയെന്നറിയില്ലയെങ്കിലും  ഏതോ മൃദു സ്വപ്നമാണു നീ നര്‍ത്തകീ... ശലഭമായ് പാറിപ്പറക്കയാണു നീ. ഇടയ്ക്കിടെ ഞാനാം ശിലയില്‍ വന്നാര്‍ദ്രം ചിറകനക്കുന്നു.   ശിലയാണെങ്കിലും  അലിഞ്ഞു പോകുന്നേന്‍. ശിലയെന്നു നമ്മള്‍  കരുതുവതെല്ലാം ശിലയല്ല. വെറും നിശ്ശബ്ദതയല്ല.  ശിലകളോര്‍മ്മിക്കും, കിനാവുകള്‍ കാണും.  അതിനെ സ്പര്‍ശിക്കും മധുരിമകളില്‍  സ്വയം വിടര്‍ന്നിടും, അഹല്യയെപ്പോലെ. ശിലയാണെങ്കിലും   മനുഷ്യനാണു ഞാന്‍.

ഡിസംബർ

ഡിസംബര്‍ വന്നല്ലോ. മഞ്ഞു പരക്കുന്നു. പഥികര്‍ മഞ്ഞുംമൂടി നടന്നു പോകുന്നു. പരസ്പരം കാണാ വഴികളിലൂടെ ചരിക്കയാണവര്‍. ഇനി വരാനുണ്ട് മനുഷ്യപുതന്‍റെ പിറവിനാള്‍, പിന്നെ പുതു വര്‍ഷത്തിന്‍റെ ശൈത്യ ദിനങ്ങളും ശീതം ഉറവയില്‍ താഴ്ത്താത്തിടങ്ങളും എങ്കിലും ഡിസംബര്‍! ശൈത്യത്തിന്‍ ദിനങ്ങള്‍. നനവുമൂടിയ വഴികളിലൂടെ നടന്നിടാം ചില പതിവു കാഴ്ച്ചകള്‍ മഞ്ഞില്‍ കുതിര്‍ന്നു നില്‍പ്പതിന്നിടയില്‍ സ്വപ്നത്തിന്‍ പലതാം വിത്തുകള്‍ വിതച്ച് കാത്തിടാം. ഡിസംബര്‍ കൂട്ടരേ ഡിസംബറാണിനി!

ജാലകം

ജാലകം തുറന്നു ഞാന്‍ ജാലകമടച്ചുനീ. ഒച്ചയില്ലാതെ ഞാനെന്‍ ജാലകമടയ്ക്കുമ്പോള്‍ നിന്‍റെ ജാലകപ്പാളി മന്ദം നീ തുറന്നെന്തേ? കാറ്റുവീശുമ്പോള്‍ നിന്‍റെ ജാലകത്തിരശ്ശീല കാറ്റില്‍ മന്ദമായ് പാറി. കാറ്റില്ലാതെയും പാറി. എന്‍റെ ജാലകത്തിനോ തിരശ്ശീലകളില്ല. നിന്‍റെ ജാലകത്തിനു ഭംഗിയേറ്റുവാനാകാം പല തിരശ്ശീലകള്‍ ജാലകത്തില്‍ നീ ചാര്‍ത്തി.. മിന്നുന്ന തിരശ്ശീല. പാറുന്ന തിരശ്ശീല. ലജ്ജിക്കും തിരശ്ശീല സ്പന്ദിക്കും തിരശ്ശീല കരഞ്ഞും ചിരിച്ചാര്‍ത്തും മൂകമാം വിഷാദത്താല്‍ തളര്‍ന്നും  ലജ്ജാപൂര്‍ണം തുടുത്തും ഭയത്തിന്‍റെ ഇടറും വഴികളില്‍ ഭ്രമിച്ചും പലപല തിരശ്ശീലകള്‍ പാറി. മാറുന്ന നിറങ്ങളാല്‍ ചിത്രതാളം പേറുന്ന  വിസ്തൃത വൈവിദ്ധ്യത്താല്‍ ചിലപ്പോളടഞ്ഞതാം  പാളിതന്‍ ഇരുട്ടിനാല്‍ തിരശ്ശീലയേയില്ലാ നിഷ്കളങ്കതയാലും സ്വപ്നത്തിലുലാത്തി നാം. നമ്മളെ മറച്ചോരു, ജാലകങ്ങളില്ലാത്ത പര്‍വതസമാനമാം കെട്ടിടമുയര്‍ന്നതും ഇമപൂട്ടിയ കാറ്റും ഇരുളിന്‍ വലചാര്‍ത്തും എന്‍റെ ജാലകവാതില്‍ നിത്യമായടച്ചതും കാലത്തിന്‍ വഴിവക്കില്‍ ശിലകളല്ലെന്നാകില്‍ ഉറയൂരിയവെറും പാമ്പിന്‍ ചട്ടകളായി നമ്മള്‍ മാഞ്ഞുപോയതും കഥയോ കഥയില്ലാ പ്പടവില്‍ പിടയുന്ന കാലമോ, അറിയില...

കാലമോ, നക്ഷത്രമോ

തുറന്നു ഞാന്‍ തുറക്കാത്ത അറകള്‍  നിനക്കായി. കുഞ്ഞു രഹസ്യങ്ങള്‍, സ്വപ്‌നങ്ങള്‍ തന്‍ മഞ്ഞക്കൊട്ടാരങ്ങള്‍, സന്ധ്യതന്‍ തുടിപ്പ്, മഴച്ചിരിയും കരച്ചിലും. തുറന്നൂ നിനക്കു ഞാന്‍ തുറക്കാ വെളിച്ചങ്ങള്‍. മാനം കാണാത്ത മറുകുകള്‍. ജലം തുളുമ്പാത്തടാകങ്ങള്‍ മണല്‍ച്ചുഴികള്‍ മാരിവില്ലുകള്‍ മയില്‍പ്പീലികള്‍ മരീചികകള്‍. തുറന്നൂ നമ്മള്‍ മെല്ലേ പിന്നെയും കവാടങ്ങള്‍. പിറന്നൂ പുതുലോകം. തണുപ്പില്‍ ഉറങ്ങിയും താപത്തില്‍ പ്രകാശിച്ചും രാത്രിയില്‍ സന്ദേഹിച്ചും ശിശിരത്തിലേകാന്തം വിരലാല്‍ വിരല്‍ കോര്‍ത്തും എത്ര പുതുലോകങ്ങള്‍  എത്ര പുതുക്കാഴ്ചകള്‍  തുറന്നൂ നമ്മള്‍ പിന്നെ എത്രയോ കവാടങ്ങള്‍. കാറ്റുവന്നു തുറന്ന കവാടങ്ങള്‍ മൃത്യു രാവിലടച്ച കവാടങ്ങള്‍ അഗ്നിയാകെയുലച്ച കവാടങ്ങള്‍ താഴുവീണു ദ്രവിച്ച കവാടങ്ങള്‍ പുത്തനായി പണിത കവാടങ്ങള്‍ കത്തിക്കത്തിപടരും കവാടങ്ങള്‍ അണയും കവാടങ്ങള്‍ ഉയരും കവാടങ്ങള്‍. എത്രയെത്ര കവാടങ്ങളങ്ങനെ! എന്നു നാം തുറന്നത്? എന്നു നാം അടച്ചത്? കവാടം തുറന്നാരോ വരുന്നു. ഇന്നോളം വരാത്തൊരാള്‍ കവാടം തകരുന്നു. ഒടുവിലെത്തുന്നൂ, നാം ആകാശകവാടത്തില്‍ അഗ്നിതന്‍ കവാടത്തില്‍ സമുദ്രകവാടത്തില്‍ പര്‍വതതടാകത്തില...

നദി

കടലിലേക്കൊഴുകാന്‍ മടിച്ച ഒരു നദി ഉണ്ടായിരുന്നു. അല്ല, ഇപ്പോഴുമുണ്ട്. മഴയിലും കൊടുങ്കാറ്റിലും മലവാരത്തിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ തന്നെ മനസ്സിലെവിടെയോ സമുദ്രമെന്നൊരു വിചാരം ഉണ്ടായിരുന്നു. കരിയിലകളെ നനച്ചും പുല്‍ത്തലപ്പുകളെ തലോടിയും മഹാവൃക്ഷങ്ങളെ നമിച്ചും സാനുക്കളിലൂടെ ഒഴുകുമ്പോള്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. എല്ലാം വിശുദ്ധമാക്കുകയായിരുന്നു. സ്വയം ശുദ്ധീകരിക്കുകയായിരുന്നു. ഒരു മധ്യാഹ്നഭംഗിയിലൂടെ പുളഞ്ഞൊഴുകുമ്പോള്‍  സ്വന്തം തിളക്കത്തില്‍  അഭിമാനം തോന്നി. തിളങ്ങുന്ന ഉടലും നൃത്തത്തിന്‍റെ കിലുക്കങ്ങളും എവിടെയൊക്കെയോ പ്രതിഫലിച്ചു. വെറുതെയുള്ള വെറും ഒഴുക്കിനപ്പുറം മനസ്സില്‍ ചിലത് തെളിഞ്ഞു. അങ്ങനെ ഒഴുക്കിന്‍റെ ദിശ മാറ്റി. പുതിയ മരങ്ങളെ കണ്ടു. കരിയിലകളെയും മണ്ണിനെയും പുല്‍നാമ്പുകളെയും ധ്യാനിക്കുന്ന വിത്തുകളെയും മൃഗങ്ങളെയും പക്ഷികളെയും  മനുഷ്യരെയും കണ്ടു. ദാഹമകറ്റുവാനും ശുദ്ധീകരിക്കുവാനും പ്രണയിക്കുവാനും മരിക്കുവാനും പലര്‍ വന്നു. എല്ലാവരെയും ചുംബിച്ചുകൊണ്ട് പുഴ ഒഴുകി. അമ്മയായും മകളായും പുരുഷനായും അല്ലാതെയും പ്രണയശയ്യയായും മരണതല്പമായും പലപല ച്ഛായകള്‍! സമുദ്രത്തില്‍ ഭ്രമിക്കാതെ വളവു...

നർത്തകി

നൃത്തം പാതിയിലുപേക്ഷിച്ച് പ്രണയത്താല്‍ തുടുത്തവളേ, നീ ഊരിവച്ച ചിലങ്ക  സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു. പകുതിയില്‍ മുറിഞ്ഞ നിന്‍റെ നൃത്തം ഞങ്ങള്‍ക്ക് ചോര പൊടിയുന്ന ഓര്‍മ്മ. നടനവിസ്മയമേ, നിന്‍റെ പടവുകളില്‍ ഞങ്ങള്‍ ഇരിക്കുന്നു.  ഇനിയില്ല  ഒരിക്കലും മടങ്ങിവരാത്ത താരുണ്യത്തിന്‍റെ മുഗ്ദ്ധഹാസങ്ങള്‍. ജീവിതത്തിന്‍റെ  നശ്വരത പ്രണയത്തിന്‍റെ അണഞ്ഞ വഴികളിലോ പാതിയിലുപേക്ഷിച്ച ചിലങ്കയിലോ എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാതിയിലുപേക്ഷിച്ച നിന്‍റെ നൃത്തം ഇപ്പോഴും പിടയുകയാണ്. കാലം കടന്നുപോയല്ലോ! നിനക്കതിനി വീണ്ടെടുക്കാനാവില്ല. സ്വയംഹത്യയുടെ ഇരുണ്ട വഴികളില്‍ നീ തെരഞ്ഞത്‌ നിന്നെയാണോ? പ്രണയം എന്നത് അടഞ്ഞ വാതിലാണോ? അഴിച്ചുവച്ച ചിലങ്കയില്‍ കാറ്റുവീശുന്നു. ചെറിയ ശബ്ദം, ഓര്‍മ്മകളില്‍ ഹരിതകാന്തി ചൊരിയുന്നു. ആരാലും സ്പര്‍ശിക്കപ്പെടാതെ ആ ചിലങ്ക അവിടെയുണ്ട്. നിനക്കെന്നല്ല, ആര്‍ക്കുമതിനെ തൊടാനാവില്ല.    ഹേ ചിലങ്കേ! നിന്നില്‍ ഹിമകണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. കാലത്തിന്‍റെ കണ്ണീര്‍ക്കണങ്ങള്‍. എന്‍റെയും ഒരു തുള്ളി കണ്ണീര്‍. ഗതകാലത്തിന്‍റെ അടയാളം. നിശ്ശബ്ദമായ വെറും അടയാളം.

താജ്മഹൽ

താജ്മഹല്‍ 1 ഹേമന്തകാലത്തിന്‍റെ വിരലില്‍ പിടിച്ചവള്‍ പോയൊരുനാളില്‍ താജില്‍ സ്വപ്നത്തിന്‍ സവിധത്തില്‍. പ്രണയത്തിന്‍ നാളതിൽ കാമുകനവളുടെ നെറ്റിയില്‍ ചുംബിക്കവേ അകലെ തെളിഞ്ഞൂ താജ്. അതിന്‍റെ മിനാരങ്ങള്‍, ഭംഗികള്‍, വിതാനങ്ങള്‍ അകലെ നിന്നും മെല്ലെ അരികിലണഞ്ഞപ്പോള്‍ ചുംബനലഹരിയില്‍  തിളങ്ങീ കണ്ണീര്‍ക്കണം. 2 അവര്‍ താജ്മഹലില്‍ ചെന്നപ്പോള്‍ അവിടെ സന്ദര്‍ശകരാരും ഉണ്ടായിരുന്നില്ല. പാറാവുകാരന്‍ ഉറക്കം തൂങ്ങുകയായിരുന്നു. സുഗന്ധം പരത്തുന്ന വാതിലുകള്‍ കടന്ന്‍ അവര്‍ അകത്തെത്തി. നിഗൂഢമായ നിശ്ശബ്ദതയുടെ ശൃംഗത്തില്‍, തോണിത്തലപ്പിലെന്നോണം മുംതാസ്മഹല്‍ ഇരിക്കുകയായിരുന്നു. ചക്രവര്‍ത്തിനിയുടെ അഴിച്ചിട്ട തലമുടിയില്‍ സുന്ദരിയായ ഒരു ഹിജഡ സുഗന്ധതൈലം പുരട്ടുകയായിരുന്നു. അവളെക്കണ്ടപ്പോള്‍ മുംതാസ്, ഹിജഡയെ അപ്രത്യക്ഷയാക്കി. പിന്നെ അവളും കാമുകനും രാജ്ഞിയും മാത്രമായി. അവള്‍ മുംതാസ് മഹലിന്‍റെ കാര്‍മേഘസദൃശമായ തലമുടിയില്‍ സുഗന്ധതൈലം പൂശി. അമ്മ മകളെ എന്നപോലെ അവളെ അവര്‍ മാറിലേക്കണച്ചു. ഗൗഹാരാ എന്നു വിളിക്കുക മാത്രമല്ല അവളെ മടിയില്‍ കിടത്തി മുംതാസ് മുലപ്പാലൂട്ടുകയും ചെയ്തു. അവര്‍ക്കിടയില്‍ നിന്ന് വസ്ത്രങ്ങള്‍ അലിഞ്ഞുപോയി. 3 ...

വീട്

ഇടവഴിയിലെ അഞ്ചാമത്തെ വീടിനെ ഇപ്പോഴും ഓര്‍മ്മിക്കുന്നു. വെണ്ണയുടെ നിറമുള്ള ചായമടിച്ച വീട്. ഒറ്റനിലയുള്ള വാര്‍പ്പുവീട്. മതിലിനു മുകളില്‍ വെള്ളപ്പൂച്ച. ചുകപ്പിന്‍റെ പരവതാനി വിരിക്കുന്ന ചാമ്പമരം. ആ വീട്ടില്‍ ഒരമ്മയും അച്ഛനും മൂന്നു കുട്ടികളും. ഒരു പെണ്ണ്, രണ്ടാണ്.... കനകാംബരം ആ മുറ്റത്ത് ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെന്നു തോന്നുന്നു. ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്‌? വാടകവീടായിരുന്നു. പലരും മാറി മാറി വന്നിരിക്കാം. എന്നാല്‍ എന്‍റെ ഓര്‍മ്മയില്‍ ആ വീടെന്നത്‌ അവരാണ്. വെള്ള ഗ്ലാക്സോ വേഷ്ടിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമുള്ള ആ മനുഷ്യന്‍. ഞാന്‍ കോളെജിലേക്ക് പോകുമ്പോള്‍ അല്ലെങ്കില്‍ സ്കൂളിലേക്ക് പോകുമ്പോള്‍ അയാള്‍ ഓഫിസിലേക്ക് പോകും. മൂന്നു കുട്ടികളും അമ്മയും ടാറ്റാ പറയും. അവരൊക്കെ അതൊക്കെ മറന്നിരിക്കാം. എന്നാല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ഏറ്റവും ചെറിയ ആ മോളുടെ ചിരി എത്ര മനോഹരമായിരുന്നു. ആ സന്തോഷങ്ങള്‍ ഞാന്‍ രഹസ്യമായി നുകര്‍ന്നത്‌ അവരാരും അറിഞ്ഞില്ല. ഇനിയുമുണ്ട് പലതും കുറിക്കാന്‍ ആ വീടിനെക്കുറിച്ച്. എന്നാല്‍ എല്ലാം കുറിക്കാന്‍ കഴിയില്ല. എല്ലാം കുറിക്കാനാവില്ല. ഒരു ദിവസം ഇനിയും അതുവഴി നടക്കണം. ആ വെണ...

