ജലഘടികാരം
ജലഘടികാരങ്ങളുടെ വലിയൊരുദ്യാനമായിരുന്നു അത്. അയാള്‍ ആ ഉദ്യാനത്തിന്‍റെ സൂക്ഷിപ്പുകാരനും. പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള ജലഘടികാരങ്ങള്‍. അവ സമയത്തെ അളന്നുകൊണ്ടിരുന്നു. ചാഞ്ഞും ചരിഞ്ഞും പൂത്തും തളിര്‍ത്തും ചിരിച്ചും കരഞ്ഞും ഉദ്യാനത്തില്‍ അവ ജീവിച്ചു. 2 ഇളം മഞ്ഞുള്ള പ്രഭാതങ്ങളില്‍ ജലഘടികാരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അയാള്‍ വെറുതെ ചിന്തിക്കും. വെറും ചിന്തകള്‍. പല വേഗത്തില്‍ സ്പന്ദിക്കുന്ന ജലഘടികാരങ്ങള്‍ ഓര്‍മ്മയെയും മറവിയെയും ഒരുപോലെ സ്പര്‍ശിക്കും. മധ്യാഹ്നസൂര്യന്‍ ജലഘടികാരങ്ങളെ ബാഷ്പീകരിക്കുമ്പോള്‍ തുലനത വീണ്ടെടുക്കുവാന്‍ അയാള്‍ ജലഘടികാരങ്ങള്‍ക്ക് തുണയാവും. ചിലപ്പോള്‍ അവയുടെ താളം മാറുന്നത് അയാള്‍ വിസ്മയത്തോടെ അറിയും. സായാഹ്നങ്ങളില്‍ ജലഘടികാരങ്ങളുടെ നീണ്ട നിഴലുകളില്‍ ചവിട്ടി അയാള്‍ നടക്കും. വിഷാദത്തിന്‍റെ സ്പന്ദനങ്ങള്‍ ഒന്ന് മറ്റൊന്നിനു മുകളില്‍ കലരുന്നതും മരങ്ങള്‍ ഇലപൊഴിക്കുന്നതും കാറ്റ് ചിലപ്പോള്‍ നിശ്ചലമാകുന്നതും ഈ നേരത്താണ്. രാവുകളില്‍ പലനിറമുള്ള വെളിച്ചം ഉദ്യാനത്തെ അലങ്കരിക്കുമ്പോള്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. അയാള്‍ അവരോട് ജലഘടികാരങ്ങളെക്കുറിച്ച് വ...