വിതാനങ്ങൾ

വിതാനങ്ങൾ ജലത്തിലൂടൊരാള്‍ ഒഴുകിപ്പോകുന്നു. ജലമനുഷ്യനെന്നവര്‍ പറയുന്നു. ബധിരന്‍ രാവിനെ പുണരുന്നു. രാവിന്‍ ഇരുളില്‍  ചെമ്പകം പുളകമാര്‍ക്കുന്നു. ചില കുമാരിമാര്‍ വരുന്നു. കാടിന്‍റെ വിജനതകളില്‍ അവര്‍ ചരിക്കുന്നു. മതിലുകള്‍ ചുറ്റും ഉയരുന്നു. അതിന്‍ മുകളിലൂടൊരു കിളി പറക്കുന്നു. വിധവകള്‍ ചിലര്‍ നിശ്ശബ്ദരാകുന്നു. അവരുടെ വീണ ഉതിര്‍ക്കുന്നു നാദം. മരുഭൂവില്‍ പകല്‍ ജ്വലിക്കുന്നു. പെണ്ണിന്‍ പ്രണയത്തിലോടം അതില്‍ തോണിക്കാരന്‍. മണലിലൂടോടം അതിന്‍ പതാക പാളുന്ന ശിഖരം. വരുന്നു അമ്മയും മകനും. കാലത്തിന്‍ വഴികളിലൂടെ ഒഴുകുന്നോര്‍മ്മകള്‍. അവരിലൂടൊരു പുഴയൊഴുകുന്നു. അവര്‍ക്കായി വാനം ഇതള്‍ വിടര്‍ത്തുന്നു. ജലത്തിലൂടഗ്നി നടപ്പതും പാട്ടിന്‍ അഗാധനീലിമ സ്വയം തുടിപ്പതും മനുഷ്യരും കാടും മൃഗങ്ങളും നാടും പറവകള്‍, പുഴ തൃണങ്ങള്‍, ആകാശം, സമസ്തവും കൂടിക്കലരുന്നു. എങ്ങോ മണി മുഴങ്ങുന്നു.

നീ.....

ഞാൻ നിന്നിൽ പൂത്തുലഞ്ഞപ്പോൾ നീ നടന്ന വഴികളാണിവ. കരിയിലകളിൽ ചവിട്ടുമ്പോൾ മൃദുലമായ കിതപ്പുകൾ പോലെ... നിന്‍റെ പാദങ്ങൾ എവിടെ? പാദസരങ്ങളിൽ പുരണ്ട ധൂളികൾ എവിടെ? ചാമ്പമരത്തിന്‍റെ റോസ് പരവതാനി എവിടെ? ഞാൻ പോലും എവിടെ! ഒച്ച വയ്ക്കാത്ത കാലമേ വക്കുകൾ പൊട്ടിയ പടവുകളേ ഒന്നും പ്രതിഫലിക്കാത്ത കണ്ണാടികളേ കാറ്റിൽ പരക്കാത്ത ഗന്ധങ്ങളേ ഉരുകുന്ന ഹിമപർവതങ്ങളേ ചിലതുണ്ട് പറയുവാൻ. ഒച്ച വയ്ക്കാത്ത കാലത്തിലൂടെ  ഒരു പുഴ ഒഴുകുന്നുണ്ട്. ഒരു ശില്പം ഉരുകുന്നുണ്ട്. ശലഭങ്ങൾ പറക്കുന്നുണ്ട്. വക്കുകൾ പൊട്ടിയ പടവുകളിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്. മഴ പെയ്യുന്നുണ്ട്. പക്ഷി തൂവൽ കൊഴിക്കുന്നുണ്ട്. പ്രതിഫലിപ്പിക്കാത്ത കണ്ണാടികളിൽ പതിഞ്ഞു കിടക്കുന്ന ചിത്രങ്ങളുണ്ട്. പഴയ പാട്ടുകളുണ്ട്. ഒളിപ്പിച്ചുവച്ച ചുംബനങ്ങളുണ്ട്. കാറ്റിൽ പരക്കാത്ത ഗന്ധങ്ങളിൽ ഓർമയുടെ സുഷിരങ്ങളുണ്ട്. നിലാവിന്‍റെ രഹസ്യയറകളുണ്ട്. രാവിന്‍റെ ഇമയനക്കളുണ്ട്. ഉരുകുന്ന ഹിമപർവതങ്ങൾ നക്ഷത്രങ്ങളുടെ പാർപ്പിടം. ഉടമ്പടിയിലൊപ്പിടാത്തവരുടെ വാനം. കരയുന്നവരുടെ കടൽ. ഞാൻ നിന്നിൽ പൂത്തുലഞ്ഞപ്പോൾ നീ നടന്ന വഴികൾ! നമ്മൾ ഇല്ലാതായപ്പോൾ ശൂന്യമായ വഴികൾ!

രാകേന്ദുകിരണങ്ങൾ

പഴയ മധ്യാഹ്നങ്ങളില്‍ തുറന്നിട്ട ജാലകങ്ങള്‍ ആയിരുന്നു. വയലില്‍നിന്ന്‍ വീശുന്ന കാറ്റും ഏതൊക്കെയോ മണങ്ങളും ഉണ്ടായിരുന്നു. ജാലകവിരികളില്ലാത്ത കാലം. പങ്കകളില്ലാത്ത കാലം. റേഡിയോയിലെ ചലച്ചിത്രഗാനം കേട്ടുകേട്ട് ഉറങ്ങിപ്പോയിരുന്ന കാലം. രാകേന്ദുകിരണങ്ങളുടെ കാലം. വൈകുന്നേരങ്ങളില്‍ വൈകിയുണര്‍ന്നാല്‍  സിന്ധുവിനെ കാണാന്‍ പറ്റുമോയെന്ന്‍ വെപ്രാളപ്പെട്ടിരുന്ന കാലം. കോളേജുപഠിത്തം കഴിഞ്ഞ് ജോലിതേടിത്തളര്‍ന്ന കാലം.  ഓ...കാലമെത്ര കഴിഞ്ഞു. വയലുകള്‍ മാഞ്ഞു. പുതിയ വീടുകളും അറിയാത്ത മനുഷ്യരും വന്നു. ജാലകപ്പാളി തുറക്കാതായി. ജാലകവിരികള്‍ പലത് വന്നുപോയി. മരവിച്ച കാറ്റുമായി പങ്ക വെറുതെ കറങ്ങി.  പഴയ റേഡിയോ ആക്രിക്കാരന്‍ കൊണ്ടുപോയി. പുതിയ റേഡിയോ മടിയനായി എപ്പോഴും ഉറങ്ങി. എനിക്ക് ജോലിയായി. ഭാര്യയായി, മകളായി. അയല്‍ക്കാരനായി പാലോട് രവി വന്നു. അധികാരിയായിരുന്ന അച്ഛനും അനുയായിയായിരുന്ന അമ്മയും കാലത്തില്‍ മാഞ്ഞുപോയി.  ഞാന്‍ പുതിയ വീടുവെച്ച് മാറി. ഒരു ദിവസം നെറ്റില്‍ പരതിയപ്പോള്‍ എസ്. ജാനകിയെയും രാകേന്ദുകിരണങ്ങളേയും കണ്ടു. രക്തപരിശോധനാലാബില്‍ വച്ചാണ്‌ സിന്ധുവിനെ പിന്നെ കാണുന്നത്. അപ്പോഴാണ്‌ ജീവിതത്തിലാദ്യ...

ഒറ്റയില

പൂക്കള്‍ കൊഴിഞ്ഞു. ഒരില മാത്രം ശേഷിച്ചു. ചില്ലകള്‍ വരണ്ടുണങ്ങി. കാറ്റ് കടന്നുവരാതായി. പക്ഷികള്‍ കൂട് കൂട്ടാതായി പഥികര്‍ തണല്‍  തെരയാതായി. മഴ തങ്ങി നിന്നില്ല. മഞ്ഞ് സ്വപ്നം വീശിയില്ല. വേനല്‍ ജ്വലിച്ചു. വേരുകള്‍ മൃതമായി. ചിതല്‍പ്പുറ്റുകള്‍ ഉണര്‍ന്നു. ഇരുട്ട് ശിഖരങ്ങളെ പൊതിഞ്ഞു. എന്നിട്ടും ഒരില ശേഷിച്ചു. പ്രഭാതത്തില്‍ അത് മിഴി തുറന്നു. കോഴി കൂകുന്നതും കാക്ക ഉണരുന്നതും കണ്ടു. മീന്‍കാരനേയും  പാല്‍ക്കാരി അമ്മുമ്മയേയും സാകൂതം നോക്കി നിന്നു. കുട്ടികള്‍ ട്യുഷന്‍ ക്ലാസ്സില്‍ പോകുന്നതും മധ്യാഹ്നത്തില്‍ ജാരന്മാര്‍ വരുന്നതും രാത്രിയില്‍ നിഴലുകള്‍ ചലിക്കുന്നതും ഒറ്റയില തനിയെ നോക്കിനിന്നു. ഒറ്റയിലയില്‍ മരം പ്രകാശിച്ചു; അതിന്‍റെ മുഴുവന്‍ ഭൂതകാലത്തോടെയും. പഴയ കാറ്റ്. പഴയ നിബിഢഹരിതച്ഛായകള്‍. പൂക്കള്‍ പക്ഷികള്‍. മരത്തണലിലെ പഥികര്‍. എല്ലാം ഒറ്റയിലയില്‍.  മരച്ചുവട്ടിലെ സന്ധ്യയിലിരുന്ന്‍ ഒരു കുട്ടി ഇലയിലേക്ക് നോക്കി. ഇലയും  ഇലയ്ക്ക് പിന്നിലായി മേഘങ്ങളും പിന്നെ ആകാശവും കുട്ടി കണ്ടു.  നിബിഢമായ ഹരിതഭംഗിക്കു മുകളില്‍ എല്ലാം പ്രശാന്തസുന്ദരമായിരുന്നു.

ഭ്രമണം

മനസ്സിലെ പക്ഷികള്‍ പറക്കുന്നു, ചിലക്കുന്നു, പാതിരാവില്‍ ഉറങ്ങുന്നു, നക്ഷത്രത്തെ പരതുന്നു. കരയുന്നു, ചിലതെന്നാല്‍ കണ്ണുനീര്‍ വരുന്നില്ല. ചിലപ്പോഴാ പക്ഷികള്‍ പറക്കുവാന്‍ മറക്കുമ്പോള്‍ ഇരുളിന്‍റെ ചിറകുകള്‍ പകലിനെ ഭരിക്കുന്നു. പാതിരാവിലുറങ്ങുവാന്‍ കഴിയാതെ പിടയുമ്പോള്‍ പാതിവെന്ത കിനാവുകള്‍ ചില്ലകളിലുറങ്ങുന്നു. മനസ്സില്ല, പക്ഷിയില്ല. ചിലക്കാതെ, ഉറങ്ങാതെ കരയാതെ, മറക്കാതെ ഓര്‍മ്മയായി പടരാതെ, കിനാവായി നിറയാതെ, മഹാമൌനമുറയുന്നു. ഹിമശൈത്യപഥങ്ങളില്‍ ഭ്രമണത്തിന്‍ മഹാശൈലം.

നാലു കുട്ടികൾ

നാലു കുട്ടികള്‍ സ്കൂളില്‍ പോവുകയായിരുന്നു. ഒരു കുട്ടി വഴിയോരത്തെ ഒരു മരമായി. ഒരു കുട്ടിയെ പീഡകര്‍ പിടിച്ചുകൊണ്ടുപോയി. ഒരു കുട്ടി തെരുവില്‍ അലഞ്ഞു. ഒരു കുട്ടി സ്കൂളില്‍ എത്തി. നാലുപേര്‍ കോളേജില്‍ പോവുകയായിരുന്നു. ഒരാള്‍ മൊബൈലില്‍ അന്തര്‍ധാനം ചെയ്തു. ഒരാള്‍ കാട്ടുപക്ഷിയായി. ഒരാള്‍ സ്വപ്നത്തിലേക്ക് പരകായം പൂണ്ടു. ഒരാള്‍ കോളേജില്‍ ചെന്നു. നാലുപേര്‍ ജോലിക്ക് പോവുകയായിരുന്നു. ഒരാള്‍ ഓടയിലെ അഴുക്കു വെള്ളമായി. ഒരാള്‍ ഭ്രാന്തിലേക്ക് പ്രദക്ഷിണം ചെയ്തു. ഒരാള്‍  വഴിമാറി നടന്നു. എന്നിട്ടും രണ്ടുപേര്‍ ജോലിസ്ഥലത്ത് എത്തി. നാല് വൃദ്ധര്‍ സായാഹ്നയാത്രക്കിറങ്ങി. ഒരാള്‍  ഗോപുരം കയറി ആകാശത്തിലേക്കും മറ്റൊരാള്‍ കാറ്റിലേറി വനത്തിലേക്കും ഇനിയൊരാള്‍ അഗ്നിയുടെ നാളങ്ങളിലേക്കും പിന്നെയോരാള്‍ സംഗീതമൌനത്തിലേക്കും പോയി. എല്ലാവരും മരണത്തില്‍ സംഗമിച്ചു. എത്ര വിചിത്രം!

കൊലയാളി

പലരും നടന്ന വഴികളിലൂടെ  കൊലയാളിയും നടന്നു. പലരും കണ്ട കാഴ്ചകള്‍  അവനും കണ്ടു. പലരും അനുഭവിച്ച ശരീരം  അവനും അനുഭവിച്ചു. എന്നാല്‍ എല്ലാം വ്യത്യസ്തമായിരുന്നു. മനുഷ്യരെല്ലാം വ്യത്യസ്തരല്ലേ! അവന്‍ നടന്ന വഴികളിലൊക്കെ  മൂന്നാമതൊരാള്‍ ഉണ്ടായിരുന്നു. അവന്‍ കണ്ട കാഴ്ചകളെ ഒരു നിഴല്‍ തടവിലാക്കി. അവന്‍ അനുഭവിച്ച ശരീരങ്ങള്‍  അവനെ തിരസ്കരിച്ചു. അവന്‍ അലഞ്ഞു. അവന്‍ തെരഞ്ഞു. എല്ലാം വിഫലമായി. അവന്‍ പിന്തുടന്നവര്‍ ആള്‍ക്കൂട്ടത്തില്‍ അപത്യക്ഷരായി. അവന്‍ സ്നേഹിച്ചവര്‍ കാട്ടുപക്ഷികളായി പറന്നകന്നു. മനുഷ്യര്‍ ചിലപ്പോള്‍ മൃഗങ്ങളാണെന്ന് അവന്‍ പറഞ്ഞു. ചിലപ്പോള്‍ പക്ഷികളുമെന്ന് ആരോ മറുപടി പറഞ്ഞു. കാറ്റ് വീശി. ഇല കൊഴിഞ്ഞു. കാരണമെന്തെന്ന് അവന് മനസ്സിലായില്ല. എപ്പോഴോ ഒരിക്കല്‍  അവന്‍ ഭ്രാന്തനായി. ഭ്രാന്തുകൊണ്ട്  അവന്‍ സ്വയം മുറിവേല്‍പ്പിച്ചു. രക്തം അവനുമേല്‍ ചിത്രങ്ങള്‍ വരച്ചു. ഉള്ളിലാകെ കറുത്തതും പുറത്ത് ചുകന്നതുമായ ചിത്രങ്ങള്‍ പേറി അവന്‍ നടന്നു. കടല്‍ത്തീരത്തു കിടന്നാണ് അവന്‍ മരിച്ചത്. മണല്‍ പുരണ്ട ശരീരത്തില്‍ ചോര വരച്ച ചിത്രങ്ങള്‍. തുറന്ന കണ്ണുകളില്‍ ആകാശത്തിന്‍റെ പ്രതിഫലനം. കാറ്...

പ്രണയമുദ്ര

ചുംബനക്കോപ്പ മെല്ലെ കമിഴ്ത്തി അവള്‍ക്കുമേല്‍. എത്രയോ നിറങ്ങളായ് ചുംബനം പടര്‍ന്നേറി. ചുംബനച്ചുകപ്പിന്മേല്‍ നീലിമയലിഞ്ഞപ്പോള്‍ എത്ര ചാരുത! മഞ്ഞനിറത്തിന്‍ നിശ്ശബ്ദത. കറുപ്പ്, പച്ച പിന്നെ നിറങ്ങള്‍ കലരുന്നു. നിന്‍റെ മേനിയില്‍ നിറ ച്ചാലുകള്‍ വിതുമ്പുന്നു. ചുംബന മഴയതില്‍ മുങ്ങി നാം ചുംബനത്തിന്‍ ലയമായ് മാറീടുന്നു നമ്മള്‍ ഭ്രാന്ത സ്വപ്‌നങ്ങള്‍. ചുംബനം പുകയുന്നു. ചുംബനം നുരയുന്നു. ചുംബനം പതയുന്നു. ചുംബനം ചുംബിക്കുന്നു. പൂവുകള്‍ക്കിടയില്‍ നാം. പ്രണയത്തിരി മെല്ലെ കൊളുത്തിത്തുടുക്കുന്നു. എത്ര വര്‍ണാഭം, നമ്മള്‍! ആ വര്‍ണ്ണപ്പൊലിമയില്‍ പുഴ, നാമൊഴുകുന്നു. ചുംബനപ്പെരുംകോപ്പ നിന്‍റെ മേനിയില്‍ നിറ ക്കൊഞ്ചലാവുന്നു, നിദ്ര നമ്മളില്‍ ജീവിക്കുന്നു.

പതാകകൾ

നനഞ്ഞ പതാകകള്‍ കൂനയായി കിടക്കുന്നു. പല നിറത്തിലുള്ള പതാകകള്‍. വലിപ്പത്തിലും രൂപത്തിലും വ്യത്യസ്തം. തുണികളിലുമുണ്ട് വ്യത്യാസം. നിറങ്ങള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. ചില പതാകകള്‍ കീറിപ്പോയി. ചിലതിന് കണ്ണുകളുണ്ട്. ചിലതിന് ചെവി. ചിലതിന് ഉടല്‍. ചിലതിന് വാല്‍. ബധിരരായ പതാകകളുണ്ട്. മൂകരുണ്ട്. ഭ്രാന്തരും പ്രണയികളുമുണ്ട്. സംന്യാസികളും സംസാരികളുമുണ്ട്. പല നാട്ടുകാരുണ്ട്. ബന്ധുക്കളും ശത്രുക്കളുമുണ്ട്. രാവും പകലുമുണ്ട്. അലയാഴിയും ആകാശവുമുണ്ട്. കാടും പുഴയുമുണ്ട്. മലയും മനുഷ്യരുമുണ്ട്. പക്ഷിയും മൃഗവുമുണ്ട്. ആണും പെണ്ണും മൂന്നാം ലിംഗവുമുണ്ട്. ചില പതാകകള്‍ സംസാരിക്കുന്നു. ചിലത് കരയുന്നു. പ്രണയിക്കുന്നവയും ഇണചേരുന്നവയുമായ പതാകകളുണ്ട്. സദാചാരഗുണ്ടകളും ചുംബനസമരക്കാരും എല്ലാവരുമുണ്ട്. എല്ലാം തണുത്ത നിലത്ത് കിടക്കുന്നു. നനഞ്ഞ പതാകകള്‍! ഇന്നലെ ഇവയൊക്കെ പാറിക്കളിച്ചിരുന്നു; ആരുടെയോ കൈകളില്‍,  അല്ലെങ്കില്‍ ആരുടെയോ കൊടിമരങ്ങളില്‍ കൊടികള്‍ക്കിടയില്‍  ആരുടെയോ ജഡം. മുറിഞ്ഞുവീണ അവയവങ്ങള്‍. ഒരു പെണ്ണിന്‍റെ നിലവിളി. രാവിലേക്ക് തുറക്കുന്ന കണ്ണുകള്‍.  ശിശുരോദനങ്ങളുടെ മദ്ധ്യാഹ്നം. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ! ഇ...

ചേരുവ

ഷോപ്പിംഗ്‌മാളിലെ പെണ്‍കുട്ടി കരയുന്നു. ഫ്ലോറിലെ തിരക്കിനിടയില്‍  ആരും ശ്രദ്ധിക്കുന്നില്ല. അവള്‍ ചിരിക്കുന്നു. ഫ്ലോറിലെ തിരക്കിനിടയില്‍  ചിരി സ്വയം വിഴുങ്ങുന്നു. അവള്‍ സ്വപ്നം കാണുന്നു. കണ്ണിമകള്‍ അനങ്ങുന്നെങ്കിലും ഏസിയിലെ തണുപ്പ് അതിനെ  ഉറയിക്കുന്നു. ഷോപ്പിംഗ്‌മാളിലെ പെണ്‍കുട്ടി പ്രണയിക്കുന്നു. മുഖംമൂടിയണിഞ്ഞ പാവകളും ആടയാഭരണങ്ങളണിഞ്ഞ മാനിക്യുനുകളും  അന്ധനേത്രങ്ങളോടെ പിന്നിലേക്ക് നടക്കുന്നു. ഷോപ്പിംഗ്‌മാള്‍ ഒരു അത്ഭുതമാണ്. അത്ഭുതത്തിന് പലതുണ്ട് ചേരുവകള്‍; കറിയിലെ ചേരുവകള്‍ പോലെ . ഷോപ്പിംഗ്‌മാള്‍ എന്ന അത്ഭുതത്തിലെ പെണ്‍കുട്ടി എന്ന ചേരുവ വെറും ചേരുവ മാത്രമാണ്. രാവിലെ പ്രത്യക്ഷയാവുകയും രാവില്‍ മായുകയും ചെയ്യുന്ന ഒന്ന്. അത്രതന്നെ.

സഞ്ചാരം

സഞ്ചാരികളുടെയും  സഞ്ചാരത്തിന്റെയും കാലം അവസാനിച്ചിരിക്കുന്നു. - ഉച്ചഭാഷിണിയിലൂടെ ആരോ പറഞ്ഞു. ഓരോരുത്തരായി  സഞ്ചാരം അവസാനിപ്പിച്ചു. ഇനി  നിദ്രയുടെയും  സ്വപ്നങ്ങളുടെയും കാലം. - ഉച്ചഭാഷിണി പറഞ്ഞു. എല്ലാവരും ഉറക്കം തുടങ്ങി. വീടുകളില്‍  തെരുവുകളില്‍ തീവണ്ടികളില്‍ എല്ലായിടത്തും  ഉറക്കവും സ്വപ്നം കാണലും! പക്ഷികളും മൃഗങ്ങളുമൊക്കെ നിദ്രപൂകി. സ്വപ്നം കണ്ടു. അപ്പോഴും  ഉറങ്ങുന്നവര്ക്കി ടയിലൂടെ ഒരാള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. നിദ്രയുടെയും  സ്വപ്നങ്ങളുടെയും ഇടയിലൂടെ ആവനാഴിയില്‍ നിന്ന്‍ വിക്ഷേപിക്കപ്പെട്ട അമ്പുപോലെ, കാറ്റിലെ കരിയിലപോലെയും, മൃതഭൂവിലെ യോദ്ധാവിനെപ്പോലെ, മരിച്ച ശലഭത്തെപ്പോലെയും,  രാത്രിപോലെ,  പകല്‍ പോലെയും അയാള്‍ സഞ്ചരിക്കുന്നു.

ചരിത്രം

മഴക്കാലം. പതിവുവഴിയില്‍ നിന്ന്  പുഴ പുറത്തുവന്നു. നഗരത്തിന്റെ തിരക്കിനെയും ഉയരങ്ങളുടെ പ്രതിരോധത്തെയും മറികടന്ന്, ഉന്മാദത്തിന്റെ വാതിലുകള്‍ പിന്നെയും പിന്നെയും തള്ളിത്തുറന്ന് സത്യത്തിലേക്ക് അത് വെമ്പിക്കൊണ്ടിരുന്നു. പുഴ പഴയ മണല്‍ത്തരികളെ കണ്ടുമുട്ടി. അവളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ടത്‌ അവ കെട്ടിടങ്ങളിലും  മറ്റിടങ്ങളിലുമൊക്കെ സിമെന്റിന്റെ തടവിലാണ്. മോചിപ്പിക്കൂ മോചിപ്പിക്കൂ, എന്ന് മണല്‍ത്തരികള്‍ കരയുകയാണ്. അമ്മപ്പുഴ ഭ്രാന്തിയായത് അങ്ങനെയാണ്. പിന്നെയെല്ലാം ചരിത്രമാണ്. മണല്‍ത്തരികള്‍ക്ക്  വേണ്ടി പുഴ  നഗരത്തിനോട് യുദ്ധം ചെയ്തത്. നഗരം കല്ക്കൂമ്പാരമായത്. മണല്‍ത്തരികള്‍  പിന്നെയും പുഴയെ തേടിപ്പോയത്. എല്ലാം ചരിത്രമാണ്.

പക്ഷി

പക്ഷിയുടെ ശവമടക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ അയാള്‍ പറഞ്ഞു. കഷ്ടം ആ പക്ഷി മരിച്ചുപോയി. ആകാശത്തിനെ പശ്ചാത്തലമാക്കി എത്ര പറന്നു. എത്ര ചിത്രങ്ങള്‍ക്ക് കാരണമായി. ഏതൊക്കെ സ്വീകരണമുറികളെ ചിത്രശാലകളെ  പക്ഷിയും ആകാശവും അലങ്കരിക്കുന്നു. എന്നിട്ടും പക്ഷി  ഒരിക്കലെങ്കിലും ആകാശത്തെ കണ്ടിട്ടില്ല. അതാണ്‌ കഷ്ടം. ആകാശമില്ലാതെ എന്ത് പക്ഷി. എന്നിട്ടും...... ആകാശം പക്ഷിയെ കണ്ടിട്ടുണ്ടാവുമോ? എത്രയെത്ര പക്ഷികള്‍. ഇതിനൊക്കെ പശ്ചാത്തലം ആകാശം. കഷ്ടം തന്നെ. അയാള്‍ ദുഃഖിച്ചു. അടുക്കളയില്‍ അയാളുടെ ഭാര്യ ചിരിച്ചു. എന്ത് കഷ്ടം. ഇതൊക്കെയല്ലേ ജീവിതം. അവര്‍ വിഴുപ്പുകള്‍ തിരുമ്മുകയായിരുന്നു. പാത്രം മോറുകയായിരുന്നു. അടുപ്പില്‍ എന്തോ തിളക്കുകയായിരുന്നു. 'കഷ്ടം തന്നെ.' മരക്കൊമ്പിലിരുന്ന് അടുക്കലജനലിലേക്ക് നോക്കി കാക്ക പറഞ്ഞു.

പെണ്ണ്

രാവിലെ ആറുമണിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ് ഞാന്‍ വന്നു. അപ്പോള്‍ നീ ഉറങ്ങുകയായിരുന്നു. ഇപ്പോള്‍ ഒന്നാം ഷിഫ്റ്റിനു നീ പോകേണ്ടതാണ്. പക്ഷെ ഉണര്‍ന്നിട്ടില്ല. ശാന്തനായി നീ ഉറങ്ങുന്നു. ഒരു കുട്ടിയെപ്പോലെ. ഷിഫ്റ്റുകള്‍ മാറിമറിയുന്നു. നിന്നെ ഒന്ന് കാണാന്‍ കിട്ടുന്നില്ല. വേണ്ട, നീ ഉണരണ്ട. ഇന്ന് പകല്‍ നമുക്ക് ആഘോഷിക്കണം. ഫാന്‍ കറങ്ങുന്നു. നിന്‍റെ തലമുടി പാറുന്നു. സ്വപ്നത്തില്‍ ചിരിക്കുന്നു. പുതപ്പിനിടയില്‍ നിന്‍റെ ലിംഗം പുളയുന്നു. ആരായിരിക്കും സ്വപ്നത്തില്‍.. അത് ഞാനായിരുന്നെങ്കില്‍. ഒന്ന് മേല്‍ കഴുകി പുതിയ ഉടുപ്പിട്ട്  ഉറക്കത്തിന് തയാറായി  ഞാന്‍ എന്‍റെ കട്ടിലില്‍ കിടന്നു. പിന്നെ നിന്‍റെ കട്ടിലില്‍  നിനക്കൊപ്പം കിടക്കാന്‍ തോന്നി. ഞാന്‍ നിന്നെ തൊട്ടപ്പോള്‍  നീയൊരു പെണ്ണായി. ഞാന്‍ പുതപ്പിനുള്ളില്‍ കയറി. നീ ഉണര്‍ന്നു തുടങ്ങി. നിന്റെ ശരീരത്തിലെ ഓരോ ബിന്ദുവും പെണ്ണാകുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ നിന്നെ ചുംബിച്ചു. പാതിയുറക്കത്തില്‍ നീ തന്ന ചുംബനത്തില്‍ പാലപ്പൂ മണമുള്ള ഉമിനീരും കാട്ടുതേനിന്‍റെ മധുരവും  കൂടിക്കലര്‍ന്നു . രാത്രി പുഴയില്‍  ഒന്നിച്ചൊഴുകുന്ന രണ്ട് ഉതിര്‍ പൂക്കളെപ...

ദൈവവും പിശാചും.

  പടച്ചട്ടയണിഞ്ഞ പിശാചും നഗ്നനായ ദൈവവും ഇടവഴിയില്‍ അഭിമുഖമായി എത്തിപ്പെട്ടു. ഒരു പുഴുവായാണ് പിശാചിന്  ദൈവത്തെ അനുഭവപ്പെട്ടത്. ദൈവം കരുതിയത്‌ പിശാച് വെറും പാഴ്ശിലയെന്നും. ഒരു കണക്കിന് നന്നായി. പ്രശ്നമൊന്നും ഉണ്ടായില്ല. ഇടവഴി ബ്ലോക്കായില്ല. പെരുവഴിയിലും  ട്രാഫിക് പ്രശ്നം ഉണ്ടായില്ല. പഞ്ചിംഗ് പതിവുപോലെ.. ആംബുലന്‍സുകളും പതിവുപോലെ. അഹല്യയായിത്തീര്‍ന്ന പഴയ ശില വിചാരിച്ചു, പണ്ട് ഇതുപോലെ  എന്നെയും കാണാതിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നായേനെ. കാട്ടില്‍ ശിലയായി സ്വസ്ഥയായി നല്ല കാറ്റും  നിലാവുമാസ്വദിച്ചു കഴിയാമായിരുന്നു.  ചുവന്ന വെളിച്ചം തെളിഞ്ഞു. അഹല്യ ബ്രേക്ക്‌ ചവിട്ടാന്‍ മറന്നു. മുന്നിലോടുന്ന ബെന്സി‌നു പിന്നില്‍  അഹല്യയുടെ ഐ ടെന്‍ മുട്ടി. ബഹളം..പോലീസ്.. ഗൌതമമഹര്‍ഷിയുടെ ശാപം  ആരും വകവച്ചില്ല. പോലിസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഗൌതമന്‍ വണ്ടി ഒതുക്കിച്ചു. അഹല്യ വണ്ടി ഒതുക്കി. കാറിനു പുറത്തിറങ്ങിയ മുനി അഹല്യയെ ശപിച്ചു. വണ്ടിയും അഹല്യയും  വഴിയോരത്തെ പാഴ് വസ്തുക്കളായി. മഹര്‍ഷി ബിയര്‍ പാര്‍ലറില്‍ കയറി. അഹല്യയേയും കാറിനെയും കോര്‍പറേഷന്‍ ലോറി കൊണ്ടുപോയി. ഇന...

പക്ഷിക്കുളം

താഴ്വരയില്‍ ഒരു കുളമുണ്ട്. പക്ഷികളുടെ കുളം. ആ കുളത്തില്‍ ജലമില്ല. പക്ഷികള്‍ മാത്രം. കുളത്തിന്‍റെ പടവിലിരുന്ന്‍ താഴേക്കുനോക്കിയാല്‍ പക്ഷികള്‍ തളംകെട്ടിക്കിടക്കുന്നത് കാണാം. കാറ്റടിക്കുമ്പോള്‍ പക്ഷികളുടെ ഓളം. ഓളത്തില്‍ ചിറകടികള്‍. പലനിറമുള്ള ചിറകുകള്‍. പക്ഷിപ്പാട്ടുകളുടെ സംഗീതം. വിരിഞ്ഞുപൊന്തുന്ന താമരകള്‍ ജലസസ്യങ്ങള്‍ എന്തിന് മത്സ്യങ്ങള്‍ പോലുമുണ്ട്. ഒരിക്കല്‍ ഞാന്‍ ആ കുളത്തില്‍ കുളിക്കാനിറങ്ങി. വളരെ ചെറിയ കുട്ടിയായിരുന്നു. അറിവില്ലാക്കാലം. കൂട്ടുകാരി കൂടെയുണ്ടായിരുന്നു. അവസാനത്തെ പടവില്‍ ഞങ്ങള്‍ ശങ്കിച്ചുനിന്നു.  ചെറിയൊരു കാറ്റ് വന്നു. ഓളത്തിലുയര്‍ന്ന ‍ ഒരു പക്ഷിച്ചിറക് കാലുകളെ സ്പര്‍ശിച്ചു. മൃദുസ്പര്‍ശം.. പിന്നെയോരോളത്തില്‍ പക്ഷിക്കൊക്കാണ്‌ സ്പര്‍ശിച്ചത്. എത്ര മധുരതരം. ഞങ്ങള്‍ കുളത്തിലിറങ്ങി ആഴത്തിലേക്ക്, കൂടുതല്‍ ആഴത്തിലേക്ക്, അഗാധമായ ആഴങ്ങളിലേക്ക്. ആദ്യം പക്ഷിചിറകുകളുടെ ആര്‍ദ്രസ്പര്‍ശങ്ങള്‍ പിന്നെ പക്ഷി ശരീരങ്ങളുടെ സ്നേഹവിന്യാസങ്ങള്‍. ഒടുവില്‍ പക്ഷിസ്വപ്നങ്ങളുടെ ആഗാധമായ നിശ്ശബ്ദത. ഞങ്ങള്‍ വെറും കുട്ടികള്‍. ഒന്നുമറിയാത്ത കാലം. പുറത്തെത്തിയ ഞങ്ങള്‍ പൂക്കളുടെ മണമുള്ളവരായിരുന്നു. പക്...

നിലാക്കാലം

പരീക്ഷക്കാലത്താണ്  കുട്ടി നിലാവുമായി ചങ്ങാത്തത്തിലായത്. പരീക്ഷ പിന്നെ വെറും ചടങ്ങായി. എവിടെയും നിലാവായി. നിലാവല്ലാതെ മറ്റൊന്നും ഇല്ലെന്നായി. ഉത്തരക്കടലാസില്‍ മുഴുവന്‍ നിലാവിന്‍റെ അടയാളങ്ങളായിരുന്നു. നിലാവിന്‍റെ ഗന്ധമായിരുന്നു. ഇതൊന്നും അറിയാത്ത പരിശോധകന്‍ കടലാസില്‍ ചുകപ്പിന്‍റെ  നൃത്തമുതിര്‍ത്തു.   . പരീക്ഷക്കാലം കഴിഞ്ഞപ്പോള്‍ നിലാവ് മാഞ്ഞുപോയി. ഉത്തരക്കടലാസിലെ അടയാളങ്ങള്‍  കുട്ടിക്ക് തിരിഞ്ഞില്ല. ഇതെന്‍റെ കടലാസല്ല. അവന്‍ പറഞ്ഞു. നിലാവിന്‍റെ ഗന്ധം പരത്തുന്ന കടലാസില്‍ അച്ഛന്‍ ഒപ്പുവച്ചു. പഴയ നിലാവിന്‍റെ കാലം  അയാളില്‍ പതഞ്ഞു പൊങ്ങി. ഉത്തരക്കടലാസിലെ അടയാളങ്ങള്‍  അയാള്‍ വായിച്ചു. ഒരു ചിത്രശലഭമായി മാറിയ പിതാവ് ബാല്യകാലത്തിലേക്ക് പറന്നുപോയി. പെട്ടെന്നൊരു ദിവസം അമ്മയും മാഞ്ഞുപോയതോടെ അടുത്ത പരീക്ഷക്കാലത്തിനായി കുട്ടി കാത്തിരിപ്പ് തുടങ്ങി.

അവൾ

ഒരു പെണ്‍കുട്ടി എന്നെ വിളിക്കുന്നു. അഗാധമായ ഏതോ ആഴത്തിലേക്ക്. അനന്തമായ നിശ്ശബ്ദതയിലേക്ക്. അമ്പലമണികളിലേക്ക്. ബാങ്കുവിളിയുടെ സംഗീതത്തിലേക്ക്. കാലങ്ങളായി പകലിനും രാവിനുമിടയിലെ ഒരു നിമിഷ പാളിയില്‍ തുറന്നടയുന്ന സന്ധ്യയുടെ മിഴികള്‍, അതോടെ പകലും രാവും തുറന്നു തന്നെയിരിക്കുന്നു. ഇപ്പോള്‍ ദിനരാത്രങ്ങള്‍ നിറയെ സന്ധ്യ മാത്രം. ഭൂമിയിലും ആകാശത്തിലും നിദ്രയിലും ഉണര്‍വിലും സന്ധ്യ മാത്രം. ഒച്ചയില്ലാത്ത കാല്‍വയ്പ്പുകളോടെ അവള്‍ വരുന്നു. ശൂന്യമായിക്കിടക്കുന്ന എന്‍റെ മടിയില്‍ സംഗീതത്തിന്‍റെ നിറകുംഭമായി സ്വയം പ്രതിഷ്ടിക്കുന്നു. ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ വരുന്നു. എന്റെ  പാഴ്ശിലകള്‍ക്കു മേല്‍ അവള്‍ ശയിക്കുന്നു. ഞാനൊരു പൂക്കിടക്കയാകുന്നു. ഞങ്ങള്‍ രണ്ടു തോണികളാകുന്നു. സന്ധ്യയുടെ പുഴയിലൂടെ മറുകരയിലേക്കൊഴുകുന്നു. ഒറ്റത്തോണിയായി ഞങ്ങള്‍ മറുകരയിലണയുന്നു. വെള്ളത്തില്‍വീണ കല്ലിനുചുറ്റും ഓളങ്ങളെന്നപോലെ  എല്ലാം സംഭവിച്ചിരിക്കുന്നു, അവള്‍ എന്നില്‍ത്തന്നെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. പാടങ്ങളില്‍ സന്ധ്യ. മുകളില്‍ നിലാവ്. അകലെ വെയില്‍ നാളങ്ങള്‍. മഴയുടെ പാട്ടുകള്‍. എനിക്കുചുറ്റും നഗ്നയായ അവള്‍. തീ...

മത്സ്യം

വലയില്‍നിന്ന് പുറത്തുചാടിയ മത്സ്യം  ആകെ പതറി.  കര ആദ്യമായി കാണുകയായിരുന്നു, അത്. പരിക്കേറ്റിരുന്നു. ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. കടല്‍ക്കരയിലെ മത്സ്യവില്‍പ്പനക്കാരുടെ നോട്ടങ്ങളില്‍ നിന്ന് വഴുതി കടലിലേക്ക് പിന്‍ നോട്ടമെറിയാതെ കടല്‍ത്തീരത്തെ മണലിലൂടെ അതങ്ങനെ മുന്നോട്ടുപോയി. മുന്നോട്ട് എന്നത് എതെങ്കിലും ലക്ഷ്യത്തിലേക്കെന്നല്ല. ഏതു ദിശയും അതിന് ലക്ഷ്യം തന്നെ. മധ്യാഹ്നത്തിലെ ചൂടില്‍ പിടഞ്ഞും പരിക്കുകളുടെ വേദനയില്‍ പുളഞ്ഞും മുന്നോട്ടുതന്നെ. കടല്‍ക്കാറ്റ് ഓര്‍മ്മകളുമായെത്തി. കടല്‍ത്തിരകള്‍ പിന്‍വിളി വിളിച്ചു. കടലിന്‍റെ ആഗാധതയിലെ മുത്തുച്ചിപ്പികള്‍ മത്സ്യത്തിലേക്ക് പ്രകാശം വിതറുന്ന സന്ദേശങ്ങളയച്ചു. കടല്‍ത്തീരം വിട്ട് ടാറിട്ട നിരത്തിലൂടെയും നഗരത്തിലെ തിരക്കിലൂടെയും പിന്നെ തണല്‍ പടര്‍ന്ന ഇടവഴികളിലൂടെയും മത്സ്യം മുന്നോട്ടുപോയി. താഴ്വരയില്‍ ഒരു കുഞ്ഞു കുളം ഇളം തണുപ്പുള്ള ശയ്യ ചമച്ചിരുന്നു. ചുറ്റും തണല്‍മരങ്ങളുണ്ടായിരുന്നു. പക്ഷികളും മനുഷ്യരും  ഋതുക്കളും ഉണ്ടായിരുന്നു. മത്സ്യം ആ കുളത്തെ പ്രാപിച്ചു. കുളത്തിന്‍റെ അഗാധതയില്‍ കാണാത്ത  കാഴ്ചകള്‍ കണ്ടു. കടലിനേക്കാള്‍ വിശാ...

അമ്മയില്ലാത്തപ്പോൾ

അമ്മയെ ഇപ്പോള്‍ ആരോര്‍ക്കാന്‍. വെറും ഒരമ്മ. അമ്മ നടന്ന വഴികളില്‍ കാലടിപ്പാടുകളില്ല. കൊഴിഞ്ഞുവീണ പൂവിതളുകളില്ല. ദലമര്‍മ്മരങ്ങളില്ല. മൂന്നു മക്കള്‍ ഉണ്ടായിരുന്നു. ഒരു മകള്‍ ജോലി കിട്ടിയതിന്‍റെ മൂന്നാംനാള്‍ കാമുകന്‍റെ കൂടെ ഓടിപ്പോയി. രണ്ടാം മകള്‍ ഭര്‍ത്താവും മക്കളുമില്ലാതെ മറ്റൊരു ലോകമില്ലെന്നു പറഞ്ഞ് അമ്മയെ ഓര്‍മ്മയ്ക്ക്‌ പുറത്തു നിര്‍ത്തി . പിന്നെയുള്ളത് ഞാന്‍. മകന്‍. അമ്മ ആദ്യമൊക്കെ എനിക്കമ്മയായിരുന്നു. പിന്നെപ്പിന്നെ എന്തായിരുന്നു. വെറും അമ്മ മാത്രം. ഓര്‍മ്മിക്കാന്‍ എന്തൊക്കെയുണ്ട്? മരിച്ചുപോയവരെ എന്തിനോര്‍ക്കണം. അമ്മ ആരായിരുന്നു. ആരല്ലായിരുന്നു. ആര്‍ക്കറിയാം. അമ്മ എന്നൊരാള്‍ ഉണ്ടായിരുന്നു. രാവേറെക്കഴിഞ്ഞാലും മക്കളെ കാത്തിരിക്കുന്നവള്‍. മക്കള്‍ക്കുവേണ്ടി നാമം ജപിക്കുന്നവള്‍. മക്കളോട് ക്ഷമിക്കുന്നവള്‍. അമ്മയില്ലാത്ത വഴിയിലെ  കൊടുംചൂടില്‍ തളരുമ്പോള്‍ അമ്മയെ ഓര്‍ക്കുന്നു. തെളിനീരിനെ ഓര്‍ക്കുന്നു. കാലം ചിരിക്കുന്നു; നിര്‍ദ്ദയം, നിരായാസം.

വലിയവർ

അവരൊക്കെ വലിയ കവികളും ബുദ്ധിജീവികളും ആയിരുന്നു. വട്ടമിട്ടിരുന്ന്‍ അവര്‍ ‘വലിയ’ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ കാര്യങ്ങള്‍. പണ്ട് വിപ്ലവം കൊണ്ടുവരാന്‍ പെട്ട പാടുകള്‍! എഴുതിയ പോസ്റ്ററുകള്‍! ലിറ്റില്‍ മാഗസീനുകള്‍.  ‘ഇപ്പോഴതുമാതിരിയൊന്നുമില്ല.’ കേട്ടുകൊണ്ടിരുന്ന ഒരു കുട്ടി പറഞ്ഞു: ‘തീപ്പെട്ടിയില്ലാതൊരു വീടുമില്ല.’* മുതിര്‍ന്ന, ബുദ്ധിജീവിയല്ലാത്ത ഒരാള്‍ ചോദിച്ചു: “ആ പരിശ്രമങ്ങള്‍ക്കിയില്‍ ജീവിതം വീണുടഞ്ഞ ചിലരുണ്ട്. അവര്‍ എവിടെ? തോറ്റവരും ജയിച്ചവരും പറയുന്ന കഥകള്‍  ഒന്നുതന്നെയാവില്ല. ഒരേ പക്ഷത്തില്‍ത്തന്നെ  തോറ്റവരും ജയിച്ചവരും ഉണ്ടാവുമ്പോള്‍  പ്രത്യേകിച്ചും.” ആത്മരതിയില്‍ അഭിരമിക്കുന്നവര്‍ അത് കേട്ടില്ല. സാധാരണഭാഷ അവര്‍ക്കു മനസ്സിലാവില്ല.  അവരുടേത് കോഡുഭാഷ. അവര്‍ എന്നും സംസാരിച്ചിരുന്നത് കോഡുഭാഷയില്‍ മാത്രം! ഇതൊക്കെ കണ്ടും കേട്ടും നിന്ന ഒരു കുട്ടി പറഞ്ഞു: ‘ക്ലാസ്സ്മേറ്റ് സിനിമപോലെ!’ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~   *ഒരു നാടന്‍ ശീല്: “തീപ്പെട്ടിയില്ലാത്തതിനാല്‍  ജനങ്ങള്‍ക്കേര്‍പ്പെട്ട  കഷ്ടം പറയാവതല്ല. ഇപ്പോഴതുമാതിരിയൊന്നുമില്ല. തീപ്പെട്...

ട്യൂട്ടോറിയൽ കാലം

പഴയ കാലത്ത് ട്യൂട്ടോറിയലുകള്‍ സജീവമായിരുന്ന ആ കാലത്ത്, ട്യൂട്ടോറിയലില്‍നിന്ന് കോളെജിലേക്ക് പോകുമ്പോഴാണ് ആദ്യമായി ഞാന്‍ ആ നക്ഷത്രത്തെ കാണുന്നത്. (ശരിക്കും നക്ഷത്രം തന്നെ. പ്രതീകഭാഷയില്‍ പറയുന്നതൊന്നുമല്ല.) തെരുവ് സജീവമായിരുന്നു. ട്യൂട്ടോറിയലുകളുടെ തെരുവില്‍ പ്രണയങ്ങള്‍ സ്വാഭാവികമായിരുന്നു. ഒരു ബീയെസ്സേ  സൈക്കിളില്‍ പയ്യനൊരുത്തന്‍ പാഞ്ഞുപോയി. അപ്പോള്‍ നക്ഷത്രം തെരുവുമുറിച്ചു നടന്നുവന്നു. (പെണ്ണല്ല, നക്ഷത്രം തന്നെ.) പിന്നെ നിത്യവും നക്ഷത്രത്തെ കാണും. ഒന്നുകില്‍ നക്ഷത്രം അല്ലെങ്കില്‍ ഞാന്‍, തെരുവുമുറിച്ച് നടക്കും. ബീയെസ്സേ സൈക്കിളുകള്‍ പാഞ്ഞുപോകും. പ്രണയികള്‍ ഐസ്ക്രീം നുണയും. ചിലപ്പോള്‍ ഞാനും ഐസ്ക്രീം നുണയും. അത് നക്ഷത്രമല്ല പെണ്ണാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ നക്ഷത്രമെന്ന് എനിക്കറിയാമല്ലോ! ഞാന്‍ പ്രണയത്തിലെന്ന് പലര്‍ പറഞ്ഞു. ഒന്നും എന്നില്‍ ഏശിയില്ല. ബീയെസ്സേ സൈക്കിളുകള്‍ എന്നെ തൊട്ടതുമില്ല. ലോകം ഒരു കാമുകനെ എങ്ങനെ കാണുന്നുവെന്ന് എനിക്ക് മനസ്സിലായി. ട്യൂട്ടോറിയലില്‍ നിന്ന് കൊളേജിലേക്കുള്ള ആ വഴിയില്‍ ഞാന്‍ കുടുങ്ങിക്കിടന്നു. അങ്ങനെയിരിക്കെ നക്ഷത്രത്തെ കാണാതായി. ഞാന്‍ വിഷമത്തിലായി. കളി...

ഓർമ്മയും മറവിയും

കാറ്റില്‍ പറന്നു നടന്നവരൊക്കെയും കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി. കാലമൊരാല്‍മരമായിരിക്കാം. അല്ലെങ്കിലാല്‍ത്തറയായിരിക്കാം. ആല്‍ത്തറച്ചോട്ടിലെ സന്ധ്യയില്‍ കൂടുന്ന കൂട്ടുകാരായിരിക്കാം.  എത്രയിലകള്‍ കൊഴിഞ്ഞു; എത്ര പാവാടയുലഞ്ഞു! അമ്പലത്തില്‍ നിന്നൊഴുകിയ നാദങ്ങള്‍, അമ്പലമുറ്റത്തിലൊന്നിച്ചവര്‍, ഓട്ടുമണിതന്‍ മുഴക്കം, ബാങ്കുവിളികള്‍ നിറയ്ക്കുന്ന ശാന്തത, ഒക്കെയുമന്തിച്ചുകപ്പുപോലെ.....   കാറ്റില്‍ പറന്നു നടന്നവരൊക്കെയും കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി. മിഴികള്‍ പിടയുന്ന മിഴികള്‍;  നിലാവില്‍ പടരുന്ന കാട്ടുതീ, ഒക്കെയും കാലതീരത്തിലൂടെ.....

കാറ്റിൽ പറന്നവർ

കാറ്റില്‍ പറന്നു നടന്നവരൊക്കെയും കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി. കാലമൊരാല്‍മരമായിരിക്കാം. അല്ലെങ്കിലാല്‍ത്തറയായിരിക്കാം. ആല്‍ത്തറച്ചോട്ടിലെ സന്ധ്യയില്‍ കൂടുന്ന കൂട്ടുകാരായിരിക്കാം.  എത്രയിലകള്‍ കൊഴിഞ്ഞു; എത്ര പാവാടയുലഞ്ഞു! അമ്പലത്തില്‍ നിന്നൊഴുകിയ നാദങ്ങള്‍, അമ്പലമുറ്റത്തിലൊന്നിച്ചവര്‍, ഓട്ടുമണിതന്‍ മുഴക്കം, ബാങ്കുവിളികള്‍ നിറയ്ക്കുന്ന ശാന്തത, ഒക്കെയുമന്തിച്ചുകപ്പുപോലെ.....   കാറ്റില്‍ പറന്നു നടന്നവരൊക്കെയും കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി. മിഴികള്‍ പിടയുന്ന മിഴികള്‍;  നിലാവില്‍ പടരുന്ന കാട്ടുതീ, ഒക്കെയും കാലതീരത്തിലൂടെ.....

ശരി

സത്യം കാണാന്‍ കണ്ണുവേണ്ടെന്നു പറഞ്ഞവൾ ഒരു പക്ഷിയായി മാറി. കാലത്തിനു മുകളിലൂടെ ആ പക്ഷി പറന്നുപോയി. ഇപ്പോഴും ആ പക്ഷി അത് തന്നെ പറയുന്നു. ആ പറച്ചിലാണ്  മഴയായി പെയ്യുന്നത്. പകലും രാത്രിയുമല്ലാത്ത നേരത്ത് ചിലപ്പോള്‍ പക്ഷി മടങ്ങിവരാറുണ്ട്, പെണ്‍കുട്ടിയുടെ വേഷത്തില്‍. തെരുവുകളിലൂടെ നടക്കാറുണ്ട്. അമ്പലങ്ങളില്‍ പോയി പ്രാര്‍ഥിക്കാറുണ്ട്. നൃത്തം ചെയ്യാറുണ്ട്. സ്വപ്നം കാണാറുണ്ട്. കരയാറും ചിരിക്കാറുമുണ്ട്. പക്ഷി മരക്കൊമ്പിലിരുന്നു പാടും. മഴനനഞ്ഞശേഷം ചിറകുകുടയും. വെറുമൊരു പക്ഷിയായി  ഇണയുമായി കൊക്കുരുമ്മും. പറന്നു മറയുകയും ചെയ്യും. ശരിയായുള്ളത് ഏതാണ്? പക്ഷിയോ, പെണ്‍കുട്ടിയോ, കാറ്റിലാടിയുയരുന്ന ആളില്ലാത്ത ഊഞ്ഞാലോ!

കാഴ്ച്ച

പ്രണയത്തിന്‍റെ കൊടുമുടിയില്‍ നിന്ന് താഴ്‌വരയുടെ അഗാധതയിലേക്ക് നോക്കുമ്പോള്‍ കോടമഞ്ഞും നിശബ്ദതയും കാണാം. കൊച്ചുപുല്‍ക്കൊടികളെയോ കാല്‍ച്ചുവട്ടിലിഴയുന്ന ഒച്ചുകളെയോ കണ്ടുകൊള്ളണമെന്നില്ല. മേഘങ്ങള്‍ക്കിടയിലൂടെ പക്ഷികള്‍ ഒഴുകുന്നത്‌ കാണാം. മഞ്ഞിന്‍ പാളികള്‍ക്കുള്ളില്‍ മറയുന്നവ. താഴ്വരയിലേക്കെടുത്തു ചാടാനുള്ള വെമ്പലില്‍ പ്രണയത്താല്‍ തുടുത്ത മാനസം ജ്രുംഭിതമാകുമ്പോള്‍ കാറ്റ് വീശുന്നു. അപ്പോള്‍ കാമുകനോ നക്ഷത്രങ്ങളോ ഓര്‍മ്മയിലില്ല. ചുംബനങ്ങളോ രാവുകളോ ഇല്ല. പ്രണയം മാത്രം. നീലിമയിലലിയുന്ന മഞ്ഞിന്‍പാളികള്‍ മാത്രം. പറക്കാനുള്ള വെമ്പല്‍ മാത്രം. താഴ്വരയിലേക്കുള്ള ആ പറക്കല്‍  ഒരു രതിവേഴ്ചയാണ്. ചുവന്ന നക്ഷത്രങ്ങളിലവസാനിക്കുന്ന വേഴ്ച. മഞ്ചാടിക്കുരുക്കള്‍ ശേഖരിക്കാന്‍ തുകല്‍ത്തൊപ്പിവച്ച് മഞ്ഞിലൂടെ വരുന്ന കുട്ടികള്‍ ആ ചുകന്ന മുത്തുകള്‍ സഞ്ചിയിലാക്കും. സഞ്ചിയില്‍ക്കിടന്ന്‍ ആ നക്ഷത്രങ്ങള്‍ ചുംബിച്ചുകൊണ്ടേയിരിക്കും, മഞ്ഞിലലിഞ്ഞു താഴ്വാരം ഇല്ലാതാകുവോളം. **********************************

ഒരു ദിവസം

ഒരുദിനമെങ്ങള്‍ ഉണര്‍ന്നെണീറ്റപ്പോള്‍ പുരയ്ക്കുചുറ്റിനും കടലിരമ്പുന്നു. തിരകളാര്‍ക്കുന്നു,പുഴയിരമ്പുന്നു നഗരകാഹളം അലയടിക്കുന്നു. * ഒരു തിരയേറി മയിലു വന്നെത്തി. നിറയെ പിലീകള്‍ വിടര്‍ത്തിനിന്നാടി. തിര മടങ്ങവേ കവര്‍ന്നെടുത്തെന്‍റെ പ്രണയസിന്ദൂരം നിറച്ച ചെപ്പിനെ. കടല്‍ കവര്‍ന്നെന്‍റെ  പല കൊതികളും. ചിലതൊക്കെവന്നു തിരകളിലേറി. * മടങ്ങിപ്പോയി, ഞാന്‍ കിടക്കയില്‍ വീണു. മിഴിയടച്ചൊരുകിനാവിനെത്തേടി. ഉറക്കവുമില്ല, കിനാക്കളുമില്ല, കടലിരമ്പുന്നു മനസ്സിനുള്ളിലും. * മനസ്സിനുള്ളിലെ തിരകളാടുന്നു. പനിക്കിടക്കപോല്‍ പകല്‍ തിളക്കുന്നു.  തിരയിലേക്കു ഞാന്‍ സ്വയമെറിയുന്നു. ഒരഗ്നിഗോളമായ് പുളയുന്നു, ഭൂമി. ****************************************************************************************

നിഴലുകൾ

നിഴലുകളില്‍ ഒന്ന് ഞാന്‍ അവള്‍ക്ക്  നല്കി. അവര്‍ പ്രണയമെന്നു പറഞ്ഞു. നിഴലുകളില്‍ ഒന്ന്‍ ഞാന്‍ അവനു കൊടുത്തു. അവര്‍ സൌഹൃദത്തിലെ കാപട്യത്തെക്കുറിച്ചു പറഞ്ഞു. നിഴലുകളില്‍ ഒന്ന് പക്ഷികള്‍ക്ക്! അവര്‍ പറഞ്ഞത് നരച്ച കാല്പനികതയെന്ന്. ഒരു നിഴല്‍ മൃഗങ്ങള്‍ക്ക് . അവരെന്നെ വിളിച്ചത്  മേനകാ ഗാന്ധിയെന്ന്. ഭിക്ഷക്കാരനു കൊടുത്ത നിഴല്‍ അഹങ്കാരത്തിന്‍റെതെന്നായി. പാട്ടുകാരിക്ക് കൊടുത്ത നിഴല്‍ കീഴടങ്ങലിന്‍റെതെന്നായി. അറവുകാരന് കൊടുത്ത നിഴല്‍ രഹസ്യ ഉടമ്പടിയെന്നായി. കുട്ടിക്ക് കൊടുത്ത നിഴല്‍ പീഡനനിഴലായി. ഗുരുവിനു നിഴല്‍ കൊടുത്തില്ലെന്നു വിമര്‍ശനമായി. അമ്മയച്ഛന്മാര്‍ക്കും പെങ്ങള്‍ക്കും  ഒരു നിഴല്‍ പോലും പകരാത്ത  ക്രൂരനെന്നായി. നിഴലുകളും സാധ്യതകളും പെരുകിപ്പെരുകി വന്നു. നിഴലുകളെ കസ്റ്റടിയില്‍ എടുക്കണമെന്നു പോലീസും തുറുങ്കിലടക്കണമെന്നു   മന്ത്രിയും അഭിപ്രായപ്പെട്ടു. നിഴലുകള്‍ മാധ്യമങ്ങളുടെ ഓമനയായി. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഏറ്റുപിടിച്ചു. സ്ത്രീപക്ഷവാദികളും പുരുഷപക്ഷക്കാരും മുന്നോട്ടുവന്നു. രാഷ്ട്രീയക്കാര്‍ക്ക്  നിഴലുകളില്‍ പങ്കുവേണമെന്നായി. അവകാശമുണ്ടെന്നായി. ജാഥകളും സെമിനാറുകള...

വാക്ക്

ഒരു വാക്കെന്നെത്തന്നെ നോക്കുന്നു. കണ്ണാടിയില്‍ മുഖം നോക്കുമ്പോഴാണ് അത് കണ്ടത്. * ഒരു വാക്കെന്നിലേക്ക് നടക്കുന്നു. രാവിലെയുള്ള നടത്തക്കിടയിലാണ് അത് മനസ്സിലാക്കിയത്. * ഒരു വാക്കെന്നോടെന്തോ പറയുന്നു. പ്രാര്‍ഥനക്കിടയിലാണ് അങ്ങനെ തോന്നിയത്. * ഒരു വാക്കെന്നെ പിന്തുടരുന്നു. അപ്പോള്‍ ഞാനും ആരെയോ പിന്തുടരുകയായിരുന്നു. * ഒരു വാക്കെന്നോട് ചിരിക്കുന്നു. ആ നേരത്ത് ഞാനും കാരണമില്ലാതെ ചിരിക്കുകയായിരുന്നു. * ഒരു വാക്കെന്നിലൂടെ നടക്കുന്നു. ഉറങ്ങുന്നതിനു മുന്‍പുള്ള ആലസ്യവേളയില്‍ അങ്ങനെ സംഭവിച്ചു. * ഒരു വാക്കെന്നില്‍ കിടന്നുറങ്ങുന്നു. നിദ്രയിലെ സ്വപ്നത്തില്‍ ഞാന്‍ അതറിഞ്ഞു. * ഒരു വാക്കെന്നോടൊപ്പം ശയിക്കുന്നു. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍  കിടക്ക അത് പറഞ്ഞുതന്നു. * ഒരു വാക്കെന്നെ ചുംബിക്കുന്നു. കുളത്തിന്‍റെ പടവുകളിലെ ഏകാന്തസന്ധ്യ സാക്ഷി. * ഒരു വാക്കെന്നില്‍വീണു മരിക്കുന്നു. എന്നെ കുത്തിയൊഴുക്കി ഒരു പേമാരി തിമിര്‍ക്കുന്നു. **

രഹസ്യസമാഗമം

 നിഴൽപ്പൂക്കൾ 125 ************************* വീട്ടില്‍ ഞാന്‍ മാത്രം. ഫേസ് ബുക്കിലൂടെ അലച്ചില്‍..... അപ്പോള്‍ മുകളിലത്തെ നിലയില്‍നിന്ന് ഏതാനുംപേര്‍ കോണിയിറങ്ങി വന്നു. ** ആരാണിവര്‍? ആദ്യമൊന്നമ്പരന്നെങ്കിലും   ഞാന്‍ പെട്ടെന്ന്‍ നോര്‍മലായി. വിരലുകള്‍ കീ ബോര്‍ഡില്‍ ജാഗരൂകരായി. ** വന്നവര്‍ മുറികളിലൂടെ തലങ്ങും വിലങ്ങും നടന്നു. ടീവി ഓണ്‍ ചെയ്തു. സ്വീകരണമുറിയിലെ സോഫയിലിരുന്ന് ചിരിച്ചു. അടുക്കളയില്‍ ചെന്ന് ഭക്ഷണമെടുത്ത് കഴിച്ചു. അവര്‍ വീട് കീഴടക്കി. പക്ഷെ ഞാന്‍ കീഴടങ്ങിയില്ല. ** പിന്നെയും ഏതാനുംപേര്‍ കോണിയിറങ്ങി വന്നു. ഞാന്‍ കമ്പ്യൂട്ടറില്‍ ജോലി തുടര്‍ന്നു.  ഇവരും ആദ്യത്തെക്കൂട്ടരെപ്പോലെ വീടിന്‍റെ കടിഞ്ഞാണ്‍ കൈയിലെടുത്തു. ** ഇതിനിടെ ആദ്യത്തെ കൂട്ടരും  രണ്ടാമത്തെ കൂട്ടരും കലഹമായി. ബഹളമായി. ചിലര്‍ കോണി കയറി മുകളില്‍ പോയി. ചിലര്‍ മുകളില്‍ നിന്നും താഴെയെത്തി. വന്നവരും പോയവരും എത്രയെന്ന് കണക്കൊന്നുമില്ല. എല്ലാം കൂടിക്കുഴഞ്ഞു. ** ഭാര്യയും മകളും വരുന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം. ഞാന്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു. വീട്ടിന്‍റെ വാതില്‍ തുറന്നതോടെ വന്നവരെല്ലാം അപ്രത്യക്ഷരായി. ** ചുമരിനു...

തങ്കമണി

തങ്കമണിയെ അറിയാമോ? കിള്ളിപ്പാലത്തായിരുന്നു താമസം. വാറ്റുചാരായം വില്‍ക്കലായിരുന്നു ജോലി. * പഴയ കാലം. പഴയ വഴികള്‍. സ്വകാര്യതപോലെ കുറ്റിക്കാടുകള്‍. അവയ്ക്കിടയില്‍ തങ്കമണി. വാറ്റുചാരായത്തിന്‍റെ കുപ്പികള്‍. * ചിലപ്പോള്‍ എക്സൈസുകാര്‍ വരും. ചില ദിവസങ്ങളില്‍ ആരും വരില്ല. മാസാവസാനങ്ങളില്‍ ഓഫീസുകളിലെ സാറന്മാര്‍. സ്കൂള്‍ കട്ട് ചെയ്തു വരുന്ന കുട്ടികള്‍. പലതരം ഇടപാടുകള്‍. * മക്കളുടെ ചെലവ്... ഭര്‍ത്താവിന്‍റെ. ആവശ്യങ്ങള്‍... പഴയ ഇടപാടുകാരുടെ  പഴകാത്ത ആവശ്യങ്ങള്‍. തങ്കമണിക്ക് തിരക്കാണ്. * വഴക്കില്ലാത്ത ദിവസമില്ല. തലതെറിച്ച മക്കള്‍. പണിയെടുക്കാത്ത കെട്ടിയവന്‍. കടം പറയുന്ന ഇടപാടുകാര്‍. അടിവസ്ത്രം പിളര്‍ക്കുന്ന നോട്ടങ്ങള്‍. * മനുഷ്യത്തിയല്ലേ? എങ്ങനെ എപ്പോഴും സഹിക്കും. വഴക്കടിക്കുമ്പോള്‍ തങ്കമണി എല്ലാം മറക്കും. പുഴയിലെ വെള്ളംപോലെ അവള്‍ ഒഴുകും. * എക്സൈസുകാര്‍ കുപ്പികള്‍ പൊട്ടിക്കും. അട്ടഹസിക്കും. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും. ഭര്‍ത്താവ് തലമുടിയില്‍ ചുറ്റിപ്പിടിക്കും. മക്കള്‍ കണ്ണുപൊട്ടുന്ന തെറി വിളിക്കും. ഇടപാടുകാര്‍ അധികാരത്തോടെ  അവിടെയും ഇവിടെയും പിടിക്കും. പുഴയിലെ വെള്ളംപോലെ അവള്‍ ഒഴുകും. * ...

ഏതോ കാലം

പക്ഷികള്‍ പറക്കുന്ന രാത്രിയില്‍, നക്ഷത്രങ്ങള്‍ അരികിലണഞ്ഞപ്പോള്‍ നിലാവിന്‍റെ പാളിവന്നെന്നെ ഗാഢഗാഢമായ് പുണര്‍ന്നപ്പോള്‍  ഓര്‍ത്തുപോയ് ഏതോ കാലം. അങ്ങനെയൊരുകാലം  ഉണ്ടായിരുന്നേയില്ല എന്‍റെ ജീവിതത്തിങ്കല്‍; എങ്കിലുമേതോകാലം. പാടത്തിലൂടെ കാറ്റു വീശിയ കാലം, നീല വാനത്തില്‍ മുകിലുകള്‍ നൃത്തമാടിയ കാലം.  അങ്ങനെയൊരുകാലം  ഉണ്ടായിരുന്നേയില്ല എങ്കിലും ഓര്‍മിച്ചു ഞാന്‍ പ്രദക്ഷിണവഴിയില്‍ നിറയെ  പൂമ്പാറ്റകള്‍ താളം തുള്ളിയകാലം. പട്ടുപാവാട കാറ്റില്‍ വട്ടം ചുറ്റിയ കാലം.  പാതിരാവില്‍ പാട്ടുകള്‍  കേട്ടുണര്‍ന്നതാം കാലം. എതാണാക്കാലം    കലണ്ടറില്‍ പതിയാക്കാലം കാട്ടുമോ അക്കാലത്തെ ഒന്നു കണ്ടിടാന്‍ മാത്രം. നീട്ടുമോ അക്കാലത്തെ ഒന്നു തൊട്ടിടാന്‍ മാത്രം. കൈവളയുടയുന്ന നാദവും ചിലങ്കതന്‍ കൊഞ്ചലും മറവിയില്‍ ഓര്‍മ്മചാലിക്കും കാലം. അങ്ങനെയൊരുകാലം  ഉണ്ടായിരുന്നേയില്ല. എങ്കിലുമെവിടെയോ ഉറങ്ങിക്കിടക്കുന്നു, കാലം,  ആ കാലത്തിന്‍റെ  ശയ്യയില്‍ ഞാനുണ്ടാവാം. ഉണ്ടാവാതിരിക്കുവാന്‍ ഉറങ്ങാതിരിക്കാനും ആവില്ല  നിലാവിന്‍റെ യാത്രകളതൊക്കെയും. പക്ഷികള്‍ പറക്കുന്നു,  രാത്രിയില...

ഡയറി

രാത്രിയില്‍ ഡയറിയെഴുതിയപ്പോഴാണ് ഓര്‍മ്മിച്ചത് അന്നേദിവസം നിന്നെക്കുറിച്ച് ഓര്‍ത്തതേയില്ലെന്ന്. കുറ്റബോധത്തോടെ നിന്നെക്കുറിച്ച് ഡയറിയില്‍ മധുരവാക്കെഴുതി. * ഉറങ്ങാന്‍ കിടന്നപ്പോളാണ് തോന്നിയത് ഇതിനുമുന്‍പും  നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്ന്‍ ഒരു പക്ഷെ ആഴ്ചകളോളം ഇല്ലെങ്കില്‍ മാസങ്ങളോളം.... ഏതായാലും വര്‍ഷങ്ങളോളം എന്ന് പറയാനാവില്ല. കാരണം നമ്മള്‍ ആദ്യമായി കാണുന്നത്. മാസങ്ങള്‍ക്ക്  മുന്‍പ് മാത്രം. * അല്ലെങ്കില്‍ ഓര്‍മിക്കുന്നതില്‍ എന്തര്‍ഥം! മറക്കുന്നതിലും വലിയ കാര്യമൊന്നുമില്ല. ഓര്‍മ്മയും മറവിയും  ഒരേ നദിയില്‍ ഒഴുകുന്ന ജലപാളികള്‍. അനേകം ഓര്‍മ്മകളെ മായ്ക്കാന്‍ ഒരൊറ്റ മറവി മതി. അനേകം മറവികളെ മായ്ക്കാന്‍ ഒരൊറ്റ ഓര്‍മ മതി. * അന്നുരാത്രി ഞാന്‍ എന്‍റെ ഡയറികള്‍ കത്തിച്ചു. മനോഹരമായ അഗ്നിനാളങ്ങളില്‍ മുഴുകി. ഓര്‍മ്മയുടെ അഗ്നിനാളങ്ങള്‍, മറവിയുടെയും. **

നാട്ടിൻപുറത്തെ വേശ്യ

നാട്ടിന്‍പുറത്തെ വേശ്യയുടെ കാര്യം  കഷ്ടത്തിലാണ്. പുതിയ മള്‍ട്ടിപ്ലക്സുകള്‍ വന്നിരിക്കുന്നു. ഉദാരവല്ക്കണരണം, വിദേശനിക്ഷേപങ്ങള്‍ എല്ലാം പ്രശ്നമാണ്. ** ഭര്‍ത്താവിന്‍റെ മദ്യപാനം  പണ്ടത്തെതിലും കഷ്ടം. പണ്ട് ആള്‍ യോഗ്യനായിരുന്നെന്നല്ല! കൌമാരം കടന്നതോടെ മകന്‍ ഭ്രാന്തിന്‍റെ വേലികള്‍ കടന്നു. ഇപ്പോള്‍ അവന്‍ മുഴുഭ്രാന്തന്‍. നാട്ടില്‍ കാണാനില്ല. ആരും അന്വേഷിച്ചതുമില്ല. തള്ള വല്ലപ്പോഴും നെടുവീര്‍പ്പിടും. അവള്‍ തിണ്ണയിലിരുന്ന്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കുമ്പോള്‍ എല്ലാവരും കരുതും, ഏതോ ഇടപാടുകാരനെ കാത്തിരിക്കയാണെന്ന്. സംഗതി കുറച്ചൊക്കെ ശരിയുമാവാം. പക്ഷെ ഒന്നറിയുവിന്‍; ചിലപ്പോഴെങ്കിലും അവളുടെ കണ്ണുകള്‍ തേടുന്നത് ഭ്രാന്തുപിടിച്ച ആ കുട്ടിയെയാണ്. ** നാട്ടിന്‍പുറത്തെ വേശ്യയുടെ കാര്യം കഷ്ടത്തിലാണ്. ശരിക്കുള്ള ഭക്ഷണമില്ല. വസ്ത്രങ്ങളില്ല. ചമയങ്ങളില്ല. സ്വപ്നങ്ങളില്ല. തലേന്നാളത്തെ ചോറില്‍ വെള്ളമൊഴിച്ചത് അലുമിനിയം കലത്തിലുണ്ട്. ശരീരത്തിലെവിടെയോക്കെയോ രോഗങ്ങള്‍ ഉണരുന്നുണ്ട്. മരക്കൊമ്പിലിരുന്ന്‍ ഒരു കറുത്ത പക്ഷി അവളെത്തന്നെ നോക്കുന്നു. നാട്ടിന്‍പുറത്തെ വേശ്യയുടെ കാര്യം ദുരിതമാണ്. ****************...

പഴയ ചേല

ചേല തീരെ പഴയതായി. വര്‍ഷങ്ങള്‍ക്ക്മുമ്പ് വാങ്ങിയതാണ്. ഏറെ ആശിച്ച് വാങ്ങിയത്. ഏറെനേരം തെരഞ്ഞു കണ്ടെത്തിയത്. രണ്ടു ചേലകളില്‍ ഏതു തെരഞ്ഞെടുക്കണമെന്ന് കുറച്ചധികനേരം സംശയിച്ചു. ഒടുവില്‍ ഭര്‍ത്താവിന്‍റെ ക്ഷമ മുറിഞ്ഞു. അപ്പോള്‍ ഒരെണ്ണം തീര്‍ച്ചയാക്കി. പക്ഷെ മറ്റേച്ചേല പിന്നെയും മനസ്സില്‍ക്കിടന്ന്‍ തിളങ്ങി. രാത്രികളുടെ മാര്‍ദ്ദവം കാലം കഴിഞ്ഞപ്പോള്‍ ചേലയെ കൈയ്യൊഴിഞ്ഞു. പകലുകളുടെ പ്രകാശം  ചേലയുടെ കണ്ണുകളില്‍ മങ്ങലായി. സന്ധ്യയില്‍ ചേല തുടുത്തില്ല. ഇരുട്ടിനെ ചേല പേടിച്ചില്ല. അയയില്‍ ഉണങ്ങാന്‍ കിടക്കുമ്പോള്‍ പണ്ടേപ്പോലെ കാറ്റ് അമ്മാനമാട്ടാറില്ല. അലമാരയില്‍ വിശ്രമിക്കുമ്പോള്‍ അടുത്തിരിക്കുന്ന ആണ്‍വസ്ത്രത്തോട്‌ ശൃംഗരിക്കാറില്ല. താഴമ്പൂവിതളില്‍ നിന്ന് പരിമളം ഊറ്റിക്കുടിക്കാറില്ല.  ഇനി ഈ ചേല ഉടുക്കാനാവില്ല. എന്നാല്‍ കൈവിടാനും വയ്യ. ചേലയില്‍  ഓര്‍മ്മകള്‍ പലതു പുരണ്ടിരിക്കുന്നു. അലമാരയുടെ അടിയില്‍ വിരിക്കാം. മറ്റുചേലകള്‍ ഇതിന്മേല്‍ വിശ്രമിക്കട്ടെ. അങ്ങിനെ അടുക്കിവക്കുമ്പോള്‍ ചേലക്കുമേല്‍ കണ്ണീര്‍ വീണതെന്ത്? തെരഞ്ഞെടുക്കാതെ കടയില്‍ ഉപേക്ഷിച്ച  മറ്റെച്ചേലയെ ഓര്‍മിച്ചതെന്ത്? പുഴവക്കില്‍ ഉട...

സ്വപ്നനഗരി

മൂന്നു പകലും മൂന്നു രാത്രിയും  അയാള്‍ ഒരേ ദിശയില്‍ സഞ്ചരിച്ചു. അപ്പോള്‍ സ്വപ്നനഗരത്തില്‍ എത്തി. ** ഒരു പ്രഭാതത്തിലാണ്  അയാള്‍ അവിടെ എത്തിയത്. ചെറിയ നഗരം. ചെറിയ തെരുവുകള്‍. വലിയ ആര്‍പ്പുവിളികളില്ല. ആരവങ്ങളില്ല. നഗരം സ്വച്ഛമാണ്. ശാന്തവും. ** ഇളം കാറ്റ് വീശുന്നുണ്ട്. വെയിലിനു വലിയ ചൂടില്ല. ആരും വലിയ തിരക്കിലല്ല.  ആരും ഉദാസീനരുമല്ല. ** ഇതെന്‍റെ സ്വപ്നനഗരം തന്നെ. - നഗരത്തിലെ തെരുവുകളിലൂടെ  നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ഇതെന്‍റെ നഗരം തന്നെ. - നഗരത്തിലെ ഭക്ഷണശാലയിലിരുന്ന് രുചിയുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ** അവിടുത്തെ വീടുകളെല്ലാം മരങ്ങളിലായിരുന്നു. ചെറിയ വെടിപ്പുള്ള വീടുകള്‍. മരച്ചില്ലകള്‍ക്കിടയില്‍ ഇലകളുടെ മറവില്‍  ഒളിച്ചിരിക്കുന്ന വീടുകള്‍. അയാള്‍ അവയെ കൂടുകള്‍ എന്ന് വിളിച്ചു. ** സന്ധ്യയില്‍ നഗരം കൂടുതല്‍ സുന്ദരമായി; നഗരത്തിലെ മനുഷ്യരും. ആകാശം ചുകന്നു തുടുത്തു. നിഴലുകള്‍ക്ക്  ഇളം ചുകപ്പുനിറം. തെരുവുകളും ചുകപ്പ്. നല്ല ഭംഗിയുണ്ടെന്ന് അയാള്‍ തന്നത്താന്‍ പറഞ്ഞു. ** അയാളോട് ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല. അയാള്‍ക്ക്  സ്വാതന്ത്ര്യമായിരുന്നു. അയാള്‍ ചോദ...

ജലവിശുദ്ധി

“പൊട്ടിയ പാത്രത്തിലേക്ക്  എന്തിനു വീണ്ടും ജലം പകരുന്നു?” “ഞാന്‍ വെള്ളം കോരിക്കൊണ്ടേയിരിക്കും അത് നിറഞ്ഞുകൊണ്ടേയിരിക്കും.” “ നിറയുന്നതിനോപ്പം അത് ഒഴിഞ്ഞുകൊണ്ടേയിരിക്കും.” “അതിനെന്ത്..... ജലം നിറയുന്നുണ്ടല്ലോ!” “പാത്രത്തിലെ ഓട്ട വലുതാവും. പകരുന്നതിനൊപ്പം തന്നെ വെള്ളം ഒഴിഞ്ഞുപോവും. അപ്പോള്‍ നീ എന്ത് ചെയ്യും?” “അപ്പോഴും ഞാന്‍ ജലം പകരും. പകര്‍ന്നുകൊണ്ടേയിരിക്കും?” “ഇതൊരു പാഴ് പ്രവൃത്തി. തോല്‍വി മാത്രം ബാക്കി....” “ഒരു പ്രവൃത്തിയും  മുഴുവനായി സഫലമല്ല. മുഴുവനായി വിഫലവുമല്ല.” “പാത്രത്തിലെ ഓട്ട അടച്ചുകൂടെ?” “അതെന്തിന്?” “ഈ പ്രവൃത്തി പൂര്‍ത്തിയാക്കാം. മറ്റൊന്ന് ആരംഭിക്കാം.” “ജലം പകരുന്നത് ഒരു സത്പ്രവൃത്തിയല്ലേ? അത് തുടരുന്നത് സന്തോഷമല്ലേ?” “ഒരു ദിവസം നിങ്ങള്‍ മരിക്കും. പാത്രം നിറയുകയുമില്ല.” “മരിച്ചാലും മരിച്ചില്ലെങ്കിലും ഇത് നിറയാത്ത പാത്രം. മറ്റൊരു തരത്തില്‍  ഇത് ഒരിക്കലും ഒഴിയാത്ത പാത്രം.” അത്രയും പറഞ്ഞ് വെള്ളം കോരുന്നയാള്‍ അപ്രത്യക്ഷനായി. പാത്രം നിറഞ്ഞ്  ജലം പുറത്തേക്കൊഴുകാന്‍ തുടങ്ങി.

മിന്നാമിനുങ്ങുകൾ

പ്രണയാലസ്യത്തോടെ ഇരുളിന്‍റെ കല്‍പ്പടവുകളില്‍ ഒറ്റക്കിരിക്കുകയായിരുന്നു അവള്‍. ** ഒരു കൂട്ടം മിന്നാമിനുങ്ങുകള്‍ പറന്നുവന്നു. അവ അവളുടെ തലമുടിയെ പൊതിഞ്ഞു. പ്രണയത്തിന്‍റെ കിരീടവും പേറി അവള്‍ ഇരുളില്‍ കാത്തിരുന്നു. മിന്നാമിനുങ്ങുകള്‍  അവളുടെ മാറില്‍ മാലകളായി. അവള്‍ക്ക് കൈവളകള്‍ ചാര്‍ത്തി. പലതരം ആഭരണങ്ങളായി അവ അവളെ അലങ്കരിച്ചു. അവള്‍ക്ക്  ചുറ്റും നൃത്തം ചെയ്തു. അവളുടെ കൈകാലുകള്‍  വെളിച്ചം കൊണ്ട് കഴുകി. വെളിച്ചം കൊണ്ട് തുവര്‍ത്തി . കുഞ്ഞരുവിയായി  അവള്ക്കവരികിലൂടെ ഒഴുകി. മരമായി അവള്‍ക്ക് കാറ്റ് വീശി. മിന്നാമിനുങ്ങുകളും അവളും മാത്രമായി. ** രാത്രിയില്‍ നിദ്രയില്‍ അവര്‍ അവളെ എടുത്തുയര്‍ത്തി. മിന്നാമിനുങ്ങുകളുടെ കൂട്ടം ആകാശത്തിലേക്ക് പറന്നുപോയി. ഒരു വേണ്മേഘത്തിന്‍റെ മറവില്‍വച്ച് അവള്‍ ഇല്ലാതായി. മിന്നാമിനുങ്ങുകളുടെ കൂട്ടം കുറേക്കൂടി വലുതായി. ***********************************

നമ്മൾ

നിന്നെക്കുറിച്ചു പാടുവാന്‍ പിന്നെയും വരുമ്പോള്‍  ആ കണ്ണുകളില്‍ തിളക്കമില്ല. ആ ചുണ്ടുകള്‍ വിതുമ്പുന്നതുമില്ല. കാറ്റ് വീശുന്നത് മാത്രം. കരിയിലകള്‍ പാറുന്നത് മാത്രം. ഇത് മരുഭൂമിയാണോ? അതോ മരിച്ചവരുടെ തറയോ? ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കുന്നു. നോക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ ആചുണ്ടുകളിലേക്ക് നോക്കുന്നു. നോക്കിക്കൊണ്ടിരിക്കുന്നു. ഘടികാരം സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. കുളത്തിന്‍റെ പാട പിളര്‍ന്ന്‍  ഒരു താമരപ്പൂവ് പിടഞ്ഞുണരുന്നു. അഴുക്കിന്‍റെ പാളികള്‍  പെട്ടെന്ന് പിന്മാറുന്നു. കാറ്റിന്‍റെ  ലാളന. ഓളങ്ങളുടെ ലയം. നിന്‍റെ  കണ്ണുകള്‍ തിളങ്ങുകയാണ്. ചുണ്ടുകളില്‍ വിതുമ്പല്‍. ഉന്മാദത്തിന്‍റെ  തോണി  ഒരുങ്ങിക്കഴിഞ്ഞു. ചുംബനത്തിന്‍റെ  പങ്കായത്തില്‍ പരസ്പരം കൊരുത്തുകൊണ്ട് ഏതോ വിദൂരതയിലേക്ക്  നമ്മുടെ തോണി.

കണക്കെടുപ്പ്

നമ്മള്‍ സ്നേഹിച്ചവരുടെ ഒരു കണക്കെടുത്താലോ? അമ്മ മുതല്‍ തുടങ്ങാം. അമ്മയെ സ്നേഹിച്ചിരുന്നോ? ഉറപ്പിക്കാനാവില്ലല്ലോ. കുഞ്ഞായിരുന്നപ്പോള്‍ സ്നേഹിച്ചിരുന്നു. ഉറപ്പാണ്‌. പിന്നെയോ? സംശയങ്ങളും നിഴലുകളുമാണല്ലോ! എങ്കില്‍ അടുത്തയാള്‍ ആര്? പലരും വന്നു പോകുന്നു. അച്ഛന്‍, ഉടപ്പിറപ്പുകള്‍, അയല്‍പക്കക്കാര്‍, കൂട്ടുകാര്‍, ആദ്യത്തെ കൂട്ടുകാരി, മഞ്ചാടിക്കുരുക്കള്‍, അമ്പലത്തിലെ ഉത്സവം, പരീക്ഷപ്പേടി,  അലച്ചിലുകള്‍. ഓരോന്നും ഓരോക്കാലത്ത് വന്നുപോയി. വഴിപിരിഞ്ഞതും വഴിതെറ്റിയതും വഴിമുട്ടിയതുമായ സ്നേഹങ്ങള്‍. കണക്കെടുപ്പിന്‍റെ കളങ്ങളിലൂടെ കാലത്തിന്‍റെ അടയാളംപോലെ ഉറുമ്പുകളുടെ ജാഥ.

മരത്തിലെ പുഴ

പുഴയില്‍ കുളിക്കാന്‍ പോയ മരം മടങ്ങിച്ചെന്നില്ല. സ്വപ്‌നങ്ങള്‍ അതിനെ ഒഴുക്കിക്കൊണ്ടുപോയി. മറ്റൊരു രാജ്യത്ത് മറ്റൊരു തീരത്ത് മരം ചെന്നടിഞ്ഞു. അത് മെല്ലെ തീരത്തിലൂടെ നടന്ന് അധികം മരങ്ങളില്ലാത്ത ഒരിടത്തെത്തി. നല്ല കാറ്റും വെളിച്ചവുമുള്ള ഇടം. അകലെ മലകള്‍ കാണാം. പുഴ അടുത്തുണ്ട്. നല്ല സ്ഥലം! മരം അവിടെ വേരുകളാഴ്ത്തി. ചില്ലകള്‍ പടര്‍ത്തി . പകല്‍ മനുഷ്യര്‍ക്ക്  തണല്‍  രാത്രി പറവകള്‍ക്ക്  ചേക്ക. കാറ്റിലാടിയും മഴയില്‍ നനഞ്ഞും കാലം പോയതറിഞ്ഞില്ല. ചില്ലകളില്‍ പൂക്കള്‍ നിറഞ്ഞതും പറവകളും മനുഷ്യരും  കായ്തേടി വന്നതും അങ്ങനെയങ്ങനെ  കാലം സ്പന്ദിച്ചുകൊണ്ടിരുന്നു. ഈ ജാതി മരം നാട്ടിലെങ്ങുമില്ല. നല്ല താളത്തിലുള്ള ചില്ലകളും ഇലകളും. പൂക്കള്‍ എത്ര മനോഹരം. കായ്കളില്‍ മധുരവും പുളിയും ആര്‍ദ്രമായി ചാലിച്ചിരിക്കുന്നു. മരത്തെ സ്നേഹിച്ചവര്‍ പറഞ്ഞു. എന്നിട്ടും ഒരു രാവിന്‍റെ മറവില്‍ ആരോ മരത്തെ മുറിച്ചുവീഴ്ത്തി. ഫര്‍ണിച്ചറായി മാറിയ മരം അപ്പോഴും അതിന്‍റെ കുലീനത കാത്തു. ആഭിജാത്യം സൂചിപ്പിക്കുന്ന അടയാളങ്ങളും ആകര്‍ഷണീയമായ നിറവും ഒരുതരം സുഗന്ധവും ...... ഉറപ്പും ബലവുമുള്ള ഫര്‍ണിച്ചര്‍. മനുഷ്യര്‍ അതിലിരുന...

ഇപ്പോൾ

മരങ്ങളെ ഞാന്‍ സ്നേഹിച്ചിരുന്നു  മഞ്ഞിനേയും.. കാടിനെ ഞാന്‍ സ്നേഹിച്ചിരുന്നു പുഴകളെയും. - അവള്‍ പറഞ്ഞു. ഇപ്പോഴോ? - ഞാന്‍ ചോദിച്ചു. ദൈവത്തെ ഞാന്‍ സ്നേഹിച്ചിരുന്നു മനുഷ്യരെയും. മഴയെ ഞാന്‍ സ്നേഹിച്ചിരുന്നു വെളിച്ചത്തെയും. - അവള്‍ പറഞ്ഞു.  ഇപ്പോഴോ? കുട്ടികളെ ഞാന്‍ സ്നേഹിച്ചിരുന്നു വൃദ്ധരേയും. മരണത്തെ ഞാന്‍ സ്നേഹിച്ചിരുന്നു ജീവിതത്തെയും. ഭൂമിയെ ഞാന്‍ സ്നേഹിച്ചിരുന്നു നക്ഷത്രങ്ങളെയും. പോയകാലത്തെ ഞാന്‍ സ്നേഹിച്ചിരുന്നു വരും കാലങ്ങളെയും. ഇപ്പോഴോ? ഇപ്പോള്‍ ചുറ്റും ഒന്നുമില്ലല്ലോ. മരുഭൂമിയിലെ അഗ്നിയെ സ്നേഹിക്കുന്നതെങ്ങനെ? നിലാവും നിദ്രയുമില്ലാത്ത രാത്രിയെ സ്നേഹിക്കുന്നതെങ്ങനെ? അവള്‍ ചോദിച്ചു. അവള്‍ ചോദിച്ചുകൊണ്ടിരുന്നു. മെല്ലെ മെല്ലെ അവള്‍ അലിഞ്ഞുതീര്‍ന്നു ഞാനും.

വന്നുപോകുന്നവർ

ഒരു കാലത്ത് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഒരാള്‍ തെരുവിലൂടെ നടന്നുപോയി. വൃദ്ധനാണ്. നടത്ത പതുക്കെയാണ്. പൂട്ടിക്കിടന്നിരുന്ന ഒരു ഗേറ്റിനുമുന്നില്‍  അയാള്‍ കുറച്ചുനേരം നിന്നു. തുരുമ്പിച്ച ഗേറ്റ്. കാടുപിടിച്ച മുറ്റം. പിന്നില്‍പ്പതുങ്ങി ഒരു വീടും. അയാള്‍ കുറച്ചുനേരം അവിടെ നിന്നു. പിന്നെ പടിഞ്ഞാറോട്ട് നടന്നുപോയി. ഒരു തെരുവുനായ അതുവഴി വന്നു. ഗേറ്റിലേക്ക് മൂത്രമൊഴിച്ചു. വന്നവഴിയിലൂടെ അത് തിരിഞ്ഞു നടന്നു. ഒരു പെണ്‍പട്ടി അതിലേവന്നു. അവരൊന്നിച്ച് നടത്തയായി. പള്ളിയില്‍ നിന്നു മടങ്ങുന്ന ഒരു വൃദ്ധയും അതുവഴി വന്നു. തലകുനിച്ചു തന്നിലൂടെ മാത്രം നടക്കുകയായിരുന്നു അവര്‍. എങ്കിലും ആ ഗേറ്റിനുള്ളിലേക്ക് ഒന്ന് പാളിനോക്കി. വേഗത തെല്ലൊന്നു കൂട്ടി നടക്കുകയും ചെയ്തു.    പുതിയ കാലത്തെ രണ്ടു കുട്ടികള്‍ വന്നു. മെല്ലെ മെല്ലെ അവര്‍ നടന്നു. ഒരിക്കലും അവസാനിക്കാത്ത  ഒരു യാത്രയിലൂടെയെന്നോണം അവരങ്ങനെ നടന്നുപോയി. ചുറ്റുമുള്ള ലോകം അവരില്‍ പുരണ്ടില്ല. ഗേറ്റും വീടുമൊന്നും അവര്‍ അറിഞ്ഞില്ല. ഒരു കൂട്ടം എറുമ്പുകള്‍ തുരുമ്പുപിടിച്ച ഗേറ്റിന്‍റെ വളവുകളിലൂടെ സത്യാന്വേഷകരുടെ സംഘത്തെപ്പോലെ  നടന്നുപോയി. മഴ വന്നു. വെ...

അവളല്ല

മെടഞ്ഞടുക്കിവച്ച ഓലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുമ്പോള്‍  ഉച്ചവെയിലിന്‍റെ ചുംബനം അവളെ നനച്ചിരുന്നു. ആ നനവില്‍നിന്നു പുറത്തിറങ്ങി ഒളിച്ചുകളിക്ക് അടുത്തയിടം തേടുമ്പോള്‍ ഞാന്‍ പറഞ്ഞു നീ അവളല്ല. കാറ്റിലുലയുന്ന പാടങ്ങളുടെ പരവതാനിക്കിടയിലെ വരമ്പിലൂടെ നടക്കുമ്പോള്‍  പട്ടുപാവാടക്കാരി വന്നു. വഴുതുന്ന വരമ്പിന്‍റെ വിതുമ്പലില്‍ വിരലുകള്‍ മെല്ലെ തൊട്ടപ്പോള്‍ പ്രണയം സ്പുലിംഗമായി. എന്നാല്‍ വയലിനപ്പുറം പുഴക്കരയിലൂടെ നടക്കുമ്പോള്‍ പുഴ പറഞ്ഞു. അത് അവളല്ല. സ്കൂളിലെ ഇടനാഴിയില്‍ കണ്ണിലെ ഉലയുന്ന ദീപനാളവുമായി കാത്തുനിന്നവള്‍  രാത്രിസ്വപ്നത്തെ നനച്ചെങ്കിലും പിറ്റെന്നുണര്‍ന്നപ്പോള്‍ ഓര്‍മ്മകളില്‍ സ്വപ്നം ഇല്ലായിരുന്നു. പുലരിയിലെ കിളി പറഞ്ഞു. സ്വപ്നങ്ങള്‍ സത്യമല്ല. വേദിയിലെ വെളിച്ചത്തില്‍ നൃത്തം ചെയ്തവള്‍ വട്ടംച്ചുറ്റി പാവാട വര്‍ണ്ണക്കുടയാക്കിയപ്പോള്‍ ആ വര്‍ണ്ണക്കുടപേറി ഞാന്‍ മേഘസഞ്ചാരിയായി. ലാബിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ കൂട്ടുകാരി പറഞ്ഞു. മറ്റേവള്‍ സത്യമല്ല. വെറും നിഴല്‍ മാത്രം. സന്ധ്യയില്‍ സിന്ദൂരമായവളും രാവില്‍ സംഗീതമായവളും ഞാന്‍ തേടി നടക്കുന്നവളല്ലെന്ന് അമ്പലമണികളും  പാലപ്പൂമണവും പറഞ്ഞുതന്...

പ്രണയിനിയുടെ ലോകം

പ്രണയിനിയുടെ നാട്ടില്‍  പറവകളെന്തിന്! കാറ്റില്‍പ്പറക്കുന്ന ആ തലമുടികള്‍ പറവകളല്ലേ! * പ്രണയിനിയുടെ നാട്ടില്‍ നക്ഷത്രങ്ങള്‍ വേണ്ട. കണ്ണുകള്‍ നക്ഷത്രങ്ങള്‍. * ഹാ...ഹാ... കാറ്റുവേണ്ട മരം വേണ്ട മലകള്‍ വേണ്ട കാടോ സമുദ്രമോ വേണ്ട. അഗ്നി വേണ്ട. വാക്ക് വേണ്ട. മണലോ സിമന്റോ വേണ്ട. മേല്ക്കൂ ര വേണ്ട. ആകാശം വേണ്ട. ഊണ് വേണ്ട  ഉറക്കം വേണ്ട രാത്രിയോ പകലോ വേണ്ട. ഹാ...ഹാ...ഹാ... * പ്രണയിനിയുടെ ശയ്യയില്‍  ചുംബനം പോലും കൊഴിഞ്ഞവീണ ഇല. * ഏകാന്തതയുടെ മുനയില്‍ ഒറ്റനാളമായി ഞങ്ങള്‍ സ്പന്ദിക്കുന്നു. ****************************

അലങ്കാരം

കവിത തിരുത്തിയവളുടെ  കണ്ണുകള്‍ തിളങ്ങി. തിളങ്ങിയതെന്തിന്? പാദസരങ്ങള്‍ കിലുങ്ങി. കിലുങ്ങിയതെന്തിന്? ചുണ്ടുകള്‍ വിതുമ്പി. വിതുമ്പിയതെന്തിന്? കവിതയില്‍ നിന്നടര്‍ന്നു വീണ വര്‍ണ്ണത്തരികള്‍ വിരലില്‍ ചാലിച്ച് ഞാന്‍ സിന്ദൂരം ചാര്‍ത്തി . കവിതയിലെ കുത്തും കോമയും ശേഖരിച്ച് കണ്ണെഴുതിച്ചു. കവിതയിലെ പ്രതീകങ്ങള്‍  കവിളിലെ അരുണിമയായി. കവിതയുടെ വൃത്തം ചുണ്ടിലെ തുടിപ്പായി. കവിതയെ അലങ്കരിച്ചവളെ  ഞാന്‍ അലങ്കരിക്കുന്നു. അവള്‍ കവിതയെയും. നക്ഷത്രനിബിഡമായ വാനത്തിലൂടെ രണ്ടിണപ്പക്ഷികള്‍ പറക്കുന്നു. അവളും ഞാനും. ഞാനും എന്‍റെ കവിതയും. വെട്ടിയും തിരുത്തിയും പ്രണയിച്ചും നിരസിച്ചും  ഞങ്ങള്‍ മേഘങ്ങളിലേക്ക് പറക്കുന്നു.

പറയാത്തവ

പറയാനേറെ നിനച്ചതു പലതും പലരും പറയാറില്ലെന്നാല്‍ എവിടെപ്പോയാ പറയാവാക്കുകള്‍? കണ്ടതു പലരും കാണാറില്ലാ, കാണാക്കാഴ്ചകള്‍ എവിടെപ്പോയ്? കേട്ടതുപലതും കേള്‍ക്കാറില്ലാ, കേള്‍ക്കാനാദമതെവിടെപ്പോയ്? ** ചുണ്ടില്‍ തുളുമ്പിയൊടുങ്ങിയ ചുംബനം, ഇരുളില്‍ വീണു മറഞ്ഞൊരു നാണയം, കിളികള്‍ വരാത്തൊരു കൂട്ടിലെ മുട്ടകള്‍, പുണരാനേറെനിനച്ചയുടലുകള്‍, മുങ്ങാന്‍ കൊതിച്ച പുഴകള്‍, പാടാപ്പാട്ടുകള്‍, ഉദിക്കാസൂര്യന്‍, എവിടെപ്പോയവയോക്കെയും?  ** പറയാതൊഴിഞ്ഞ വാക്കേ നിന്‍റെ പടവിലിരിക്കുകയാണിപ്പോള്‍. ഗേറ്റുതുറന്നു നടന്നുവരുന്നു. ആരാവാം അത്, വാക്കോ കാറ്റോ കാലം തെറ്റിയ ഓര്‍മ്മകളോ! **

ആണിയടിക്കുമ്പോൾ...

ആണിയടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ പലതുണ്ട് കാര്യങ്ങള്‍. അടിയുടെ ശക്തി  കൂടരുത്, കുറയുകയുമരുത്. ഒരു പ്രത്യേക താളം വേണം അടിക്ക്. ഇല്ലെങ്കില്‍ സംഗതി അലമ്പാകും. ആണി ചരിയരുത്. വളയുകയുമരുത്. സൂക്ഷ്മമായി ഏകാന്തമായി ആണിയും അത് അടിക്കുന്നവനും  ലക്ഷ്യത്തിലേക്ക്  പ്രവേശിക്കണം. വളഞ്ഞുപോയ ആണി പാഴായിപ്പോയ ജീവിതം. ചരിഞ്ഞുപോയ ആണിയ്ക്ക് പിസയിലെ ഗോപുരത്തെയോര്‍ത്ത്  സ്വയം മേനിനടിക്കാമെങ്കിലും സത്യത്തില്‍ കാര്യമൊന്നുമില്ല. പരാജയപ്പെട്ട ആണികള്‍  ചുരുണ്ടും വളഞ്ഞും  നമ്മുടെ ജീവിതപരിസരങ്ങളില്‍ ഉണ്ടാകും. കണ്ടില്ലെന്നു നടിക്കരുത്. അവയെ പ്രകോപിപ്പിക്കുകയുമരുത് തുരുമ്പുള്ള ആണി അപകടകാരിയാണെന്ന് അറിയാമല്ലോ. ശവപ്പെട്ടിയില്‍ വീഴുന്ന അവസാനത്തെ ആണി ഒരു പ്രതീകമാണ്. കണ്ണീരും ഓര്‍മ്മകളും ആ ആണിയില്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍ രക്തതുള്ളികളും. വീടുപേക്ഷിച്ചുപോയ ആണികള്‍ വഴിയരികില്‍ വച്ച്  പഴയ വീട്ടുകാരെ കാണുമ്പോള്‍ ഒളിച്ചുകളയും. ഇല്ലെങ്കില്‍ മുഖം തിരിക്കും. രാത്രിയില്‍ ഒറ്റക്കിരിക്കുമ്പോള്‍ ചില ആണികള്‍ ഉന്മാദികളെപ്പോലെ പാഞ്ഞുവരും. അവ തറഞ്ഞുകയറും. ചിലപ്പോള്‍ രക്തമാവും  ചിലപ്പോള്‍ കണ്ണീരാവു...

തുമ്പി

മരിച്ചവരുടെ പാത പിന്തുടര്‍ന്ന് ‍ ഒരു തുമ്പി പറന്നുപോയി. തുമ്പിക്ക് പിന്നാലെ ഒരു കുട്ടിയും . രാത്രി അതിന്‍റെ ചിറകുകള്‍ വീശി. നിഴലുകള്‍ പരസ്പരം പിറുപിറുത്തു. സ്വപ്നങ്ങള്‍ കാറ്റില്‍ അലിഞ്ഞു. കുട്ടിയെത്തേടി പലരും പോയി. കാട്ടില്‍ പുതുവഴികള്‍ തെളിഞ്ഞു. പാതിരാവിലൂടെ പകല്‍ ഇരമ്പി. സ്നേഹിക്കുക എന്നത് ഇത്ര വലിയ പാപമോ? എന്താണ് പുണ്യം? കുട്ടിയുടെ അമ്മ ചോദിച്ചു. ശവക്കോടി പുതച്ച് കുട്ടി വന്നു. വെള്ള ആംബുലന്സി്നു പിന്നാലെ ഏതാനും തുമ്പികള്‍ പറന്നുകൊണ്ടിരുന്നു. ശവമടക്കുകഴിഞ്ഞ് ആളുകള്‍ മടങ്ങി. ഒരുകൂട്ടം തുമ്പികള്‍ വന്നു. അവ കുട്ടിയെ വിളിച്ചുണര്‍ത്തി. തുമ്പികളുമൊത്തു കുട്ടി പറന്നുപോയി. അടുത്ത പ്രഭാതത്തില്‍  അവിടെ പിന്നെയും തുമ്പികള്‍ പാറി നടക്കുന്നു. അമ്മ പറഞ്ഞു, ഒരു തുമ്പിക്ക് കുട്ടിയുടെ മുഖമാണെന്ന്. അമ്മയോട് ചിരിച്ചെന്ന്. കുട്ടിയുടെ അമ്മ ഒരു എഴുത്തുകാരിയാണ്. അതിനാലാവാം ആരും അതത്ര കാര്യമാക്കിയില്ല. എഴുത്തുകാരി അമ്മയുമാണെന്ന് അവരൊന്നും ഓര്‍ത്തില്ല. മരിച്ചവരുടെ പാതയിലൂടെ തുമ്പികള്‍ പറന്നുപോയി. തുമ്പികള്‍ക്ക് പിന്നാലെ കുട്ടികളും.

പച്ചച്ചേര

പച്ചച്ചേരയുടെ കൂട്ടുകാരനെ  കുറ്റം പറയേണ്ട. * ചേരകളുമൊത്താണു വാസം. ചേരകളോടാണ് സംഭാഷണം. ചേരകളെപ്പോലെ വളഞ്ഞുപുളഞ്ഞുള്ള നടത്തം. ചേരകളെപ്പോലുള്ള ചീറ്റല്‍. തവളകളുമായി ശത്രുത. മഴവില്‍ പ്രൊഫൈല്‍ചിത്രം. * പച്ചച്ചേരകളുടെ കൂട്ടുകാരനെ  കുറ്റം പറയേണ്ടതില്ല. * ശാന്തനാണ്. മദ്യപാനമില്ല. ആരെയും ഉപദ്രവിക്കില്ല. പച്ചിലകള്‍ക്കിടയിലൂടെ പതുങ്ങിപ്പതുങ്ങി നടക്കും. അമ്മയെന്നോ പെങ്ങളെന്നോ  ഭേദവിചാരങ്ങളില്ല. എല്ലാവരും ഒരുപോലെ. * പച്ചച്ചേരയുടെ കൂട്ടുകാരനെ  കുറ്റം പറയുന്നതെന്തിന്! * ആരെയും സ്നേഹിക്കുന്നില്ല. ആരോടും വെറുപ്പുമില്ല. കൃത്യമായി കുളിക്കാറുണ്ട്‌. വെടിപ്പുള്ള വസ്ത്രധാരണം. സ്വപ്നങ്ങളിലൂടെ ഇഴഞ്ഞുനടക്കും. ടീവീ കാണും. ഫേസ്ബുക്ക്‌ അക്കൌണ്ട് ഉണ്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കും. കാറും ബൈക്കും ഓടിക്കും. കുഴപ്പമൊന്നുമില്ല. * പച്ചച്ചേരയുടെ കൂട്ടുകാരനെ  എന്തിനു കുറ്റം പറയണം? * പക്ഷെ പെണ്ണുകെട്ടരുതായിരുന്നു. ചേരകളുടെ ലോകത്തില്‍  എങ്കില്‍ ശാന്തനും നിരുപദ്രവിയുമായി ജീവിച്ചുമരിക്കാമായിരുന്നു. പെണ്ണുകെട്ടിയതോടെ   കാര്യങ്ങള്‍ കൈവിട്ടുപോയി. കഷ്ടമായിപ്പോയി. *  പച്ചച്ചേരയുടെ കൂട്ടു...

കറുത്ത റോസാപ്പൂവ്

കറുത്തനിറമുള്ള ഒരു റോസാപ്പൂവ് ഉദ്യാനത്തില്‍ വിടര്‍ന്നു . എന്‍റെ  ഉദ്യാനത്തില്‍ ആദ്യമായി വിരിഞ്ഞ റോസാപ്പൂവ്. ഇതിനുമുന്‍പ് ഞാന്‍ നട്ട റോസാച്ചെടികളൊക്കെ പൂക്കുന്നതിനു മുന്‍പ് കരിഞ്ഞുപോയി. കടുത്ത ചുകപ്പുനിറമുള്ള പൂക്കള്‍ നിറയെ വിരിഞ്ഞുനില്‍ക്കുന്ന ഒരു ചെടിയുടെ കമ്പുമുറിച്ച് ഏറെ കരുതലോടെ നട്ട ചെടിയാണിത്. സമയത്ത് വെള്ളവും വളവും നല്കി പരിപാലിച്ചത് ഞാന്‍ തന്നെ. കീടങ്ങളില്‍ നിന്ന്  ചെടിയെ സൂക്ഷ്മതയോടെ കാത്തു. ഓരോ ഇലയും വിരിയുന്നത്  സ്നേഹത്തോടെ കണ്ടുനിന്നു. ഒടുവില്‍ മൊട്ടുണ്ടായപ്പോള്‍ ഏറെ സന്തോഷിച്ചു. കാത്തിരിപ്പിന്‍റെ  അവസാനം ആ പൂവ് വിരിഞ്ഞു. കറുത്ത റോസാപ്പൂവ്. ശലഭങ്ങള്‍ തിരിഞ്ഞുനോക്കിയില്ല. കരിവണ്ടുകള്‍ മൂളിപ്പറന്നില്ല ചിലര്‍ കൌതുകക്കണ്ണുകളോടെ പൂവിനെ നോക്കി. ചിലര്‍ വെറുതെ ചിരിച്ചു. ജാലകത്തിലൂടെ ഞാന്‍ പൂവിനെ നോക്കിനില്‍ക്കുന്നു. ആര്‍ദ്രതയോടെ തഴുകുന്നു. കറുത്ത റോസാപ്പൂവ്. അതിനെ സ്നേഹിക്കാന്‍  ഞാനൊരു വണ്ടായി മാറുന്നു. ഇനി മനുഷ്യനല്ല! ജാലകത്തിലൂടെ  ഞാന്‍ പുറത്തേക്കു പറക്കുന്നു. കാറ്റില്‍ പൂവ് ആലോലമാടുന്നുണ്ട്. കറുത്ത റോസാപ്പൂവ്............ പടംപൊഴിച്ച മനുഷ്യജന്മം ജാലകക്...

പാതി കരിഞ്ഞവൾ

ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു. മൃദുവായ ഒരു സ്പര്‍ശം. കാട്ടുപൂക്കളുടെ മദഗന്ധം. പാദസരത്തിന്‍റെ സംഗീതം. മിന്നാമിനുങ്ങുകളുടെ നൃത്തം. കാറ്റിലുലയുന്ന ഇരുട്ട്. ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു. എന്തോ സ്പന്ദിച്ചു. ഘടികാരങ്ങളുടെ ചലനം നിലച്ചു. ഇരുട്ട് കൂടുതല്‍ ഗാഡമായി. ഉന്മാദത്തിന്‍റെ സംഗീതം ഉയര്‍ന്നു. മനസ്സ് ഒരു ഇഴജന്തുവായി. ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു. സ്വപ്നങ്ങള്‍ ദീപ്തമായി. അകലെ ബാല്യകാലം. കൌമാരത്തിലെ കൊച്ചുമുറിവുകള്‍. യൌവനത്തിലെ നിലക്കണ്ണാടികള്‍. ഓരോന്നും ഉണര്‍ന്നെണീറ്റു. പൊടുന്നനെ വെളിച്ചം പരന്നു. ഞാന്‍ ചുറ്റും നോക്കി. ഭീതിയും കൌതുകവും ഉന്മാദവും ഇടകലര്‍ന്ന  നോട്ടങ്ങള്‍. വെളിച്ചത്തില്‍ എല്ലാം മാഞ്ഞുപോയിരിക്കുന്നു. ലോകം ഇരുട്ടായി മാറിയിരിക്കുന്നു.

അകലെ

ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു. മൃദുവായ ഒരു സ്പര്‍ശം. കാട്ടുപൂക്കളുടെ മദഗന്ധം. പാദസരത്തിന്‍റെ സംഗീതം. മിന്നാമിനുങ്ങുകളുടെ നൃത്തം. കാറ്റിലുലയുന്ന ഇരുട്ട്. ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു. എന്തോ സ്പന്ദിച്ചു. ഘടികാരങ്ങളുടെ ചലനം നിലച്ചു. ഇരുട്ട് കൂടുതല്‍ ഗാഡമായി. ഉന്മാദത്തിന്‍റെ സംഗീതം ഉയര്‍ന്നു. മനസ്സ് ഒരു ഇഴജന്തുവായി. ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു. സ്വപ്നങ്ങള്‍ ദീപ്തമായി. അകലെ ബാല്യകാലം. കൌമാരത്തിലെ കൊച്ചുമുറിവുകള്‍. യൌവനത്തിലെ നിലക്കണ്ണാടികള്‍. ഓരോന്നും ഉണര്‍ന്നെണീറ്റു. പൊടുന്നനെ വെളിച്ചം പരന്നു. ഞാന്‍ ചുറ്റും നോക്കി. ഭീതിയും കൌതുകവും ഉന്മാദവും ഇടകലര്‍ന്ന  നോട്ടങ്ങള്‍. വെളിച്ചത്തില്‍ എല്ലാം മാഞ്ഞുപോയിരിക്കുന്നു. ലോകം ഇരുട്ടായി മാറിയിരിക്കുന്നു.

പഴയ കുട്ടി

ഒരു ബസ്സിലും കയറാതെ അടുത്തത് അടുത്തത് എന്ന് മാറ്റിവച്ച് ബസ്സ്സ്റ്റോപ്പില്‍ കാത്തുനില്‍ക്കാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരു മഴയും നനയാത്ത ഒരു കുട്ടി. എല്ലാ മഴയും നനയാന്‍ കൊതിച്ച് ചില്ലുജാലകത്തിലൂടെ നോക്കിനിന്ന് കണ്ണാടിച്ചില്ലിലെ നനവില്‍ ചിത്രം വരച്ച കുട്ടി. പാടവരമ്പുകളിലൂടെ, കളിക്കാരൊഴിഞ്ഞ മൈതാനങ്ങളിലൂടെ, പാഴ്പറമ്പുകളിലൂടെ  കരിയിലകളില്‍ ചവിട്ടിയും കോടമഞ്ഞില്‍ പരുങ്ങിയും ആ കുട്ടി നടന്നുപോയി.  ************* ഇപ്പോള്‍ കണ്ണിനു തെളിമയില്ല. കേള്‍വിശക്തി കുറവാണ്. അലഞ്ഞുനടക്കാന്‍ വീട്ടിലെ ചെറിയ ചതുരം മാത്രം. കാത്തിരിപ്പുകള്‍  തുളവീണ പായ്മരങ്ങളായിരിക്കുന്നു. ഒടുവില്‍ ഞാന്‍ നടക്കും. കോടമഞ്ഞിലൂടെ, മഴയിലൂടെ, കരിയിലകളില്‍ ചവിട്ടി, കാറ്റില്‍ സ്വയം പറന്ന്, പാടങ്ങള്‍ക്കിടയിലൂടെ, നിലാവും വെയിലും കുടിച്ച്, ഞാന്‍ നടക്കും. - കുട്ടി പറയുന്നു. ഒരു വെള്ളത്തുണി....  കാറ്റിലൂടെ..... പറന്നു വരുന്നു. പഴയ ആ കുട്ടിക്കായി മാത്രം!

ചാറ്റിംഗ്

മരങ്ങൾക്കിടയിലൂടെ  കടന്നുവരുന്ന  പ്രകാശരശ്മിപോലെ, ഒരു മഞ്ഞുകാല പ്രഭാതത്തിന്‍റെ  അലസസൌന്ദര്യം പോലെ,  നീ വന്നു. ** അകലെ എവിടെയോ ഇരുന്ന് നീ എനിക്കു നേര്‍ക്ക് സൗഹൃദത്തിന്‍റെ  സ്വര്‍ണ്ണവല വീശുന്നു. വിഹ്വലനായ ഞാന്‍  അതില്‍ കുടുങ്ങുന്നു. ** ഉച്ചക്ക് രണ്ടു മണിക്ക് നമ്മള്‍ ചാറ്റിംഗ് തുടങ്ങി. പുലരുവോളം അത് നീണ്ടു. പിന്നെ പുലര്‍ച്ചയ്‌ക്ക് നാം  വീണ്ടും ചാറ്റിംഗ് തുടങ്ങി. അതങ്ങനെ നീളുന്നു. ** ഇതിനിടയില്‍ നമ്മുടെ സ്നേഹം പല വഴികള്‍ താണ്ടി. കാടുകള്‍ പുഴകള്‍ സമുദ്രങ്ങള്‍ പര്‍വ്വതങ്ങള്‍ നഗരങ്ങള്‍ ഗ്രാമങ്ങള്‍...... ** നമ്മള്‍ അച്ഛനും മകളുമായി. സഹോദരനും സഹോദരിയുമായി. കൂട്ടുകാരായി. അധ്യാപകനും വിദ്യാര്‍ഥിയുമായി. പ്രണയികളായി. കമിതാക്കളായി. ** സര്‍പ്പങ്ങളായി. മരങ്ങളായി. പക്ഷികളായി. കാറ്റായി. വെളിച്ചമായി. മഴയായി. പുഴയായി. കൊള്ളിയാനായി. വെയിലായി. തണലായി. ** സ്നേഹത്തിന്‍റെ ഉച്ഛ്വാസവായു  കൂടിക്കലര്‍ന്നു. പ്രണയം കമ്പിതമായി. കമ്പ്യൂട്ടര്‍ സ്ക്രീന്‍  ഒരു നിമിഷം നിശ്ചലമായി. കമ്പ്യൂട്ടറില്‍ നിന്ന് ഒരു ചെറു ശലഭം  ആകാശത്തിലേക്ക് പറന്നുയര്‍ന്നു . കാലദേശങ്ങളെ അത് മറികടന്നു....

മഴമേഘം

ഒരു മഴമേഘം കഴിഞ്ഞ പ്രഭാതത്തില്‍  എന്‍റെ വീട്ടുമുറ്റത്ത് വന്നു. ഞാന്‍ അതിനെയും  അത് എന്നെയും നോക്കിനിന്നു.  വീട്ടില്‍ ആരും ഉണര്‍ന്നിരുന്നില്ല. ഞാനും മഴമേഘവും മാത്രം. കുറെ നേരം ഞങ്ങള്‍ അങ്ങനെ നിന്നു. ഞങ്ങള്‍ മാത്രം. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. നയന്തില്‍ പഠിക്കുന്നു. ഒറ്റ മകള്‍. മഴമേഘത്തിന് നമ്മള്‍ കരുതുംപോലെ  ഇരുണ്ട ചാരനിറമല്ല. സുതാര്യവും സുന്ദരവുമാണത്. ഞാന്‍ ചിരിച്ചപ്പോള്‍ അവനും ചിരിച്ചു. ഭംഗിയുള്ള ചിരി. ഞാന്‍ അവന്‍റെ അടുത്തുചെന്ന് വിറയലോടെ അവനെ തൊട്ടു. ജലാംശം എന്‍റെ വിരലുകളില്‍ ഊറി. അവന്‍ എന്നെയും തൊട്ടു.  ഒരു നിമിഷം മാത്രം. ഞാന്‍ തിരിഞ്ഞോടി. വാതില്‍ തുറന്ന് അമ്മ വന്നു. - എന്താ ഇവിടെ ബഹളം? ഞാന്‍ ഒന്നും മിണ്ടിയില്ല. എന്‍റെ പാദസരങ്ങള്‍ കിലുങ്ങിയപ്പോള്‍ ഞാന്‍ പേടിച്ചു. വലിയ ശബ്ദം പോലെ! അറച്ചറച്ച് ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ അവനില്ല. അവന്‍ നിന്നിടത്തെ മണ്ണ് നനഞ്ഞിരുന്നു. അമ്മ ചോദിച്ചു: - എന്താ അവിടെ മണ്ണ് നനഞ്ഞുകിടക്കുന്നു? മഴയൊന്നും പെയ്തില്ലല്ലോ! നനഞ്ഞ മനസ്സോടെ  ഞാന്‍ അകത്തേക്ക് പോയി. പാദസരങ്ങള്‍ കാരണമില്ലാതെ കിലുങ്ങി. എന്‍റെ മുറിയില്‍ കതകടച്ചിരുന്ന്‍ ഞാന്‍ ക...

പിന്നെയും

പിന്നെയും ചുംബിക്കുമ്പോള്‍ പകലായിരുന്നോ രാത്രിയോ, അതോ സന്ധ്യയോ? ചുണ്ടുകള്‍ അത്ര ആര്‍ദ്രമല്ല. മുഖം മസൃണവുമല്ല. എങ്കിലും പൂങ്കാറ്റ് ഉണ്ടായിരുന്നു. പക്ഷികള്‍ പാടുന്നുണ്ടായിരുന്നു. വാതില്‍പ്പാളി മെല്ലെ ആടിക്കൊണ്ടിരുന്നു. കിടക്കയിലെ ചുളിവുകള്‍ നിവര്‍ന്നു. . പിന്നെയും ചുംബിച്ചപ്പോള്‍ പണ്ടത്തെപ്പോലെ വിരലുകള്‍ വിറച്ചില്ല. മെല്ലെ ആ തലമുടി തഴുകിയെന്നു മാത്രം. പെട്ടെന്ന്‍ മൊബൈല്‍ ഒച്ചവച്ചു; വലിയ ശബ്ദത്തില്‍. അങ്ങനെ ആ ചുംബനം അവസാനിച്ചു. ആരും അറിയാതെ,  ആരോടും ഒന്നും പറയാതെ. പിന്നെയും കുറച്ചുനേരം കൂടി ഒരുകാറ്റ് തിരശ്ശീലയില്‍ വട്ടം ചുറ്റി. ഒരു കുരുവി മുറ്റത്ത് തത്തിക്കളിച്ചു. ക്രമേണ എല്ലാം മാഞ്ഞുപോയി.